ബാല്യകാല സ്മരണകൾ പുതുക്കി കെയ്റ്റ് കോവളത്ത്

ഓർമകളുടെ കോവളം യാത്ര, യുകെയിൽ നിന്ന് അര നൂറ്റാണ്ടിന്‍റെ ഇടവേളയ്ക്കു ശേഷം...
കെയ്റ്റ് ചെറുപ്പത്തിൽ കോവളം കടൽത്തീരത്ത് സഹോദരിക്കൊപ്പം.
കെയ്റ്റ് ചെറുപ്പത്തിൽ കോവളം കടൽത്തീരത്ത് സഹോദരിക്കൊപ്പം.ഫയൽ ചിത്രം
Updated on

വിഴിഞ്ഞം: മൂന്നുവയസിലെ നിറമുള്ള ഓർമകൾ പുതുക്കി 61ാം വയസിൽ ഇംഗ്ലണ്ടുകാരി കെയ്റ്റ് വീണ്ടും കോവളത്ത്. 58 വർഷം മുമ്പ് കോവളത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു കെയ്റ്റ് എത്തിയതെങ്കിൽ ഇന്ന് ഭർത്താവ് 63 കാരനായ ഇയാനൊപ്പമാണ് വന്നിരിക്കുന്നത്.

അഞ്ച് പതിറ്റാണ്ടിന് മുമ്പ് സഹോദരിമാരായ സാലി, റെയ്ച്ചൽ എന്നിവരോടൊപ്പം കോവളത്തെ മണൽത്തരികളിൽ ഓടിക്കളിച്ചതും അന്ന് വിശാലമായ തീരമായിരുന്നു കോവളമെന്നും ഇവർ അയവിറക്കുന്നു.

കെയ്റ്റും ഭർത്താവ് ഇയാനും കോവളത്ത്.
കെയ്റ്റും ഭർത്താവ് ഇയാനും കോവളത്ത്.

അച്ഛൻ ഐവർ ഡേവിസ് അന്നത്തെ പഴയ ബ്ലാക്ക് ആന്‍റ് വൈറ്റ് ക്യാമറയിൽ പകർത്തി അമ്മ സൂസൻ ആൽബത്തിലാക്കി സൂക്ഷിച്ചിരുന്ന തങ്ങളുടെ കോവളം സന്ദർശനത്തിന്‍റെ ചിത്രങ്ങൾ ഇപ്പോഴും കെയ്റ്റ് നിധിപോലെ സൂക്ഷിക്കുന്നു. ഇംഗ്ലണ്ടിൽ നിന്ന് കപ്പലിലും തുടർന്ന് കൽക്കരി തീവണ്ടിയിലുമായി തിരുവനന്തപുരത്ത് എത്തിയതിന്‍റെയും സ്മരണ പങ്കുവയ്ക്കുന്ന ഇവർ പിതാവ് കണ്ണമ്മൂലയിൽ തിയോളജി അധ്യാപകനായി ജോലി ചെയ്തിരുന്നുവെന്നും പറയുന്നു.

അന്ന് അവധി ദിവസങ്ങളിൽ കോവളത്ത് എത്തുമായിരുന്നു. ഇന്ന് കാണുന്ന കെട്ടിടങ്ങൾക്ക് പകരം ഓലമേഞ്ഞ കുടിലുകളും സമീപത്ത് വളളങ്ങളെയും തുഴക്കാരെയും കണ്ടിരുന്നു. ഏറെക്കാലം തലസ്ഥാനത്തിന്‍റെ ദത്തുപുത്രിയായി കഴിഞ്ഞതിനാൽ ഇവിടുത്തുകാരുടെ സ്നേഹവും സംസ്കാരവും എന്നും മനസിൽ സൂക്ഷിക്കുന്നു.

ചിത്രകാരിയായ കെയ്റ്റ് കോവളത്ത് എത്തിയ ശേഷം പ്രദേശത്തെ എല്ലാം ചിത്രങ്ങളാക്കി ക്യാൻവാസിലേക്ക് പകർത്തുകയാണ്. കോവളത്തെ ലൈറ്റ്ഹൗസ് ബീച്ച് റോഡിലെ ഹോം സ്റ്റേയിൽ കഴിയുന്ന ഇവർ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ ചിത്രം പൂർത്തിയാക്കുന്ന തിരക്കിലാണിപ്പോൾ. ഹോംസ്റ്റേയിലെത്തിയ ഇവർ മലയാളവും നഴ്സറി ഗാനവും പഠിച്ചു. കേരളത്തിലെ ചോറും മീൻ കറിയും ഇഷ്ട വിഭവങ്ങളാണ്. നാട്ടിൽ ഇല്ലസ്ട്രേറ്ററായി ജോലി നോക്കുന്ന കെയ്റ്റ് കോവളവും രാജ്യാന്തര തുറമുഖകാഴ്ചകളും ക്യാൻവസിലാക്കി താമസിയാതെ മടങ്ങും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com