പുതുവർഷത്തിൽ എങ്ങനെ നിക്ഷേപം വളർത്താം

ഓഹരികളില്‍ 6 ശതമാനം, കടപ്പത്രങ്ങളില്‍ 25 ശതമാനം, സ്വര്‍ണത്തില്‍ 10 ശതമാനം, പണം 5 ശതമാനം എന്ന ക്രമത്തില്‍ നിക്ഷേപം നില നിർത്താം
Investment options, proportions in New Year 2025
പുതുവർഷത്തിൽ എങ്ങനെ നിക്ഷേപം വളർത്താംFreepik
Updated on

വിനോദ് നായര്‍

2025ലെ ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രകടനത്തെക്കുറിച്ച് ശുഭ പ്രതീക്ഷയാണുള്ളത്. ലോക സമ്പദ് വ്യവസ്ഥയുടെ ശക്തി 2025ല്‍ 3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന നിരീക്ഷണത്തിന്‍റെ പിന്‍ബലത്തിലാണ് ഈ പ്രതീക്ഷ. ജി 20 രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളും 2005ല്‍ 2.6 ശതമാനം വളര്‍ച്ച നേടുമെന്നാണ് കണക്കാക്കുന്നത്. 2024ലേതു പോലെയുള്ള ഈ വളര്‍ച്ചാ ഘട്ടത്തില്‍ ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ മാന്ദ്യ ഭീതിയോ ഘടനാപരമായ ദൗര്‍ബല്യമോ ഉണ്ടാവാനിടയില്ല. 2022-2024 കാലഘട്ടത്തിലുണ്ടായ കൂടിയ തോതിലുള്ള വിലക്കയറ്റം കുറഞ്ഞുവന്നത് ഈ കാഴ്ചപ്പാട് സാധൂകരിക്കുന്നു.

ഇതിനു പുറമേ, പലിശ നിരക്കില്‍ ഉണ്ടാകാവുന്ന കുറവ് ഭാവി ഫലങ്ങള്‍ ഗുണകരമാക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി മിഡിൽ ഈസ്റ്റിലും കിഴക്കന്‍ യൂറോപ്പിലും അനുഭവപ്പെട്ട പ്രശ്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമാധാനപൂര്‍ണമായിരിക്കും 2025 എന്നാണ് കണക്കാക്കുന്നത്. ധന കമ്മി കുറയ്ക്കാന്‍ സഹായിക്കും എന്നതിനാല്‍ ലോഹ, ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവ് ഇന്ത്യയെ സംബന്ധിച്ച് ഗുണകരമായിരിക്കും.

പൊതുവേ ഈ സാഹചര്യം ഓഹരികള്‍ക്ക് അനുകൂലമാണ്. എന്നാല്‍ യുഎസ്, ഇന്ത്യ, തായ്‌വാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ കൂടിയ വാല്യുവേഷനും ഇന്ത്യാ, ചൈന മേഖലകളിലെ സാമ്പത്തിക വേഗക്കുറവും ജാഗ്രത ആവശ്യപ്പെടുന്നു. പലിശ നിരക്ക് കുറയ്ക്കുന്നതു കാരണം യുഎസ് ഡോളറിന്‍റെ മൂല്യം ഉല്‍ക്കണ്ഠയുയര്‍ത്തുന്നുണ്ട്. ഇത് ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ തുടരും. പണമൊഴുക്ക് കുറയാനും വികസ്വര വിപണികളില്‍ വളര്‍ച്ചാ വേഗക്കുറവു സൃഷ്ടിക്കാനും ഇതിടയാക്കും. ഭാവിയില്‍ വാല്യുവേഷന്‍ കുറയാനും ഇതു വഴി തെളിച്ചേക്കും.

താരിഫുകളുടെ കാര്യത്തില്‍ ട്രംപോണമിക്സിന്‍റെ ഇടപെടല്‍ വികസ്വര രാജ്യങ്ങളില്‍ കൂടുതല്‍ അസ്ഥിരത സൃഷ്ടിക്കാനിടയുണ്ടെന്ന സാധ്യതയാണ് മറ്റൊരു ആശങ്ക. ആഭ്യന്തര ഉത്പന്നങ്ങളില്‍ താരിഫ് ബാധകമാവുകയില്ലെങ്കില്‍ മത്സര ആനുകൂല്യം ലഭിക്കുമെന്നതിനാല്‍ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുണ്ട്. എന്നാല്‍ ഭാവിയില്‍ ഇന്ത്യയും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. യുഎസിന്‍റെ വ്യാപാര ഇളവ് ലക്ഷ്യമാക്കി ഉത്പന്നങ്ങളും മേഖലകളും തിരിച്ച് ട്രംപ് ചര്‍ച്ചയ്ക്കൊരുങ്ങുന്നത് നമ്മെയും ബാധിക്കും. എന്നാല്‍ ഇപ്പോള്‍ അവ്യക്തമാണ് ഈ ആശങ്കകള്‍. 2-3 പാദങ്ങളിലേ ഇവ രൂപപ്പെട്ടു വരികയുള്ളു എങ്കിലും അനിശ്ചിതത്വത്തിന്‍റെ വിത്തു പാകിയേക്കും.

താരിഫ് സംബന്ധിച്ച നയങ്ങളിലും വാല്യുവേഷന്‍, പലിശ കുറയ്ക്കല്‍ എന്നിവയിലും ഒഴികെ ആഗോള തലത്തില്‍ കാര്യമായ സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലെന്നിരിക്കേ, ഇപ്പോഴത്തെ സാഹചര്യം ഓഹരി നിക്ഷേപത്തില്‍ സന്തുലിത നിലാപാട് കൈക്കുള്ളുന്നതിന് അനുകൂലമാണ്. ട്രംപിന്‍റെ സാമ്പത്തിക നയങ്ങളും കൂടിയ വാല്യുവേഷനും ചേര്‍ന്നു സൃഷ്ടിക്കുന്ന അനിശ്ചിതത്വം ഹ്രസ്വ കാലയളവില്‍ ഓഹരികളെ ബാധിച്ചേക്കാം. പ്രത്യേകിച്ച്, വികസ്വര വിപണികളില്‍. പലിശ കുറയ്ക്കല്‍ വാല്യുവേഷനെ ബാധിക്കുമെങ്കിലും മാന്ദ്യ സൂചനകള്‍ ഇല്ല. പ്രത്യേകം തെരഞ്ഞെടുത്ത ഓഹരികളും മേഖലകളും , സ്വര്‍ണ്ണത്തിലും വെള്ളിയിലും കടപ്പത്രങ്ങളിലുമുള്ള നിക്ഷേപത്തോടൊപ്പം നില നിര്‍ത്തുന്ന സന്തുലിതമായ പോര്‍ട്ഫോളിയോ ആസ്തികള്‍ക്ക് ഭദ്രത നല്‍കും.

ഓഹരികളില്‍ 6 ശതമാനം, കടപ്പത്രങ്ങളില്‍ 25 ശതമാനം, സ്വര്‍ണത്തില്‍ 10 ശതമാനം, 5 ശതമാനം പണം എന്ന ക്രമത്തില്‍ നിക്ഷേപം നില നിര്‍ത്തുന്നത് പുതിയ അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ സഹായിക്കും. ഓഹരികളുടെ കാര്യത്തില്‍, വന്‍കിട ഓഹരികള്‍ക്കായിരിക്കണം ഊന്നല്‍. ഇടത്തരം ഓഹരികളുടെ വാല്യുവേഷന്‍ വന്‍കിട ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനം എന്ന റിക്കാര്‍ഡുയരത്തിലാണ്. കെമിക്കല്‍, പ്രതിരോധ, പുനര്‍ നവീകരിക്കാവുന്നവ തുടങ്ങിയ മേഖലകള്‍ ഗുണകരമെങ്കിലും മിക്കവാറും കൂടിയ വാല്യുവേഷനിലാണ് ട്രേഡിങ് നടക്കുന്നത്. ഇടക്കാലം മുതല്‍ ദീര്‍ഘകാലം വരെ ഈ വാല്യുവേഷന്‍ നില നില്‍ക്കാമെങ്കിലും അവ നല്ല നിരക്കില്‍ ഉയരുമെന്നതിനാല്‍ വില കുറഞ്ഞു നില്‍ക്കുമ്പോള്‍ വാങ്ങുന്നതാണ് ഉചിതം.

വന്‍കിട സ്വകാര്യ ബാങ്കുകള്‍, അടിസ്ഥാന സൗകര്യ വികസന മേഖല എന്നിവയില്‍ കൂടുതല്‍ അവസരങ്ങളുണ്ട്. അവയുടെ ആസ്തി നിലവാരം ഭദ്രവും ദീര്‍ഘകാല ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാല്യുവേഷന്‍ നീതീകരിക്കാവുന്നതുമാണ്. എന്നാല്‍ എഫ്എംസിജി മേഖലയുടെ കാര്യം വ്യത്യസ്തമാണ്. കഴിഞ്ഞ 2 വര്‍ഷമായി മോശം പ്രകടനം നടത്തുന്ന ഈ മേഖല 2025ല്‍ അനുകൂല കാലാവസ്ഥയും വിപണി സാഹചര്യങ്ങളും പ്രതീക്ഷിക്കുന്നു. ചൈന പ്ലസ് വണ്‍ തന്ത്രവും ബംഗ്ലാദേശിലെ കുഴപ്പങ്ങളും, പരുത്തി വിലക്കുറവും കാരണം ടെക്സ്റ്റൈല്‍ മേഖലയും പ്രതീക്ഷാ നിര്‍ഭരമാണ്. ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കമ്പനികള്‍ കഴിഞ്ഞ 2-3 വര്‍ഷമായി അവയുടെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിച്ചുകൊണ്ടിരിക്കയാണ്. ഭാവിയില്‍ ഇതിന്‍റെ ഫലം ദൃശ്യമാകും.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിൽ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com