
ജിബി സദാശിവൻ
കൊച്ചി: വിനോദ സഞ്ചാര സീസൺ ആരംഭിച്ചിട്ടും വിദേശ വിനോദസഞ്ചാരികളുടെ മുൻകൂർ ബുക്കിംഗ് ഇല്ലാത്തത് ഹോം സ്റ്റേ ഉടമകളെ പ്രതിസന്ധിയിലാക്കുന്നു. വിദേശ വിനോദ സഞ്ചാരികളാണ് കൂടുതലായും ഹോം സ്റ്റേകൾ തെരഞ്ഞെടുക്കുന്നത്. ശാന്തമായ അന്തരീക്ഷവും വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളുടെ സ്വാദും ഏറെ ഇഷ്ടപ്പെടുന്നവരാണ് വിദേശ വിനോദ സഞ്ചാരികൾ.
ഇക്കഴിഞ്ഞ നവരാത്രി അവധിക്കാലത്ത് തദ്ദേശ വിനോദ സഞ്ചാരികളുടെ ബുക്കിംഗ് സാമാന്യം നന്നായി ലഭിച്ചെങ്കിലും സീസൺ ബുക്കിംഗ് ലഭിക്കാത്തതിൽ ഇവർ കടുത്ത നിരാശയിലാണ്. വിദേശ സഞ്ചാരികളുടെ വരവ് കുറയുമോയെന്ന ആശങ്കയിലാണ് ഒട്ടുമിക്ക ഹോം സ്റ്റേ ഉടമകളും. കഴിഞ്ഞ വർഷം മികച്ച ബുക്കിംഗാണ് ഹോം സ്റ്റേകൾക്ക് ലഭിച്ചത്. 2022 ലെ ടൂറിസം സീസണിൽ ഹോം സ്റ്റേകളിലെ 30 ശതമാനം മുറികളും ബുക്ക് ചെയ്തിരുന്നത് വിദേശ വിനോദ സഞ്ചാരികളായിരുന്നു. ബാക്കി എഴുപത് ശതമാനം തദ്ദേശ വിനോദ സഞ്ചാരികളും. എന്നാൽ ഇത്തവണ ആകെ ബുക്കിംഗ് അൻപത് ശതമാനത്തിൽ താഴെയാണ്.
തദ്ദേശ വിനോദസഞ്ചാരം കേരളത്തിൽ സജീവമായെങ്കിലും ഹോം സ്റ്റേ ഉടമകൾക്ക് ലാഭം വിദേശികൾ എത്തുന്നതാണ്. തദ്ദേശീയർക്ക് മുറി കൊടുക്കാൻ പൊതുവെ ഹോം സ്റ്റേ ഉടമകൾ താത്പര്യം കാണിക്കുന്നുമില്ല. വിദേശ വിനോദ സഞ്ചാരികൾ പൊതുവെ ശാന്തരാണ്. വിലപേശലും നടത്തില്ല. എന്നാൽ തദ്ദേശ വിനോദ സഞ്ചാരികൾ വലിയ തോതിൽ വിലപേശുമെന്ന് മാത്രമല്ല മദ്യപാനവും സംഘം ചേർന്നുള്ള ബഹളവും പാട്ടുകളുമൊക്കെയായി ആഘോഷമൂടിലാകും. വീട്ടിലെ അതെ സാഹചര്യത്തിൽ കഴിയുക എന്നതാണ് ഹോം സ്റ്റേകൾക്ക് പിന്നിലെ ആശയം. വിദേശ ടൂറിസ്റ്റുകൾ പുസ്തകം വായിച്ചോ ഭക്ഷണം കഴിച്ചോ വിനോദങ്ങളിൽ ഏർപ്പെട്ടോ സമയം ചെലവഴിക്കുമ്പോൾ തദ്ദേശ ടൂറിസ്റ്റുകൾ ഇതിൽ നിന്ന് വ്യത്യസ്തരാണ്. ഒട്ടുമിക്കയിടങ്ങളിലും ഹോം സ്റ്റേ ഉടമയും കുടുംബവും താമസിക്കുന്നത് അതെ കോംബൗണ്ടിലോ അതെ കെട്ടിടത്തിലോ ആകും.
വിദേശ വിനോദ സഞ്ചാരികൾ ദീർഘനാളത്തേക്ക് മുറികൾ ബുക്ക് ചെയ്യും. സാമാന്യം ഭേദപ്പെട്ട തുക നൽകുകയും ചെയ്യും. എന്നാൽ മുറിവാടക കൂടുതലാണെങ്കിൽ തദ്ദേശ വിനോദ സഞ്ചാരികൾ മുറി എടുക്കാൻ മടിക്കും. അടുത്തിടെ നടന്ന ഒരു സർവേയിൽ പങ്കെടുത്തവരിൽ 91 ശതമാനവും ഹോട്ടൽ മുറികളാണ് ബുക്ക് ചെയ്യാൻ താത്പര്യപ്പെട്ടത്. വെറും ഏഴ് ശതമാനം പേർ മാത്രമാണ് ഹോം സ്റ്റേ, വില്ല, ബംഗ്ളാവ് എന്നിവിടങ്ങളിൽ താത്പര്യം പ്രകടിപ്പിച്ചത്. ഈ വർഷം ആദ്യ ആറു മാസത്തിൽ തന്നെ ഒരു കോടി തദ്ദേശ സന്ദർശകർ കേരളത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 20.1 ശതമാനം വർധനവാണിത്.
ഡിസംബർ, ജനുവരി മാസങ്ങളിൽ സന്ദർശകരുടെ എണ്ണം വർധിക്കുമെന്നാണ് ഹോം സ്റ്റേ ഉടമകളുടെ പ്രതീക്ഷ.