'ഈ പോക്ക് അപകടത്തിലേക്ക്'; കേരളത്തിൽ യുവാക്കൾക്കിടയിൽ എച്ച്ഐവി കേസുകൾ വർധിക്കുന്നു, ഏറ്റവും കൂടുതൽ എറണാകുളത്ത്

15നും 24നും ഇടയിൽ പ്രായമുള്ളവരിൽ രോഗബാധ വർദ്ധിക്കുന്നതായാണ് സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പഠനം
hiv cases increasing in kerala

'ഈ പോക്ക് അപകടത്തിലേക്ക്'; കേരളത്തിൽ യുവാക്കൾക്കിടയിൽ എച്ച്ഐവി കേസുകൾ വർധിക്കുന്നു, ഏറ്റവും കൂടുതൽ എറണാകുളത്ത്

representative image
Updated on

കൊച്ചി: സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നു. 15നും 24നും ഇടയിൽ പ്രായമുള്ളവരിൽ രോഗബാധ വർദ്ധിക്കുന്നതായാണ് സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പഠനം. ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ മാത്രമുള്ള പുതിയ രോഗബാധിതരിൽ 15.4 ശതമാനം പേർ ഈ പ്രായക്കാരാണ്.

സംസ്ഥാനത്ത്‌ ഏറ്റവുമധികം എച്ച്‌ഐവി ബാധിതരുള്ളത്‌ എറണാകുളം ജില്ലയിലാണെന്ന്‌ കണക്കുകള്‍. നിലവിൽ 850 എച്ച്ഐവി കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷം ഒക്ടബോര്‍ വരെ ജില്ലയില്‍ പുതുതായി എച്ച്‌ഐവി ബാധിക്കപ്പെട്ടതായി കണ്ടെത്തിയത്‌ 160 പേര്‍ക്കാണ്‌. ഓരോ മാസവും ശരാശരി 23 പുതിയ എച്ച്‌ഐവി കേസുകള്‍ ജില്ലയില്‍ രേഖപ്പെടുത്തുന്നുണ്ടെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ശീലങ്ങളും, ലഹരിമരുന്ന്‌ കുത്തിവയ്‌ക്കുന്ന സൂചികള്‍ പങ്കുവയ്‌ക്കുന്നതുമാണ്‌ എറണാകുളത്തെ എച്ച്‌ഐവി കേസുകളുടെ വര്‍ധനയ്‌ക്ക്‌ പിന്നിലെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. എറണാകുളത്ത്‌ പുതുതായി എയ്‌ഡ്‌സ്‌ രോഗം ബാധിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്‌.

എറണാകുളം കഴിഞ്ഞാല്‍ ഏറ്റവുമധികം എച്ച്‌ഐവി ബാധിതരുള്ളത്‌ തിരുവനന്തപുരത്തും തൃശൂരിലുമാണ്‌. ഈ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ വരെ തിരുവനന്തപുരത്ത്‌ 82 ഉം തൃശൂരില്‍ 78 ഉം പുതിയ എച്ച്‌ഐവി കേസുകള്‍ രേഖപ്പെടുത്തി. ഡേറ്റിങ്‌ ആപ്പുകളുടെ വ്യാപനത്തോടെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വർധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

എച്ച്‌ഐവി പോസിറ്റീവായവര്‍ക്ക്‌ ആന്റി വൈറല്‍ മരുന്നുകളിലൂടെയും പോഷണസമ്പുഷ്ടമായ ആഹാരത്തിലൂടെയും ഒന്നിലധികം ലൈംഗിക പങ്കാളികളെ ഒഴിവാക്കിയുള്ള സുരക്ഷിതമായ ലൈംഗികതയിലൂടെയും തങ്ങളുടെ ശരീരത്തിലെ വൈറസിന്റെ ലോഡ്‌ കുറയ്‌ക്കാന്‍ സാധിക്കും. എച്ച്‌ഐവി വൈറസിന്റെ ലോഡ്‌ ക്രമാതീതമായി ഉയരുന്നതോടെ രോഗിക്ക്‌ ഒന്നിലധികം അണുബാധകള്‍ ഉണ്ടാകുകയും പ്രതിരോധശേഷി നല്‍കുന്ന ശ്വേതരക്ത കോശങ്ങള്‍ 200ന്‌ താഴേക്ക്‌ പോകുകയും ചെയ്യും. ഇത്‌ രോഗിയുടെ മരണം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യങ്ങളിലേക്ക്‌ നയിക്കും.

നിലവിൽ എച്ച്.ഐ.വി സാന്ദ്രത രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണ്. ഇന്ത്യയിലെ സാന്ദ്രത 0.20 ആയിരിക്കേ, കേരളത്തിലേത് 0.07 മാത്രമാണ്. അശ്രദ്ധമായ ജീവിതരീതി, സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയാണ് രോഗംപിടിപെടാൻ പ്രധാന കാരണങ്ങൾ.ഇന്ത്യയിൽ 25 ലക്ഷമാണ് എച്ച്.ഐ.വി ബാധിതരുടെ എണ്ണം. കഴിഞ്ഞ വർഷം 63000 പേരെ പുതുതായി കണ്ടെത്തി. 32000പേർ എയ്ഡ്സ് മൂലം മരിച്ചു. കേരളത്തിൽ 23,608 പേരാണ് നിലവിലെ രോഗബാധിതർ.മൂന്ന് വർഷത്തിനിടെ 4477 പേർക്ക് സംസ്ഥാനത്ത് എച്ച്.ഐ.വി സ്ഥിരീകരിച്ചു. 3393 പുരുഷന്മാരും 1065 സ്ത്രീകളും 19 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. ചികിത്സയ്‌ക്കെത്തുമ്പോഴാണ് ഗർഭിണികളിൽ രോഗം കണ്ടെത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com