
നാസിക്: മഹരാഷ്‌ട്രയിലെ നാസിക്കിൽ ദേശീയ യുവോത്സവത്തിനു തിരശീല വീണു. കേരളം മൂന്നാം സ്ഥാനം നേടി. ജനുവരി 12 മുതൽ 16 വരെ നടന്ന യുവോത്സവത്തിൽ കേരളത്തിൽ നിന്ന് 66-അംഗ സംഘമാണ് പങ്കെടുത്തത്.
28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്രഭരണ പ്രദേങ്ങളിൽ നിന്നുമായി 8000 ത്തോളം പ്രതിഭകളാണ് എട്ടിനങ്ങളിലായി മത്സരിച്ചത്. ഫോക്ക് സോങ് ഗ്രൂപ്പ് ഒന്നാം സ്ഥാനവും, ഫോക് ഡാൻസ് ഗ്രൂപ്പ് ഇനത്തിൽ രണ്ടാം സ്ഥാനവും, കഥാരചനയിൽ മൂന്നാം സ്ഥാനവും കേരളത്തിന്‍റെ പ്രതിഭകൾ സ്വന്തമാക്കി.
25 പോയിന്‍റുമായി മഹാരാഷ്‌ട്ര ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ, ഹരിയാന 24 പോയിന്‍റോടെ രണ്ടാം സ്ഥാനത്തെത്തി. 21 പോയിന്‍റാണ് കേരളത്തിന്.
നാസിക്കിലെ ഹനുമാൻ നഗർ യുവഗ്രാമത്തിൽ നടന്ന സമാപന ചടങ്ങിൽ മഹാരാഷ്‌ട്ര കായിക യുവജനകാര്യ മന്ത്രി സഞ്ജയ് ബൻസോദ് ട്രോഫികൾ വിതരണം ചെയ്തു.
സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗങ്ങളായ ശരീഫ് പാലോളി, സന്തോഷ് കാല, പി.എം. ഷബീറലി, എസ്. ദീപു, മെംബർ സെക്രട്ടറി വി.ഡി. പ്രസന്നകുമാർ, പ്രോഗ്രാം ഓഫിസർ വി.എസ്. ബിന്ദു, പ്രോഗ്രാം മാനെജർമാരായ സതീഷ്കുമാർ, ദീപു, രഞ്ജിത് എസ്. വേണു എന്നിവരാണ് കേരള സംഘത്തെ നയിച്ചത്.