

കൃഷി ചെയ്യുന്നതിന് മുൻപേ മനുഷ്യർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു, 25,000 വർഷങ്ങൾക്ക് മുൻപ് ആളുകൾ പൂസായത് ഇങ്ങനെ
ലഹരി ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. ഇതിനെ ചെറുക്കാനായി വലിയ രീതിയിലുള്ള പ്രവർത്തനങ്ങളാണ് സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. എന്നാൽ മനുഷ്യന്‍റെ ലഹരി ഉപയോഗത്തിന് 25,000 വർഷത്തിനു മേൽ പഴക്കമുണ്ട് എന്നാണ് പുതിയ കണ്ടെത്തൽ. മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങുന്നതിനും പതിനായിരം വർഷം മുൻപേ ലഹരി ഉപയോഗിച്ചിരുന്നതിനാണ് തെളിവുകൾ ലഭിച്ചത്.
ഗ്രിഫിത്ത് യൂണിവേഴ്സിറ്റി ഗവേഷകരും ഇന്തോനേഷ്യൻ ആർക്കിയോളജിസ്റ്റുകളും ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഇന്തോനേഷ്യൻ ദ്വീപായ സുലാവേസിയിലെ പൂർവിക മനുഷ്യരാണ് ലഹരിക്കായി അടയ്ക്ക ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. സയൻസ് അഡ്വാൻസിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് മനുഷ്യരിലെ മയക്കുമരുന്ന് ഉപയോഗത്തിലെ ഏറ്റവും പഴക്കമേറിയ തെളിവാണ് ഇത്.
വേട്ടയാടി ഭക്ഷണം കണ്ടെത്തിയിരുന്ന കാലത്തെ രണ്ട് മനുഷ്യരുടെ അവശിഷ്ടങ്ങളിലാണ് പഠനം നടത്തിയത്. ഒരാൾ 25,000 വർഷത്തിനും 16,000 വർഷത്തിനും ഇടയിൽ ജീവിച്ചിരുന്നയാളാണ്. മറ്റൊരാൾ 7600 വർഷത്തിനും 6300 വർഷത്തിനും ഇടയിൽ ജീവിച്ചിരുന്നതാണ്. രണ്ടുപേരുടെയും പല്ലുകളിൽ അസാധാരണമായ ആഴത്തിലുള്ളതും വൃത്താകൃതിയിലുള്ളതുമായ ചാലുകളുണ്ടായിരുന്നു, മുഴുവനോടെയുള്ള അടയ്ക്ക വായിലിട്ട് ചവച്ചതിൽ നിന്നാണ് ഇത് രൂപപ്പെട്ടത് എന്നാണ് ഗവേഷകർ കണ്ടെത്തിയത്. പല്ലുകളിൽ നടത്തിയ രാസ പരിശോധനയിൽ അടയ്ക്കയിൽ കാണുന്ന അരെക്കോലിൻ കണ്ടെത്തി. ലഹരി പകരുന്നത് ഈ സംയുക്തമാണ്. തുടർ പരീക്ഷണത്തിൽ അടയ്ക്ക വായിലിട്ട് ചപ്പുന്നതിലൂടെ അതിൽ നിന്ന് തലച്ചോറിനെ ബാധിക്കാൻ ആവശ്യമായ അരെക്കോലിൻ പുറത്തുവിടുന്നതായി തെളിഞ്ഞു. തലച്ചോറിന്‍റെ പ്രവർത്തനത്തെ ബാധിക്കാൻ ആവശ്യമായ തരത്തിലുള്ള ലഹരി ഇത്തരത്തിൽ ലഭിച്ചിരുന്നു എന്നാണ് പഠനത്തിൽ പറയുന്നത്.