ജന്മദിനത്തിൽ കൃതി സനോണിന്‍റെ സൗന്ദര്യ രഹസ്യം വൈറൽ; തിളക്കമുള്ള ചർമത്തിനായി താരം പിന്തുടരുന്ന സ്കിൻകെയർ റൂട്ടീൻ അറിയാം

ലളിതവും സ്ഥിരതയുള്ളതുമായ പരിചരണമാണ് മനോഹരമായ ചർമത്തിന്‍റെ രഹസ്യമെന്നാണ് നടിയുടെ വിശ്വാസം
Bollywood actress Kriti Sanon

ബോളിവുഡ് നടി കൃതി സനോൻ

Updated on

ബോളിവുഡ് നടി കൃതി സനോൻ തന്‍റെ സ്വാഭാവിക സൗന്ദര്യത്തിനും ആരോഗ്യകരമായ ചർമത്തിനും ഏറെ പ്രശസ്തയാണ്. താരത്തിന്‍റെ 36ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച. ജന്മദിനത്തോടനുബന്ധിച്ച് നടിയുടെ പ്രഭാത സ്കിൻകെയർ റൂട്ടീൻ വീണ്ടും ശ്രദ്ധ നേടുകയാണ്. ചർമത്തെ ജലാംശം നിറഞ്ഞതും തിളക്കമുള്ളതുമായി നിലനിർത്താൻ കൃതി ദിവസവും പിന്തുടരുന്ന ഏഴ് കാര്യങ്ങളാണ് ആരാധകരുടെ ഇടയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ലളിതവും സ്ഥിരതയുള്ളതുമായ പരിചരണമാണ് മനോഹരമായ ചർമത്തിന്‍റെ രഹസ്യമെന്നാണ് നടിയുടെ വിശ്വാസം.

രാവിലെ എഴുന്നേറ്റ ഉടൻ പോഷകസമൃദ്ധമായ ഒരു ഹൈഡ്രേറ്റിങ് ഫേസ് മാസ്ക് ഉപയോഗിച്ചാണ് കൃതി ദിനം ആരംഭിക്കുന്നത്. ചർമത്തിന് ആവശ്യമായ ഈർപ്പം നൽകുന്നതിനൊപ്പം ദിവസം മുഴുവൻ സൂര്യപ്രകാശത്തെയും മലിനീകരണത്തെയും പ്രതിരോധിക്കാൻ ഇത് സഹായിക്കുമെന്നാണ് താരം പറയുന്നത്. മാസ്ക് പുരട്ടിയിരിക്കുന്ന സമയത്ത് ചൂടുവെള്ളത്തിൽ നാരങ്ങ നീര് ചേർത്ത പാനീയം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ശീലമാണ്.

മാസ്ക് കഴുകിക്കളഞ്ഞ ശേഷം മുഖം മൃദുവായി തുടച്ച് അൽപ്പം നനവുള്ള നിലയിൽ തന്നെ ടോണർ ഉപയോഗിക്കുന്നു. ഇത് ചർമകോശങ്ങളെ സംരക്ഷിക്കാനും മുഖക്കുരുവിന്‍റെ പാടുകൾ കുറയ്ക്കാനും സഹായിക്കുമെന്ന് താരം പറയുന്നു. തുടർന്ന് വിറ്റാമിൻ സി സീറം പുരട്ടുന്നു. ചർമത്തിന് തിളക്കം നൽകുക, കൊളാജൻ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതിന്‍റെ പ്രധാന ഗുണങ്ങൾ.

അടുത്ത ഘട്ടം സൺസ്ക്രീൻ ആണ്. മോയ്സ്ചറൈസറും എസ്പിഎഫും ഒരുമിച്ചുള്ള ഹൈഡ്രേറ്റിങ് സൺസ്ക്രീൻ ഉപയോഗിക്കാനാണ് കൃതി മുൻഗണന നൽകുന്നത്. സൂര്യപ്രകാശം മൂലമുണ്ടാകുന്ന ദീർഘകാല ചർമനാശം തടയാൻ സൺസ്ക്രീൻ ഒരിക്കലും ഒഴിവാക്കരുതെന്നും താരം ഓർമ്മിപ്പിക്കുന്നു. ഇത് ചർമത്തിന്‍റെ സംരക്ഷണ പാളി ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും കൃതി പറയുന്നു.

അവസാനമായി ലിപ് ബാം ഉപയോഗിച്ച് ചുണ്ടുകൾക്ക് ഈർപ്പം നൽകുന്നു. അൽപ്പം ലിപ് ബാം കണ്ണിന്‍റെ പുറംഭാഗത്തും പുരട്ടുന്നത് വരണ്ട പ്രതലം കുറയ്ക്കാൻ സഹായിക്കുമെന്നാണ് നടിയുടെ ഉപദേശം. ഓരോരുത്തരുടെയും ചർമത്തിന്‍റെ സ്വഭാവം വ്യത്യസ്തമായതിനാൽ, തങ്ങൾക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ കണ്ടെത്തി സ്ഥിരമായി ഉപയോഗിക്കുന്നതാണ് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമത്തിന്‍റെ യഥാർത്ഥ രഹസ്യമെന്നും താരം പറയുന്നു.

logo
Metro Vaartha
www.metrovaartha.com