ആരോഗ്യം വീണ്ടെടുക്കാന്‍ ചെറുധാന്യങ്ങളിലേക്കു മടങ്ങാം

എന്ത് ഭക്ഷണം എങ്ങനെ കൃത്യമായ അളവില്‍ കഴിക്കണം എന്ന് മലയാളി എന്നേ മറന്ന് പോയിരിക്കുന്നു
ആരോഗ്യം വീണ്ടെടുക്കാന്‍ ചെറുധാന്യങ്ങളിലേക്കു മടങ്ങാം

ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം വളരെയധികം വര്‍ധിച്ചു വരുന്ന കാലമാണിത്. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം, അമിതഭാരം, കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം, അൽഷിമേഴ്‌സ്, പിസിഓഡി, സിഓപിഡി, കരൾ രോഗങ്ങൾ, വിഷാദരോഗം തുടങ്ങിയവയെല്ലാം കൃത്യമായി ആരോഗ്യം സംരക്ഷിക്കാത്തതുമൂലം വഷളാകുന്ന അസുഖങ്ങളാണ്. തല കീഴായി മറിഞ്ഞ കേരളത്തിലെ ഭക്ഷണ രീതിയാണ് ഈ അസുഖങ്ങളുടെയെല്ലാം വ്യാപനത്തിനുള്ള പ്രധാന കാരണം. എന്ത് ഭക്ഷണം എങ്ങനെ കൃത്യമായ അളവില്‍ കഴിക്കണം എന്ന് മലയാളി എന്നേ മറന്ന് പോയിരിക്കുന്നു.

പൊതുവേ നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കാത്ത അറേബ്യന്‍ വിഭവങ്ങളുടെ വ്യാപകമായ കടന്ന് കയറ്റമാണ് ജീവിത ശൈലീ രോഗങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. ഷവര്‍മ്മ, കുഴിമന്തി, കബ്സ, പല തരം ബിരിയാണികള്‍ തുടങ്ങിയ വിഭവങ്ങള്‍ വ്യാപകമായി കഴിക്കുന്നത്മൂലമാണ് ഇത്തരം രോഗാവസ്ഥകള്‍ ഉണ്ടാകുന്നത്. റെഡ് മീറ്റ്‌ വര്‍ഗ്ഗത്തില്‍പ്പെട്ട ബീഫ്, മട്ടന്‍, പോര്‍ക്ക് തുടങ്ങിയവയുടെ നിരന്തര ഉപയോഗവും അസുഖങ്ങള്‍ വിളിച്ചുവരുത്തും. നമ്മുടെ നിത്യേനയുള്ള ഭക്ഷണ രീതിയില്‍ മാറ്റം വരുത്തിയാല്‍ ഇത്തരം മഹാ വ്യാധികളില്‍ നിന്ന് വളരെ വേഗത്തില്‍ തന്നെ രക്ഷ നേടാം. അതിനു ആദ്യം വേണ്ടത് നമ്മുടെ ഭക്ഷണത്തില്‍ ചെറു ധാന്യങ്ങള്‍ എന്നറിയപ്പെടുന്ന മില്ലറ്റുകള്‍ ഉള്‍പ്പെടുത്തുകയാണ്. നമ്മുടെ ആരോഗ്യത്തില്‍ ചെറു ധാന്യങ്ങള്‍ക്കുള്ള പ്രസക്തി തിരിച്ചറിഞ്ഞു 2023 ലോക മില്ലറ്റ് വര്‍ഷമായി ഐക്യരാഷ്ട്ര സഭ ആചരിക്കുകയാണ്.

എന്താണ് മില്ലറ്റുകള്‍

പോഷകങ്ങളുടെ കലവറയാണ് മില്ലറ്റുകള്‍. മില്ലറ്റുകളുടെ ഉത്പാദനത്തില്‍ ലോകത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണുള്ളത്. നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലു വര്‍ഗത്തില്‍പ്പെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്‍. ജോവര്‍ (മണിച്ചോളം), ബജ്റ, റാഗി, കുട്കി, കുട്ടു, രാംധാന, കാങ്നി, കൊടോ, തിന, ചാമ തുടങ്ങിയവയാണ് പ്രധാനപ്പെട്ട മില്ലറ്റ് വിളകള്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നൂറ് കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ മില്ലറ്റുകള്‍ കൃഷി ചെയ്തു പോന്നിരുന്നു. ദഹന പ്രശ്നമുള്ളവര്‍ക്കും പ്രമേഹം കൊളസ്ട്രോള്‍ തുടങ്ങിയ അവസ്ഥകള്‍ ഉള്ളവര്‍ക്കും ഏറ്റവും അനുയോജ്യമായ ഭക്ഷണ വസ്തുവാണിത്. സമീപ കാലത്ത്, ഗോതമ്പ്, അരി എന്നിവയ്‌ക്ക് പകരം ഒരു ആരോഗ്യകരമായ ബദലായിട്ടാണ് മില്ലറ്റുകളെ കണക്കാക്കി പോരുന്നത്. മില്ലറ്റുകൾ ഗ്ലൂറ്റൻ രഹിതവും, കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉള്ളവയാണ്. മില്ലറ്റുകള്‍ വളരെ സവാധാനത്തില്‍ ആണ് പഞ്ചസാരയെ രക്തത്തിലേയ്ക്ക് കടത്തിവിടുന്നത്. ഇതിനാല്‍ മില്ലറ്റുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ക്ക് വലിയ അളവില്‍ പ്രമേഹ സാധ്യത കുറയുന്നു. അരി, ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് നാരുകളാല്‍ സംബുഷ്ട്ടമാണ് മില്ലറ്റുകള്‍. വളരെ വര്‍ഷങ്ങളായി നമ്മുടെ മുഖ്യ ധാരാ ഭക്ഷണത്തിന്‍റെ ഭാഗം തന്നെ ആയിരുന്നു മില്ലറ്റുകള്‍. എന്നാല്‍ അരിയും ഗോതമ്പും ഉത്പാദിച്ച് വിപണനം നടത്തുന്ന വന്‍കിട കമ്പനികള്‍ കഴിഞ്ഞ 60- 70 വര്‍ഷങ്ങളായി ഈ ചെരുധാന്യങ്ങളുടെ ഉപഭോഗത്തെ മനപൂര്‍വ്വമായി തന്നെ തഴഞ്ഞുകൊണ്ടിരുന്നു.മില്ലറ്റുകളുടെ നിത്യേനയുള്ള ഉപയോഗം നമ്മുടെ കുടല്‍ ശുദ്ധീകരിക്കുന്നതോടൊപ്പം ഹോമോന്‍ ബാലന്‍സ് ചെയ്യാനും സ്റ്റിറോയിട് ബാലന്‍സ് ചെയ്യാനും സാധിക്കും. കാലാവസ്ഥാ വ്യതിയാനം ലോകത്താകമാനമുള്ള കാര്‍ഷിക മേഖലയ്ക്കു വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ മില്ലറ്റ് കൃഷിയ്ക്ക് കാലാവസ്ഥ വ്യതിയാനം വരുത്തുന്ന പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവുണ്ട്.

വരണ്ട കാലാവസ്ഥയിലും അതിജീവനശേഷിയുള്ള ചെറു ധാന്യങ്ങളുടെ കൃഷി പരിസ്ഥിതി സൗഹൃദവും എളുപ്പം കൃഷി ചെയ്യാൻ സാധിക്കുന്നവയുമാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം ലോകത്ത് 200 കോടിയോളം ജനങ്ങൾ സൂക്ഷ്മ പോഷകങ്ങളുടെ അഭാവം (micronutrient deficiency) അനുഭവിക്കുന്നുണ്ട്. ഇന്ത്യയിൽ ലഭ്യമാകുന്ന പലതരം ചെറുധാന്യങ്ങൾ കൊണ്ട് വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കാവുന്നതാണ്.

ചെറു ധാന്യങ്ങളുടെ പോഷക ഗുണങ്ങൾ

  1. മില്ലറ്റുകൾ തവിടോട് കൂടിയ ധാന്യങ്ങളായതിനാൽ നാരിന്റെ അംശം കൂടുതലാണ്.

  2. മില്ലറ്റുകൾ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്.

  3. പുളിപ്പിച്ച ചെറുധാന്യങ്ങൾ പ്രോബയോട്ടിക് ഗുണങ്ങൾ വർധിപ്പിക്കുന്നു.

  4. കുടലിന്‍റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും നല്ലതാണ്.

  5. “ഗ്ലൂട്ടൻ ഫ്രീ’ യാണ് ചെറു ധാന്യങ്ങൾ – പലർക്കും ഗ്ലൂട്ടൻ അലർജി കാരണം ഗോതമ്പ് പോലുള്ള ധാന്യങ്ങൾ കഴിക്കാൻ സാധിക്കില്ല. അക്കൂട്ടർക്ക് “ഗ്ലൂട്ടൻ രഹിതമായ’ ചെറുധാന്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്താം.

  6. ചെറുധാന്യങ്ങൾ പാകം ചെയ്യുന്നതിന് മുന്‍പ് 6-8 മണിക്കൂർ കുതിർത്ത് വെച്ച് ഉപയോഗിക്കുന്നത് ദഹനം സുഗമമാക്കുന്നതിനും പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യുന്നതിനും സഹായകമാകുന്നു.

പ്രധാന മില്ലറ്റുകള്‍

തിന (Italian millet)

ചൈനക്കാര്‍ വിശുദ്ധസസ്യമായി കണക്കാക്കിവരുന്ന തിനയുടെ ജന്മദേശം ഏഷ്യയാണ്. ആന്ധ്ര, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നമ്മുടെ രാജ്യത്ത് മുഖ്യമായും ഇതിന്‍റെ കൃഷിയുള്ളത്.

പരുത്തിയോടൊപ്പം മിശ്രവിളയായും തിന കൃഷി ചെയ്തുവരുന്നു.ഇറ്റാലിയൻ മില്ലറ്റ്, ജർമ്മൻ മില്ലറ്റ്, ഹംഗേറിയൻ മില്ലറ്റ് എന്നിങ്ങനെ വളരുന്ന രാജ്യങ്ങളുടെ പേരിൽ അറിയപ്പെടുന്നു.ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ വിളയാണ് തിന.തിനയിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്, ശരീരഭാരം കുറയ്ക്കാൻ ആവശ്യമായ പോഷകങ്ങള്‍ ഉള്ളത് കാരണം കൂടുതൽ നേരം വയർ നിറഞ്ഞിരിക്കാനും ഭക്ഷണത്തിനിടയിലെ അനാരോഗ്യകരമായ ലഘുഭക്ഷണ ശീലം കുറയ്ക്കാനും സഹായിക്കുന്നു. പോഷകാഹാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ അധിക കിലോ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.തിനയില്‍ കാല്‍ഷ്യവും ഇരുമ്പും ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ എല്ലുകളെ ബലപ്പെടുത്തുന്നതിനും സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് ഏറ്റവും ഉത്തമമാണ് തിനയുടെ ഉപയോഗം. ഇടിയപ്പം, ദോശ, ഉപ്പുമാവ് തുടങ്ങിയ വിവിധ വിഭവങ്ങള്‍ തിനകൊണ്ട് ഉണ്ടാക്കാവുന്നതാണ്. യൂട്യൂബില്‍ പരതിയാല്‍ നിവധി വിഭവങ്ങളുടെ വീഡിയോകള്‍ കാണാനാകും.

റാഗി (Finger millet)

കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയെല്ലാം മിതമായ അളവിലുള്ളതിനാല്‍ ജീവിതശൈലീരോഗങ്ങളെ ചെറുക്കാന്‍ റാഗി അത്യുത്തമമാണ്. കൂവരക് എന്നും മുത്താറി എന്നും റാഗി അറിയപ്പെടുന്നു. തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലാണ് മുഖ്യമായും കൃഷി ചെയ്യുന്നത്. ചെറിയ തോതില്‍ ജലസേചനം നടത്തിയാല്‍ മതിയാവും. വളരെക്കാലം റാഗി കേടുകൂടാതെ (50 വര്‍ഷം വരെ) സൂക്ഷിക്കാം. കാല്‍സ്യം, ഇരുമ്പ്, മാംസ്യം എന്നിവയാല്‍ സമ്പന്നമാണ് റാഗി.കുഞ്ഞുങ്ങള്‍ക്ക്‌ മുലപ്പാലിന് ശേഷം കട്ടിആഹാരം കൊടുക്കുന്ന സമയത്ത് കുറുക്കിന്‍റെ രൂപത്തില്‍ റാഗി നല്‍കാറുണ്ട്. ദഹന സംബന്ധമായ പ്രശ്നം, മലബന്ധം എന്നിവയ്ക്കും റാഗിയുടെ നിത്യേനയുള്ള ഉപയോഗം നല്ലതാണ്.പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയിരിക്കുന്നത്കൊണ്ട് തന്നെ മുടിയുടെ വളര്‍ച്ചയ്ക്കും തൊലിപ്പുറത്ത് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയും. ദോശ, ഉപ്പ്മാവ്, അട, പുട്ട്, കൊഴുക്കട്ട തുടങ്ങിയ വിവിധ വിഭവങ്ങള്‍ റാഗിയില്‍ ഉണ്ടാക്കാവുന്നതാണ്.

വരക് (Caudomillet)

മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ കൂടുതലായി കൃഷി ചെയ്യുന്ന വരക് വരള്‍ച്ചയെ അതിജീവിക്കുന്ന സസ്യമാണ്. പോഷകങ്ങളുടെ കലവറയായ വരകില്‍ ഉയര്‍ന്ന അളവില്‍ നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.മൂപ്പ് കൂടുതലുള്ള ഈ ധാന്യവിള വിളവെത്താതെ ഭക്ഷിച്ചാല്‍ വിഷാംശമുണ്ടാവും. ധാന്യം ശേഖരിച്ചാല്‍ കുറച്ചുകാലം സൂക്ഷിച്ചുവേണം ഭക്ഷ്യയോഗ്യമാക്കാന്‍. നെല്ല്, ഗോതമ്പ് എന്നിവയ്ക്കു പകരമായി വരക് ഉപയോഗിക്കുന്നു. ഓരോ 100 ഗ്രാമിനും 11% പ്രോട്ടീനുള്ള ഇതിൽ, 66.6 ഗ്രാം കാർബോഹൈഡ്രേറ്റ്, 353 കിലോ കലോറി, 3.6 ഗ്രാം കൊഴുപ്പ്, കാൽസ്യം, ഇരുമ്പ്, പോളിഫെനോൾസ്, മറ്റ് വിവിധ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രമേഹത്തിനെതിരെയും ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണക്രമം ശീലിക്കുന്നവർക്കും ഇത് അനുയോജ്യമാണ്. കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ്, കാപ്സിക്കം തുടങ്ങിയ പച്ചക്കറികൾ ചേർക്കുന്നത് ഈ വിഭവത്തിന്‍റെ പോഷകമൂല്യം വർദ്ധിപ്പിക്കുന്നു. കാരണം വിറ്റാമിൻ എ, ബി, സി, സിങ്ക്, പൊട്ടാസ്യം, മാംഗനീസ്, ഫോസ്ഫറസ് എന്നിവയുൾപ്പെടെ ധാരാളം വിറ്റാമിനുകളും നാരുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.ചോറ് പോലെ വേവിച്ച് കഴിക്കാം. ഇതിൽ ഉയർന്ന തോതിൽ ലസിതിൻ അടങ്ങിയിരിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോളിന്റെ അളവ് തുടങ്ങി അസുഖങ്ങളുടെ ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്നവര്‍ക്കും വരക് നല്ലതാണ്.

3wigsphotography.com

ചാമ (Little Millet)

പഞ്ഞകാലത്തെ ഭക്ഷ്യവിളയായാണ് ചാമയെ വിശേഷിപ്പിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും അനുയോജ്യമായ ഭക്ഷണമാണ് ചാമ. കഫം, പിത്തം എന്നിവ ശമിപ്പിക്കാൻ ചാമ മികച്ചതാണ്. പുല്ലരി എന്നും ഇതറിയപ്പെടുന്നു. പ്രമേഹരോഗികള്‍ക്കും ചാമക്കഞ്ഞി നല്ലതാണ്. പൊണ്ണത്തടി കുറയ്ക്കാനും നല്ലതാണ്. തമിഴ്നാട്ടിലാണ് ചാമക്കൃഷി കൂടുതലുള്ളത്. കേരളത്തിലും മുന്‍പ് വ്യാപകമായി കൃഷി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ കുറവാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ, തിമിരം, കാൻസർ, വീക്കം, ദഹനനാളത്തിന്‍റെ പ്രശ്നങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതില്‍ ചാമ പ്രധാന പങ്ക് വഹിക്കുന്നു.സംസ്കരിച്ച ഉൽപ്പന്നങ്ങൾ, ലഘുഭക്ഷണങ്ങൾ, ശിശു ഭക്ഷണങ്ങൾ എന്നിങ്ങനെ വലിയ തോതിലുള്ള ഉപയോഗത്തിന് അനുയോജ്യമായ ഒരു ഭക്ഷ്യ ഘടകമാണ് ഇത്. അവികസിത, വികസ്വര രാജ്യങ്ങൾക്കിടയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു. ഉപ്പുമാവ്, കഞ്ഞി എന്നിവയാണ് ചാമയില്‍ സാധാരണ ഉണ്ടാക്കുന്ന വിഭവങ്ങള്‍.

കുതിരവാലി (Barnyard millet)

കുതിരവള്ളി എന്നും ഇതറിയപ്പെടുന്നു. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ കുതിരവാലി ഒരു ധ്യന്യമായി കൃഷി ചെയ്ത് പോരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കൃഷി ചെയ്യുന്നു. ചോറ്, ചപ്പാത്തി, ഇഡ്ഡലി, ദോശ തുടങ്ങിയ വിവിധ ഭക്ഷണ വിഭവങ്ങളായി കുതിരവാലി ഉപയോഗിക്കാം. ആയുർവേദത്തിൽ, ചില രോഗങ്ങളുടെ ചികിത്സക്കായി ഉപയോഗിക്കുന്നു. എല്ലാ തിനകളെയും ധാന്യമണികളെയും താരതമ്യപ്പെടുത്തുമ്പോൾ കുതിരവാലി ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ്, കൂടാതെ ലയിക്കുന്നതും ലയിക്കാത്തതുമായ ഭക്ഷണ നാരുകളുടെ മികച്ച ഉറവിടമാണിത്. മറ്റ് ധാന്യങ്ങളേയും തിനകളേയും അപേക്ഷിച്ച് ഇതിൽ ഏറ്റവും കൂടുതൽ നാരുകൾ അടങ്ങിയിട്ടുണ്ട്.

മണിച്ചോളം (Sorghum)

ലോകത്തെ ഒരു മുഖ്യ ചെറുധാന്യവിളയാണ് മണിച്ചോളം. ഇന്ത്യയിലും മണിച്ചോളകൃഷി മുഖ്യമാണ്. ഇത് ഗ്ലൂറ്റന്‍ ഫ്രീ ആണ്. അതിനാല്‍ ഗ്ലൂറ്റന്‍ ഫ്രീ ഡയറ്റിലുള്ളവര്‍ക്ക് ഗോതമ്പിന് പകരമായി മണിച്ചോളം ഉപയോഗിക്കാവുന്നതാണ്. രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.വരണ്ട പ്രദേശങ്ങളില്‍ കൃഷിക്ക് ഉത്തമമാണ്. ഫൈബര്‍ കൂടുതലുള്ള ഈ ഭക്ഷ്യധാന്യം ദഹനത്തിനും സഹായിക്കുന്നു.നമ്മുടെ ശരീരത്തിന് ദിവസേന ആവശ്യമുള്ള 48 ശതമാനം ഫൈബര്‍ മണിച്ചോളത്തില്‍ അടങ്ങിയിരിക്കുന്നു. ദോശ, ഇഡ്ഡലി തുടങ്ങിയ വിഭവങ്ങള്‍ മണിച്ചോളം ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്.

കമ്പ് (Pearl millet)

ഈ ചെറു ധാന്യത്തെ പവിഴച്ചോളം എന്നും വിളിക്കുന്നു.ഇംഗ്ലീഷില്‍ പേള്‍ മില്ലറ്റ് എന്നും അറിയപ്പെടുന്നു.ഏഷ്യയിലും ആഫ്രിക്കയിലുമാണ് പ്രധാനമായും കമ്പ് കൃഷി ചെയ്യുന്നത്. ഇന്ത്യയില്‍ അസമൊഴികെ മിക്കയിടത്തും കമ്പ് കൃഷിചെയ്യുന്നു.ഹിന്ദിയില്‍ ഇതിന് ബജ്‌റ എന്നു പറയുന്നു. തമിഴിലും മലയാളത്തിലും കമ്പ് എന്നാണ് അറിയപ്പെടുന്നത്. ചോറിനും റൊട്ടിക്കും ഉപയോഗിക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഫൈറ്റിക് ആസിഡ് ഇതില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നിയാസിനും ഇതില്‍ അടങ്ങിയിട്ടുണ്ട്. സോഡിയം, പൊട്ടാസ്യം,അയേണ്‍ എന്നിവ ധാരാളമായി കമ്പില്‍ അടങ്ങിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com