

'ആർത്തവ രക്തം മുഖത്ത് തേച്ചാൽ സൗന്ദര്യം കൂടും!'; വൈറലായി മെൻസ്ട്രൽ മാസ്കിങ്
എങ്ങനെ സൗന്ദര്യം വർധിപ്പിക്കാം? മനുഷ്യർ ഉത്തരം തേടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന ചോദ്യം. കാലാകാലങ്ങളായി സൗന്ദര്യ സംരക്ഷണത്തിനായി മനുഷ്യർ പല വഴികളും പരീക്ഷിച്ചിട്ടുണ്ട്. മഞ്ഞളും രക്തചന്ദനവും മുതൽ അരിപ്പൊടിയും തൈരും വരെ അത് എത്തിനിൽക്കുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അൽപം വിചിത്രമായ ഒരു സൗന്ദര്യ സംരക്ഷണ മാർഗമാണ്. സൗന്ദര്യം വർധിപ്പിക്കാൻ ആർത്തവ രക്തം ഉപയോഗിക്കുന്നവരുടെ വിഡിയോ ആണ് വൈറലാവുന്നത്.
ഒരു സ്ത്രീ അവരുടെ ആർത്തവ രക്തം മുഖത്ത് മാസ്കായി ഉപയോഗിക്കുന്നത് ചർമകാന്തി വർധിപ്പിക്കുമെന്നാണ് അവകാശവാദം. മെൻസ്ട്രവൽ മാസ്കിങ്’ എന്ന് പേര് നൽകിയിരിക്കുന്ന ഈ ബ്യൂട്ടി ട്രെൻഡ് നിരവധി പേരാണ് ഇതിനോടകം പരീക്ഷിച്ചത്. ആർത്തവ രക്തം ചർമ്മത്തിന്‍റെ തിളക്കം കൂട്ടുമെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്.
ആർത്തവ രക്തത്തിൽ സ്റ്റെം കോശങ്ങൾ, സൈറ്റോകൈൻസ്, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. ചർമത്തിന്റെ തിളക്കം വർധിപ്പിക്കാൻ ഇവ സഹായിക്കുമെന്നാണ് വാദം. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയിട്ടില്ല. എത്രത്തോളം രക്തം എത്രസമയം മുഖത്തിടണമെന്നതു സംബന്ധിച്ച് കൂടുതൽ വിശദീകരണമെന്നും ഓൺലൈനിൽ പ്രചരിക്കുന്ന വിഡിയോകളിൽ ഉൾപ്പെടുത്തിയിട്ടില്ല.
മെൻസ്ട്രവൽ മാസ്കിങ് വലിയ ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. നിരവധി പേരാണ് ഇതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മെൻസ്ട്രുവൽ മാസ്ങ്ങിന്റെ കാര്യത്തിൽ ആരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അണുവിമുക്തവും സംസ്കരിച്ചതുമായ ധാരാളം പ്ലേറ്റ്‌ലറ്റുകളുള്ള പ്ലാസ്മ ഉപയോഗിച്ച് ചെയ്യുന്ന വാംപയർ ഫേഷ്യൽ പോലെയല്ല മെൻസ്ട്രുവൽ മാസ്‌കിങ്. ആർത്തവരക്തം അണുവിമുക്തമല്ല. ഇതിൽ ബാക്ടീരിയയ്ക്കും ഫംഗസിനും പുറമേ ലൈംഗികമായി പകരുന്ന അണുബാധകൾ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. മുഖത്ത് ചെറിയ മുറിവോ മുഖക്കുരു പോലെയുള്ള പ്രശ്നങ്ങളോ ഉണ്ടെങ്കിൽ മെൻസ്ട്രുവൽ മാസ്തിങ് അണുബാധയ്ക്കും ചർമ പ്രശ്നങ്ങൾക്കും കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.