
പി.ബി. ബിച്ചു
തിരുവനന്തപുരം: ഗോത്രകലയെ നെഞ്ചോടു ചേർത്തൊരു പഞ്ചാബി സുന്ദരി. കുടുംബ പ്രാരാംബ്ദങ്ങൾ ഉള്ളിലൊതുക്കി അവൾ പണിയനൃത്തം ചവിട്ടുമ്പോൾ മനസിൽ കലയും ഒപ്പം ഒരുപടി സ്വപ്നങ്ങളും.
ഗോതമ്പ് വിളയുന്ന നാട്ടിൽ, അങ്ങ് ദൂരെ, ലുധിയാനയിൽ നിന്ന് ആറംഗ കുടുംബം കേരളത്തിലേക്ക് തീവണ്ടി കയറുമ്പോൾ പട്ടിണിയുടെ ഇരുളിൽ നിന്നും എങ്ങനെ പുറംലോകം കാണുമെന്ന കാര്യത്തിൽ അച്ഛൻ സോനുവിന് യാതൊരു നിശ്ചയവുമുണ്ടായിരുന്നില്ല. കേരളത്തിൽ ട്രെയ്നിറങ്ങിയ അവർ കോഴിക്കോട് ഒരു താമസ സ്ഥലം കണ്ടെത്തി, ഒരു സ്വകാര്യ കമ്പനിയിൽ അച്ഛൻ ജോലിക്ക് പ്രവേശിച്ചപ്പോഴാണ് ജീവതത്തിലെ നിറങ്ങൾ ആദ്യമായി കണ്ടുതുടങ്ങിയതെന്ന് പറയുമ്പോൾ സഞ്ജനയുടെ മിഴികൾ സജലങ്ങളായി.
വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത് കലാരൂപമായ പണിയ നൃത്തം ചരിത്രത്തിലാദ്യമായി കലോത്സവ ഇനമായെത്തുന്നത് ഇത്തവണയാണ്. നൃത്തത്തിലെ അഭിരുചി മനസിലാക്കിയ അധ്യാപിക അരുണിമ സഞ്ജനയ്ക്കായി ചമയപ്പെട്ടി തുറന്ന് നൽകി. കുന്നിക്കുരു കോർത്ത് കമ്മൽ ചാർത്തി, കാശ് മാല കഴുത്തിലണിഞ്ഞ് ഒറ്റ ചേലയിലെത്തിയ ഈ പഞ്ചാബി സുന്ദരി പരമ്പരാഗത കലാരൂപത്തെ കലോത്സവ വേദിയിൽ വേറിട്ടതാക്കി.
രാജസ്ഥാനിന്‍റെ പരമ്പരാഗത നൃത്തമായ ഘൂമറിന്‍റെ കടുത്ത ആരാധികയായിരുന്ന അവൾ ചുവടുകൾ മനപ്പാഠമാക്കുന്നതും വളരെപ്പെട്ടന്നാണെന്ന് പരിശീലകർ പറയുന്നു. തെറ്റിക്കുന്നവരോട്, സഞ്ജനയെ നോക്കി കളിക്കെന്നാണ് അവർ പറയാറ്.
സബ് ജില്ലാ കലോത്സവത്തിന് വെറും നാല് നാൾമാത്രം ബാക്കി നിൽക്കെയാണ് ഗോത്രകലകളിൽ നിന്നും പണിയനൃത്തം ഉൾപ്പെടുത്തിയ വിവരം ലഭിച്ചത്. ഈ നാലുദിവസം കൊണ്ടാണ് കലാരൂപം കുട്ടികളെ പഠിപ്പിച്ചതെന്നും അധ്യാപിക അരുണിമ പറഞ്ഞു. ഏഴ് വർഷമായി സഞജനയും കുടുംബവും പഞ്ചാബ് വിട്ട് കേരളത്തിലാണ് താമസിക്കുന്നത്. അതിനാൽ തന്നെ മലയാളത്തിൽ നന്നായി സംസാരിക്കാനും പാട്ടുപാടാനും വരെ അവൾക്കറിയാം.
കോഴിക്കോട് ബി.ഇ.എം സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥിനിയായ അവൾക്ക് കലയും ഒപ്പം ബിസിനസും മുന്നോട്ട് കൊണ്ടുപോകണമെന്നതാണ് ആഗ്രഹം. പഠിച്ചിറങ്ങി നല്ലൊരു ജോലി കരസ്ഥമാക്കി ആദ്യം കുടുംബത്തെ നന്നായി നോക്കണം. പിന്നീട് കച്ചവട രംഗത്തും ഒരു കൈ പരീക്ഷിച്ച് വിജയം തേടിപ്പിടിക്കണമെന്നും അവൾ പറയുന്നു.
വിദ്യാർഥികളായ മൂന്ന് ജ്യേഷ്‌ഠന്മാരുടെ കുഞ്ഞനുജത്തിയാണ് സഞ്ജന. ആദ്യവട്ടം തന്നെ സംസ്ഥാന തലംവരെ എത്തുകയും എ ഗ്രേഡ് നേടുകയും ചെയ്‌തതിന്‍റെ സന്തോഷത്തിലാണിപ്പോൾ സഞ്ജനയും കൂട്ടുകാരും കുട്ടിക്കാലത്തേ കണ്ടും കേട്ടും ശീലിച്ച നൃത്തം കലോത്സവ വേദിയിൽ അവതരിപ്പിക്കുമ്പോൾ കൈയടിച്ചും പോരായ്മകൾ പറഞ്ഞ് തിരുത്തിക്കാനും 12 അംഗ ടീമിലെ പ്രധാനിയായ പണിയ സമുദായത്തിൽ നിന്നുള്ള ദേവനന്ദയും, മാതാപിതാക്കളും ഇന്നലെ പണിയനൃത്തം അരങ്ങേറിയ നിശാഗന്ധിയിലെത്തിയിരുന്നു.