ഉറക്കം വരുമ്പോൾ ഡ്രൈവിങ് അരുത്: പൊലീസ്

വാഹനയാത്രയ്ക്കിടെ ഉറക്കം വരുന്നുവെന്ന് തോന്നിയാൽ‍ ഡ്രൈവിങ് നിർത്തി വിശ്രമിക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്
ഉറക്കം വരുമ്പോൾ ഡ്രൈവിങ് അരുത്: പൊലീസ് | Kerala Police caution against sleepy driving
ഉറക്കം വരുമ്പോൾ ഡ്രൈവിങ് അരുത്: പൊലീസ്
Updated on

തിരുവനന്തപുരം: വാഹനയാത്രയ്ക്കിടെ ഉറക്കം വരുന്നുവെന്ന് തോന്നിയാൽ‍ ഡ്രൈവിങ് നിർത്തി വിശ്രമിക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഉറക്കത്തിന്‍റെ ആലസ്യമുണ്ടായാൽ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണമെന്നും പൊലീസ് നിർദേശിക്കുന്നു.സംസ്ഥാനത്തെ റോഡുകളിൽ അപകട മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേതെന്നും അതുകൊണ്ടു തന്നെ കൂടുതൽ‍ വിശ്രമവും ആവശ്യമാണെന്നുമാണ് കേരള പൊലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നത്. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണമെന്നും കുറിപ്പിലൂടെ പൊലീസ് പറയുന്നു.പലപ്പോഴും അറിയാതെയാണ് ഡ്രൈവർ ഉറക്കത്തിലേയ്ക്ക് വീണു പോകുന്നത്.

ഉറക്കം വരുന്നുവെന്ന് തോന്നിയാൽ‍ തീര്‍ച്ചയായും ഡ്രൈവിങ് നിർത്തിവെയ്ക്കണം. ഏകദേശം 15 ശതമാനം അപകടങ്ങളേ രാത്രി നടക്കുന്നുള്ളൂ എങ്കിലും മരിക്കുന്നതിന്‍റെ അറുപതു ശതമാനവും രാത്രി അപകടങ്ങളിലാണ്. രാത്രിനടക്കുന്ന അപകടങ്ങളുടെ തീവ്രത കൂടുതലാണ് എന്നതാണ് കാരണം. ഇത്തരം അപകടങ്ങളിൽ വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല. ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്.

എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട്. ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസും ശരീരവും ആ പ്രവൃത്തിയിലേയ്ക്ക് സ്വാഭാവികമായിത്തന്നെ വഴുതിവീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രി ഡ്രൈവിങ് വീലിനു പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക, താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവനു ഭീഷണിയാകുന്ന പ്രവൃത്തിയാണ് അതെന്ന്. രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാമെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com