സോഷ്യൽ മീഡിയ പ്രചരണങ്ങൾ ആഭ്യന്തര ടൂറിസത്തിന് തിരിച്ചടി

സാധാരണ ഏപ്രിൽ, മേയ് മാസങ്ങളിൽ കേരളത്തിലേക്ക് എത്തുന്നത് കൂടുതലും ആഭ്യന്തര ടൂറിസ്റ്റുകളാണ്
Kerala tourism suffers from social media
സോഷ്യൽ മീഡിയ പ്രചരണങ്ങൾ ആഭ്യന്തര ടൂറിസത്തിന് തിരിച്ചടി

മട്ടാഞ്ചേരി: സോഷ്യൽ മീഡിയ വഴി കേരളത്തിലെ പ്രകൃതി ദുരന്തങ്ങളെ സംബന്ധിച്ചുള്ള അമിത പ്രചരണങ്ങൾ സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്നു. സാധാരണ ഏപ്രിൽ, മേയ് മാസങ്ങളിൽ കേരളത്തിലേക്ക് എത്തുന്നത് കൂടുതലും ആഭ്യന്തര ടൂറിസ്റ്റുകളാണ്. സ്കൂൾ അവധിയും ഉത്തരേന്ത്യയിലെ കടുത്ത ചൂടുമൊക്കെ ആഭ്യന്തര ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.

മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലും ടൂറിസ്റ്റുകൾ കേരളത്തിലേക്ക് എത്തുന്നത്. ഏപ്രിൽ മാസത്തിന്‍റെ തുടക്കം ആഭ്യന്തര വിനോദ സഞ്ചാരികൾ സംസ്ഥാനത്തേക്ക് വന്നു തുടങ്ങിയെങ്കിലും ഏപ്രിൽ പകുതിയോടെ പെയ്ത ശക്തമായ വേനൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും ഉരുൾ പൊട്ടലുമെല്ലാം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ വലിയ തോതിൽ ഇടിവ് സംഭവിക്കുകയായിരുന്നു.

തുടർന്നുണ്ടായ ദിവസങ്ങളിൽ പ്രഖ്യാപിച്ച കാലാവസ്ഥ മുന്നറിയിപ്പുകളും ടൂറിസത്തെ വലിയ രീതിയിൽ ബാധിച്ചു.കാലാവസ്ഥ മുന്നറിയിപ്പുകൾ രാജ്യത്തെ എവിടെ ഇരുന്നും കാണാവുന്ന സാഹചര്യമായതിനാൽ ബുക്കിങുകൾ റദ്ദ് ചെയ്യുന്ന സാഹചര്യമാണെന്ന് ടൂറിസം മേഖലയിലുള്ളവർ പറയുന്നു.

നിലവിൽ സ്കൂളുകൾ തുറക്കുകയും കൂടി ചെയ്തതോടെ ആഭ്യന്തര വിനോദ സഞ്ചാരികൾ ഇല്ലാത്ത അവസ്ഥയാണ്.

തീർഥാടന, പഠനാവശ്യം, ചികിത്സ എന്നിവക്കായി വരുന്നവർ മാത്രമാണ് ഇപ്പോഴുള്ളതെന്ന് ഹോംസ്റ്റേ മേഖലയിൽ ഉള്ളവർ വ്യക്തമാക്കി. വിദേശ വിനോദ സഞ്ചാരികളുടെ കാര്യത്തിലും ചികിത്സ, ഗവേഷണം തുടങ്ങിയവക്കായുള്ള ചുരുക്കമാളുകൾ മാത്രമാണുള്ളത്. അടിക്കടിയുള്ള കാലാവസ്ഥ മുന്നറിയിപ്പുകളും കേരളത്തിലെ പ്രകൃതി ക്ഷോഭങ്ങളെ സംബന്ധിച്ച അമിതമായ സോഷ്യൽ മീഡിയ പ്രചരണവും ടൂറിസത്തിന് വലിയ തിരിച്ചടിയാണെന്ന് ഹോംസ്റ്റേ സംരംഭകനായ സാദിക്ക് സാജ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.