കോതമംഗലം കെഎസ്ആർടിസി ഡിപ്പോയുടെ ബജറ്റ് ടൂറിസം സൂപ്പർ ഹിറ്റ്

ആഴ്ച്ചയില്‍ രണ്ട് ദിവസമാണ് കോതമംഗലത്തുനിന്ന് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കായി ബജറ്റ് ടൂറിസം സര്‍വീസുള്ളത്
KSRTC tour package, Kothamangalam depot.
KSRTC tour package, Kothamangalam depot.
Updated on

കൊച്ചി: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സര്‍വീസുകള്‍ ഹിറ്റായതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ട്രിപ്പുകള്‍ നടത്തിയ ഡിപ്പോകളില്‍ രണ്ടാം സ്ഥാനം എറണാകുളം ജില്ലയിലെ കോതമംഗലം ഡിപ്പോയ്ക്ക്. 2021 നവംബര്‍ 28 നാണ് കോതമംഗലം ഡിപ്പോയില്‍നിന്ന് ആദ്യ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സര്‍വീസ് ആരംഭിക്കുന്നത്. അന്ന് ആരംഭിച്ച യാത്ര 565ാമത്തെ സര്‍വീസിലെത്തി നില്‍ക്കുന്നു. വരുമാനം ഒന്നര കോടിയിലേറെ. 32,723 പേര്‍ ബജറ്റ് ടൂറിസം വഴി ഇതുവരെ യാത്ര ചെയ്തു. ആഴ്ച്ചയില്‍ രണ്ട് ദിവസമാണ് കോതമംഗലത്തുനിന്ന് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കായി ബജറ്റ് ടൂറിസം സര്‍വീസുള്ളത്.

കുട്ടംപുഴ, മാമലകണ്ടം, മാങ്കുളം, ലക്ഷമി എസ്റ്റേറ്റ് വഴി മൂന്നാറിലേക്ക് ജങ്കിള്‍ സഫാരി നടത്തിയായിരുന്നു കോതമംഗലം കെഎസ്ആര്‍ടി ഡിപ്പോയില്‍ നിന്നുള്ള കന്നിയാത്ര. സര്‍വീസ് വിജയം കണ്ടതോടെ ചതുരംഗപ്പാറ, ഗവി, മലക്കപ്പാറ, വയനാട് തുടങ്ങിയ സ്ഥലത്തേയ്ക്കും കോതമംഗലത്തുനിന്ന് ബജറ്റ് ടൂറിസം സര്‍വീസ് ആംഭിച്ചു. ബജറ്റ് ടൂറിസം രണ്ട് വര്‍ഷം പിന്നിട്ടതോടെ സര്‍വീസിന് ജനപങ്കാളിത്തവും വര്‍ദ്ധിച്ചു. ഇതുവഴി ഒന്നരക്കോടി രൂപയാണ് കോതമംഗംലം ഡിപ്പോയ്ക്ക് മാത്രം വരുമാനമായി ലഭിച്ചത്.

ജനുവരിയോടെ ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ എന്നിവടങ്ങളിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഇവ കൂടാതെ, വാഗമണ്‍, കുമരകം, പരുന്തുംപാറ, വട്ടവട തുടങ്ങിയ ഇടങ്ങളിലേക്കും ബജറ്റ് ടൂറിസം തുടങ്ങാനാനാണ് തീരുമാനം. അതേസമയം, കോതമംഗലം ഡിപ്പോ ബജറ്റ് ടൂറിസം രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ചതിന്‍റെ ഭാഗമായി 566ാമത് യാത്രയില്‍ ബസ് ജീവനക്കാരും യാത്രക്കാരും കേക്ക് മുറിച്ച് ആഘോഷം നടത്തി.

അടുത്തിടെയാണ് എറണാകുളം ഡിപ്പോയില്‍നിന്ന് ബജറ്റ് ടൂറിസം സര്‍വീസ് ആരംഭിച്ചത്. എറണാകുളം ഡിപ്പോയില്‍നിന്ന് മാമലകണ്ടം - മൂന്നാര്‍, ഗവി, മലക്കപ്പാറ തുടങ്ങിയ ഇടങ്ങിലേക്കാണ് സര്‍വീസ് നടത്തി വരുന്നത്. ഇതിനും വലിയ ജനപിന്തുണ ലഭിക്കുന്നുണ്ട്. പ്രായമായവരും യുവാക്കളും കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തില്‍ ഒരുപോലെ പങ്കാളികളാകുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com