
തിരുവനന്തപുരത്ത് കവടിയാറിൽ യോഗ പരിശീലക തരുൺ മേരി ജേക്കബും മക്കളായ എയ്ഡെൻ, സയാൻ, ലാന എന്നിവരും യോഗ പരിശീലനം നടത്തുന്നു.
KB Jayachandran | Metro Vaartha
അമരാവതി: അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ശനിയാഴ്ച യോഗ പരിശീലനം. കശ്മീർ മുതൽ കന്യാകുമാരി വരെ എട്ടു ലക്ഷം കേന്ദ്രങ്ങളിലായി കോടിക്കണക്കിനാളുകൾ യോഗ പരിശീലനത്തിൽ പങ്കുചേരും. യുഎൻ ആസ്ഥാനത്തും വിവിധ ലോകരാജ്യങ്ങളിലും പരിശീലനമുണ്ടാകും. ഒരു ലോകത്തിനും ആരോഗ്യത്തിനും യോഗ എന്നതാണ് ഈ വർഷത്തെ വിഷയം. പതിനൊന്നാം അന്താരാഷ്‌ട്ര യോഗ ദിനമാണ് ആചരിക്കുന്നത്.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നടക്കുന്ന യോഗ പരിശീലനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും. ആർ.കെ. ബീച്ചിൽ നിന്നു ഭോഗപുരം വരെ നീളുന്ന 26 കിലോമീറ്റർ ഇടനാഴിയിൽ മൂന്നു ലക്ഷത്തിലേറെ പേരാണു പ്രധാനമന്ത്രിക്കൊപ്പം പരിശീലനത്തിൽ പങ്കെടുക്കുന്നത്. രാവിലെ ആറരയ്ക്ക് തുടങ്ങുന്ന പരിപാടി എട്ടരയ്ക്ക് അവസാനിക്കുമെന്നു മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ഈ പരിപാടിയിലൂടെ ഗിന്നസ് ലോക റെക്കോഡാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം. 108 മിനിറ്റിനുള്ളിൽ 25000 ഗോത്ര വിദ്യാർഥികൾ സൂര്യനമസ്കാരം നടത്തും. ഇതും റെക്കോഡാണെന്നു നായിഡു.
കേരളത്തിന്‍റെ ലക്ഷ്യം സമ്പൂർണ യോഗ സംസ്ഥാനം
തിരുവനന്തപുരം: ഘട്ടം ഘട്ടമായി സമ്പൂര്‍ണ യോഗ സംസ്ഥാനം എന്ന പദവിയിലേക്ക് മുന്നേറുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഔപചാരികമായ യോഗ പഠനത്തിന് എല്ലാവിധ സൗകര്യങ്ങളും അക്കാദമിക തലത്തില്‍ തന്നെ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. യോഗയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതോടൊപ്പം പൊതുജനാരോഗ്യം മുന്‍ നിര്‍ത്തി യോഗ വിപുലീകരിക്കാന്‍ സംസ്ഥാന ആയുഷ് വകുപ്പും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ആയുഷ് വകുപ്പിന്‍റെ കീഴില്‍ കേരളത്തിലുടനീളം 780ല്‍പ്പരം യോഗ ക്രേന്ദ്രങ്ങള്‍ ഇന്ന് നിലവിലുണ്ട്. കൂടാതെ 10,000ലധികം ആയുഷ് യോഗ ക്ലബ്ബുകളും സ്ഥാപിച്ചിട്ടുണ്ട്. 700 ആയുഷ് ഹെല്‍ത്ത് ആൻഡ് വെല്‍നെസ് കേന്ദ്രങ്ങള്‍, യോഗ വെല്‍നെസ് കേന്ദ്രങ്ങള്‍, പ്രത്യേക ആയുഷ് ജീവിതശൈലീ രോഗ ക്ലിനിക്കുകള്‍, ആയുഷ് ഗ്രാമങ്ങള്‍, യോഗ ക്ലബ്ബുകള്‍ തുടങ്ങിയവയിലൂടെ കേരളത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് യോഗ പരിശീലനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ തലത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിനും അതിന്‍റെ വ്യാപനം പിടിച്ചുനിര്‍ത്തുന്നതിനും യോഗ ഏറ്റവും നല്ല ഉപാധിയാണ്. കഴിഞ്ഞ യോഗ ദിനം മുതല്‍ സംസ്ഥാനത്തെമ്പാടും ആരംഭിച്ച 10,000ലധികം ആയുഷ് യോഗ ക്ലബ്ബുകളിലൂടെ ലക്ഷക്കണക്കിന് പേര്‍ യോഗ പരിശീലനം നടത്തി. ഓരോ യോഗ ക്ലബ്ബിലും 50ഓളം പേരാണ് യോഗ പരിശീലനം നേടിയത്. ഇതിലൂടെ അവരുടെ ആരോഗ്യത്തില്‍ പ്രകടമായ മാറ്റമുണ്ടാക്കാന്‍ സാധിച്ചു.
"ഏക ലോകം, ഏകാരോഗ്യം യോഗയിലൂടെ' എന്നതാണ് ഈ വര്‍ഷത്തെ യോഗാ ദിനാചരണത്തിന്‍റെ പ്രമേയം. ആയുഷ് ദിനാചരണത്തിന്‍റെ ഭാഗമായി ആയുഷ് യോഗ ക്ലബ്ബുകള്‍ വഴിയും സര്‍ക്കാരിന്‍റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയും പ്രത്യേക യോഗ സെഷനുകള്‍ സംഘടിപ്പിക്കും. സര്‍ക്കാരിനു കീഴിലുള്ള 700 ആയുഷ് ഹെല്‍ത്ത് ആൻഡ് വെല്‍നൈസ് കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേക പരിപാടികള്‍ നടപ്പിലാക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ 700 കേന്ദ്രങ്ങളിലും യോഗ ഹാള്‍ നിലവില്‍ വന്നിട്ടുണ്ട്.
സ്വാസ്ഥ്യ പദ്ധതി പ്രകാരം ഗര്‍ഭിണികള്‍, സ്‌കൂള്‍ കുട്ടികള്‍, കൗമാരക്കാര്‍, വയോജനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താന്‍ പ്രത്യേകമുള്ള യോഗ പരിശീലനം ആയുഷ് ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്‍ററുകളില്‍ നിന്ന് ലഭ്യമാക്കുന്നു. വര്‍ക്കലയിലെ യോഗ നാച്ചുറോപ്പതി ആശുപത്രി വികസിപ്പിച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു. കേരളത്തിലെ ഹെല്‍ത്ത് ടൂറിസം മെച്ചപ്പെടുത്താനും ഇത്തരം സംവിധാനങ്ങള്‍ സഹായിക്കും.