
കൊച്ചി: കേരളത്തിലെ സ്കേറ്റ്ബോർഡിങ് രംഗത്ത് തംരഗം സൃഷ്ടിക്കാൻ സംസ്ഥാനത്തെ ആദ്യ ഡെഡിക്കേറ്റഡ് സ്കേറ്റ്‌ബൗളായ ലൂപ്പ് സ്കേറ്റ്പാർക്കിന് തുടക്കം കുറിക്കുന്നു. സ്കേറ്റ് ചെയ്യുന്നവർക്കു മാത്രമല്ല, സ്കേറ്റ്ബോർഡിംഗ്, ഡാൻസ് ബാറ്റിൽസ്, റാപ്പ് ബാറ്റിൽസ് തുടങ്ങിയവയുടെയും സർഗാത്മകതയ്ക്കും ആവിഷ്‌കാരത്തിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണിത്. നിരവധി കലാ സമൂഹങ്ങൾക്കുള്ള കേന്ദ്രമായും ലൂപ്പ് അതിവേഗം മാറുന്നു എന്നാണ് അണിയറ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.
ലൂപ്പ് സ്കേറ്റ്പാർക്ക് അതിന്‍റെ ആദ്യത്തെ വീൽസ് ആൻഡ് ഡീൽസ് ഇവന്‍റ് ഒക്ടോബർ 12, 13 തീയതികളിൽ സംഘടിപ്പിക്കുകയാണ്. രണ്ട് ദിവസത്തെ ഇവന്‍റ് സ്കേറ്റ്പാർക്കിന്‍റെ ഹൃദയഭാഗത്ത് ഒരു ഫ്ലീ മാർക്കറ്റ്, ഡാൻസ് ബാറ്റിലുകൾ, ഫാഷൻ ഷോ തുടങ്ങിയവ ഉൾപ്പെടുന്നതാണ്. എന്നാൽ, ഇതൊരു സാധാരണ ഫാഷൻ ഷോയുമല്ല.
ലൂപ്പ് സ്കേറ്റ്പാർക്ക് അതിന്‍റെ സ്കേറ്റ്ബൗളിനുള്ളിലാണ് ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്. കേരളത്തിൽ തന്നെ ഇത്തരത്തിലൊന്ന് ഇതാദ്യം.
സ്കേറ്റ്ബൗൾ ഫാഷൻ ഷോ ഒക്ടോബർ 12ന് വൈകിട്ട് 7:30 മുതൽ 8:30 വരെ ലൂപ്പ് സ്കേറ്റ്പാർക്കിൽ (കുരിശുപള്ളി റോഡ്, പയനിയർ ഓഫ്സെറ്റ് പ്രിന്‍റ്സിനു സമീപം, അറ്റ്ലാന്‍റിസ്, രവിപുരം, എറണാകുളം).
വളർന്നുവരുന്ന ഡിസൈനർമാർക്ക് കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയാണ് ഇവിടെ ഒരുക്കുന്നതെന്ന് സംഘാടകർ. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ബ്രാൻഡുകൾ പ്രൊമോട്ട് ചെയ്യാനും വിശാലമായ ശ്രദ്ധ ആകർഷിക്കാനും അവസരം നൽകുമെന്നും വാഗ്ദാനം.