

ഒരു കറുത്ത മുട്ട കഴിച്ചാൽ ആയുസിലെ ഏഴ് വർഷം കൂടും, മിത്തോ സത്യമോ?
ഒരു മുട്ട കഴിച്ചാൽ ആയുസിൽ ഏഴ് വർഷം കൂടും. കേൾക്കുമ്പോൾ തമാശയായി തോന്നാം. എന്നാൽ അങ്ങനെയൊരു മുട്ടയുണ്ട്. അങ്ങ് ജപ്പാനിൽ മാത്രം ലഭിക്കുന്ന കറുത്ത മുട്ട. തോട് പൂർണമായി കറുത്ത നിറത്തിൽ അകം സാധാരണ പോലെ വെള്ളയും മഞ്ഞയും. രുചിയിൽ മാത്രം ചെറിയൊരു വ്യത്യാസം. ഈ മുട്ട കഴിക്കാനായി മാത്രം ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും ഇവിടേക്ക് എത്തുന്നത്. എന്നാൽ ആയുസ് കൂട്ടാനുള്ള മന്ത്രവിദ്യ ഈ മുട്ടയിലുണ്ടോ? എന്താണ് ഇതിനു പിന്നിലെ രഹസ്യം?
ജപ്പാനിലെ അഗ്നിപർവതമായ മൗണ്ട് ഹക്കോനെയ്ക്ക് സമീപത്ത് സ്ഥിതിചെയ്യുന്ന അഗ്നിപർവത താഴ്വരയായ ഒവാകുഡാനിയിലാണ് കറുത്ത മുട്ടയുടെ ജന്മ സ്ഥലം. ഒവാകുഡാനി എന്നാൽ വലിയ തിളയ്ക്കുന്ന താഴ്വര (Great Boiling Valley) എന്നാണ്. പേര് പോലെ തന്നെ നിലത്തുനിന്ന് ആവി വരുന്ന സൾഫറിന്‍റെ മണമുള്ള ഒരു നാട്. പ്രകൃതിദത്തമായി ഈ നാടിനുള്ള പ്രത്യേകതകളാണ് ഇവിടത്തെ മുട്ടകളേയും സ്പെഷ്യലാക്കിയത്.
കാഴ്ചയുള്ള വ്യത്യസ്തത തന്നെയാണ് ബ്ലാക്ക് എഗ്ഗിന്‍റെ പ്രത്യേകത. എന്നാൽ പാകം ചെയ്യുന്നതിനു മുൻപ് ഇത് സാധാരണ കോഴി മുട്ട തന്നെയാണ്. പ്രദേശത്ത് കെട്ടിനിൽക്കുന്ന പ്രകൃതിദത്തമായ ചൂട് നീരുറവകളിലാണ് മുട്ട പാകം ചെയ്യുന്നത്. സൾഫറും അയേണും കൊണ്ട് സമ്പന്നമാണ് ഈ ജലം. മുട്ടത്തോട് ഈ വെള്ളത്തിൽ ചൂടാക്കുമ്പോൾ രാസമാറ്റം സംഭവിച്ച് ഓയേൺ സൾഫേറ്റാകും ഇതാണ് മുട്ടത്തൊണ്ടിന് കറുത്ത നിറം നൽകുന്നത്. ഒവാകുഡാനിയ്ക്ക് മാത്രം ഇത്തരം നീരുറവകൾ സമ്പന്നമായതിനാൽ കറുത്ത മുട്ട ഇവിടെ മാത്രം ഉണ്ടാക്കാനാവൂ.
ഇങ്ങനെ പാകം ചെയ്യുന്ന മുട്ടകളുടെ ഉൾവശം സാധാരണ പോലെ വെള്ളയും മഞ്ഞയുമാണ്. എന്നാൽ മുട്ടയ്ക്ക് ചെറിയൊരു സൾഫർ രുചിയുണ്ടാകും. ഒവാകുഡാനിയിൽ ചെന്നാൽ കറുത്ത മുട്ടകൾ വിൽക്കുന്ന നിരവധി കടകൾ കാണാനാകും. നിറവ്യത്യാസം ഉണ്ടെങ്കിലും ഈ മുട്ടകൾ കഴിക്കാൻ സുരക്ഷിതമാണ്. ഇതിൽ ഹാനികരമായ കെമിക്കലുകൾ അടങ്ങിയിട്ടില്ല. എന്നാൽ സൾഫർ അടങ്ങിയ ഭക്ഷണം അധികം കഴിക്കുന്നത് ചിലർക്ക് വയറിന് ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ട്. മുട്ട ഒരുപാട് കഴിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകാറുണ്ട്.
കറുത്ത മുട്ട കഴിക്കുന്നത് ആയുസിന്‍റെ ഏഴ് വർഷം കൂട്ടം എന്നത് ഒരു പഴമൊഴി മാത്രമാണ്. അഗ്നിപർവത മേഖലകളിലെ ചൂട് നീരുറവകൾക്ക് രോഗങ്ങൾ മാറ്റാനുള്ള കഴിവുണ്ടെന്നാണ് ജാപ്പനീസ് വിശ്വാസം. ഇതിന്‍റെ ഭാഗമായാണ് കറുത്ത മുട്ടകൾ കഴിച്ചാൽ ആയുസ് കൂടുമെന്ന പഴമൊഴി രൂപപ്പെട്ടത്. പ്രദേശവാസികൾ പോലും ഇതിൽ വിശ്വസിക്കുന്നില്ല എന്നതാണ് സത്യം. എന്നാൽ ഈ മുട്ട ലക്ഷങ്ങളെയാണ് ഒവാകുഡാനിയിലേക്ക് ആകർഷിക്കുന്നത്.