

കിന്നൗർ കൈലാസം
അഞ്ച് കൈലാസങ്ങളിലൊന്നായ ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ കൈലാസത്തിലേക്കുള്ള യാത്ര ജൂലൈ 30 മുതല്‍ പുനരാരംഭിക്കും. ആദ്യം ജൂലൈ ഒന്നു മുതല്‍ 30 വരെ നടത്താനിരുന്ന യാത്ര മണ്ണിടിച്ചില്‍, പാറകള്‍ ഇടിഞ്ഞുവീഴാനുള്ള സാധ്യത തുടങ്ങിയ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. തുടര്‍ന്ന് അധികൃതര്‍ വീണ്ടും പാത പരിശോധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷമാണ് യാത്ര പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ യാത്ര തുടരുമെന്നും, പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ ഷെഡ്യൂളില്‍ മാറ്റം വരുത്തുകയോ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 10 വരെയാണ് ഇത്തവണത്തെ യാത്ര നിശ്ചയിച്ചിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാനും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും പ്രതിദിനം 375 പേര്‍ക്കു മാത്രമാണ് യാത്രയ്ക്ക് അനുമതി നല്‍കുക. ഇതില്‍ 175 പേര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയും, 125 പേര്‍ക്ക് ഓഫ്‌ലൈൻ രജിസ്‌ട്രേഷനിലൂടെയും, ശേഷിക്കുന്ന 75 പേര്‍ക്ക് അഡ്വഞ്ചര്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കിന്നൗര്‍ മുഖേനയും അവസരം ലഭിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 28ന് രാവിലെ 10ന് ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് നാല് വരെയുള്ള ദിവസങ്ങളിലേക്കുള്ള ബുക്കിങ്ങാണ് അനുവദിക്കുക. ഓഫ്‌ലൈൻ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുക്കുന്നവര്‍ ജൂലൈ 30ന് രാവിലെ ആറിന് ടാംഗ്ലിങ് ഗ്രാമത്തിലെ രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ ഹാജരാകണം.
യാത്രയില്‍ പങ്കെടുക്കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്വന്തം പ്രദേശത്തെ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ ഓഫീസറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുകയോ, ടാംഗ്ലിങ് ഗ്രാമത്തിലെ മെഡിക്കല്‍ ക്യാമ്പില്‍ ആരോഗ്യപരിശോധനയ്ക്ക് വിധേയരാകുകയോ ചെയ്യാം. രജിസ്‌ട്രേഷനും മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കാത്തവരെ യാത്രയ്ക്ക് അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
യാത്രയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസ്, ആരോഗ്യവകുപ്പ്, ഹോംഗാര്‍ഡ്, വനംവകുപ്പ്, ദുരന്തനിവാരണ വിഭാഗം തുടങ്ങിയ വിവിധ വകുപ്പുകളുടെ ജീവനക്കാരെ പാതയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും. മെഡിക്കല്‍ ക്യാമ്പുകള്‍, കുടിവെള്ള സൗകര്യം, ഗതാഗത നിയന്ത്രണം, അടിയന്തര രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ കൂട്ടമായാണ് യാത്ര ചെയ്യേണ്ടത്. രാത്രികാല ട്രെക്കിങ് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ച പാത മാത്രമേ ഉപയോഗിക്കാവൂ എന്നും മുന്നറിയിപ്പുണ്ട്. കൂടാതെ പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിക്കാതെയും പരിസ്ഥിതിയെ സംരക്ഷിച്ചും യാത്ര നടത്തണമെന്നും അധികൃതർ നിര്‍ദേശിച്ചിട്ടുണ്ട്.