ഗോവയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ഏഴ് മാസത്തിനിടെ എത്തിയത് 61.38 ലക്ഷം പേർ

ഗോവയിൽ വരാനിരിക്കുന്ന ശീതകാല സീസണിൽ രാജ്യാന്തര ചാർട്ടർ സർവീസുകളുടെ ബുക്കിങ്ങിലും വർധനയുണ്ടായതായി സംസ്ഥാന ടൂറിസം വകുപ്പ് അറിയിച്ചു
Influx of tourists to Goa; 6.138 million visitors arrived in seven months.

ഗോവയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ഏഴ് മാസത്തിനിടെ എത്തിയത് 61.38 ലക്ഷം പേർ

Updated on

പനാജി: 2026 ജനുവരി മുതൽ ജൂലൈ വരെയുള്ള ഏഴ് മാസത്തിനിടെ ഗോവയിലെത്തിയത് 61.38 ലക്ഷം സഞ്ചാരികൾ. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സ്ഥിരമായ വളർച്ച രേഖപ്പെടുത്തിയ ഗോവയിൽ വരാനിരിക്കുന്ന ശീതകാല സീസണിൽ രാജ്യാന്തര ചാർട്ടർ സർവീസുകളുടെ ബുക്കിങ്ങിലും വർധനയുണ്ടായതായി സംസ്ഥാന ടൂറിസം വകുപ്പ് അറിയിച്ചു.

മൺസൂൺ കാലത്തെ പരമ്പരാഗത ഓഫ് സീസണിലും വിനോദസഞ്ചാര മേഖല മികച്ച മുന്നേറ്റം തുടരുന്നത് യാത്രക്കാരുടെ താൽപര്യങ്ങളിൽ വന്ന മാറ്റത്തിന്‍റെ സൂചനയാണെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി. കടൽത്തീര വിനോദസഞ്ചാരത്തിന് പുറമെ ഗോവയുടെ സംസ്കാരം, പൈതൃകം, ഭക്ഷണം, പ്രകൃതി, പ്രാദേശിക സമൂഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ തേടുന്നവരുടെ എണ്ണം വർധിക്കുന്നതായും വകുപ്പ് ചൂണ്ടിക്കാട്ടി.

2026 ജനുവരി മുതൽ ജൂലൈ വരെ 61.38 ലക്ഷം സഞ്ചാരികളാണ് ഗോവയിൽ എത്തിയത്. ആഗോളതലത്തിലെ യാത്രാ-സാമ്പത്തിക രംഗത്തെ വെല്ലുവിളികൾക്കിടയിലും വിനോദ, അനുഭവാധിഷ്ഠിത ടൂറിസം കേന്ദ്രമെന്ന നിലയിൽ ഗോവയുടെ ആകർഷണം തുടരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ടൂറിസം വകുപ്പ് പറഞ്ഞു.

“ആദ്യ ഏഴ് മാസങ്ങളിലെ സഞ്ചാരികളുടെ എണ്ണത്തിലെ വളർച്ച ആഗോള യാത്രാ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ഗോവയോടുള്ള താൽപര്യം തുടരുന്നതിന്‍റെ തെളിവാണ്. പരമ്പരാഗത ബീച്ച് ഹോളിഡേകൾക്കപ്പുറം ഗോവയുടെ സംസ്കാരം, ഭക്ഷണം, പൈതൃകം, പ്രകൃതി, പ്രാദേശിക സമൂഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ തേടാൻ യാത്രക്കാർ തുടങ്ങിയിട്ടുണ്ട്”- ടൂറിസം മന്ത്രി റോഹൻ ഖൗണ്ടെ പറഞ്ഞു.

നവംബർ മുതൽ ടിയുഐയുടെ ചാർട്ടർ സർവീസുകൾ ആരംഭിക്കുമെന്ന് ലെ പാസേജ് ടു ഇന്ത്യ (ടിയുഐ ഗ്രൂപ്പ്) അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് നഹുഷ് ബാർഗി പറഞ്ഞു. യുകെയിൽ നിന്ന് ആഴ്ചയിൽ നാല് വിമാനങ്ങളായിരിക്കും സർവീസ് നടത്തുക. ഇതിൽ രണ്ട് എണ്ണം മാഞ്ചസ്റ്ററിൽ നിന്നും മറ്റുള്ളവ ഗാറ്റ്‌വിക്കിൽ നിന്നുമായിരിക്കും.

logo
Metro Vaartha
www.metrovaartha.com