ഹൃദ്യത്തിലൂടെ 7,272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ

ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ളതാണ് ആരോഗ്യ വകുപ്പിന്‍റെ ഹൃദ്യം പദ്ധതി
ഹൃദ്യത്തിലൂടെ 7,272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ
Updated on

തിരുവനന്തപുരം: ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്‍റെ ഹൃദ്യം പദ്ധതിയിലൂടെ ഹൃദയ ശസ്ത്രക്രിയ നടത്തിയത് 7,272 കുഞ്ഞുങ്ങള്‍ക്ക്. ഹൃദ്രോഗ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹൃദ്യം പദ്ധതിയിലൂടെ ചികിത്സയ്ക്കായി ആകെ 21,060 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 13,352 പേര്‍ ഒരു വയസിന് താഴെയുള്ളവരാണ്. ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ ശസ്ത്രക്രിയ ആവശ്യമായ 7,272 കുട്ടികള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 4,526 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.

കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആശുപത്രികളില്‍ ഹൃദ്യം പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാനും തുടര്‍ നടപടികള്‍ ഏകീകരിക്കുന്നതിനുമായി ഹൃദ്യം വെബ് സൈറ്റ് വിപുലീകരിച്ചു. അടിയന്തര സ്വഭാവമുള്ള കേസുകളില്‍ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കും. ഇതിനായി വെന്‍റിലേറ്റര്‍/ ഐസിയു ആംബുലന്‍സ് സേവനവും നല്‍കി വരുന്നു.

ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങളില്‍ സമയബന്ധിതമായി ഹൃദയ ശസ്ത്രക്രിയ നടത്തിയാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താം. നവജാത ശിശുക്കള്‍ മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ സേവനം ലഭ്യമാക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കി വരുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലെത്തിയും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിങ് നടത്തുന്നു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എക്കോ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും. ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പ്രസവം മുതലുള്ള തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്യും.

സര്‍ക്കാര്‍ ആശുപത്രികളിലോ, എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രിയിലോ ശസ്ത്രക്രിയ നടത്താം. 9 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളെജ്, എറണാകുളം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ കൂടുതല്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കി വരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com