അഡ്വഞ്ചർ ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി കേരളം

ഒരു ഡസനോളം പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി പദ്ധതികള്‍ ആരംഭിക്കാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്
Kerala adventure tourism
അഡ്വഞ്ചർ ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി കേരളം

തിരുവനന്തപുരം: സാഹസിക- ക്യാംപിങ് വിനോദസഞ്ചാരത്തിനായി കേരളത്തിലേക്കെത്തുന്നവര്‍ ഏറെയാണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഒരു ഡസനോളം പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി പദ്ധതികള്‍ ആരംഭിക്കാനൊരുങ്ങുകയാണ് ടൂറിസം വകുപ്പ്.‌

സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ പരമാവധി കേരളത്തിലേക്കെത്തിച്ച് ആഗോള സാഹസിക ടൂറിസം മേഖലയില്‍ കയ്യൊപ്പ് പതിപ്പിക്കാന്‍ നാല് അന്താരാഷ്‌ട്ര പരിപാടികളാണ് കേരള ടൂറിസം നടപ്പാക്കുന്നത്. പാരാഗ്ലൈഡിങ്, സര്‍ഫിങ്, മൗണ്ടന്‍ സൈക്ലിങ്, വൈറ്റ് വാട്ടര്‍ കയാക്കിങ് എന്നിവയിലാണ് കേരളത്തിലെ ചില വിനോദ സഞ്ചാര സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്താരാഷ്‌ട്ര മത്സരങ്ങള്‍ നടക്കുന്നത്.

സാഹസിക വിനോദസഞ്ചാരം ഇപ്പോള്‍ വളരെയധികം ശ്രദ്ധയാകര്‍ഷിക്കുന്നതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആഗോള സാഹസിക വിനോദസഞ്ചാര കേന്ദ്രമായി ഉയരുന്നതിന് കേരളത്തിന് മികച്ച സാധ്യതകളുണ്ട്. വാട്ടര്‍ സ്പോര്‍ട്സ് അഡ്വഞ്ചര്‍ ടൂറിസം പ്രമോട്ടര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരുമായി സഹകരിച്ച് മേഖലയെ ശക്തിപ്പെടുത്തുന്നതിന് ടൂറിസം വകുപ്പിന് വലിയ പദ്ധതികളുണ്ട്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതായും ആവേശവും സാഹസികതയും ഇഷ്ടപ്പെടുന്നവരുടെ പ്രിയങ്കര സ്ഥലമായി കേരളത്തെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടുക്കി, വയനാട്, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കാസർഗോഡ്, മലപ്പുറം, എറണാകുളം എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും സാഹസിക വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വാട്ടര്‍ സ്പോര്‍ട്സ്, ട്രെക്കിങ്, പാരാഗ്ലൈഡിങ് എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കൂടിയാണിത്. 23.5 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ഈ വിഭാഗവുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയ്ക്ക് വരുമാനമായി ലഭിച്ചത്. പ്രദേശവാസികള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചതിന് പുറമേ 3000ത്തിലധികം സ്ഥിരജോലികള്‍ സൃഷ്ടിക്കാനും സാധിച്ചു.

ക്യാംപിങ്- സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തന്നെ സുരക്ഷാ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഏകദേശം 200 ആളുകള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 60 പേര്‍ ടൂറിസം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com