കെഎസ്ആർടിസി മിനി ബസ് വരുന്നു; തലസ്ഥാനത്ത്‌ ട്രയല്‍ റണ്‍

ഡീസല്‍ ഇനത്തിലുള്ള ചെലവ് കുറയ്ക്കുക, ഇടുങ്ങിയ റോഡിലും ജനസാന്ദ്രത കുറഞ്ഞ മേഖലകളിലേക്കും സര്‍വീസ് വ്യാപിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ
KSRTC mini bus trial run
കെഎസ്ആർടിസി മിനി ബസ് വരുന്നു; തലസ്ഥാനത്ത്‌ ട്രയല്‍ റണ്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതുസംരംഭമായ നോണ്‍ എസി മിനി ബസ് ട്രയല്‍ തലസ്ഥാനത്ത് റണ്‍ നടത്തി. ചാക്ക ജംക്‌ഷനില്‍ നിന്ന് ശംഖുംമുഖം വരെ നടത്തിയ ട്രയല്‍റണ്ണില്‍ ബസ് ഓടിച്ചത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറാണ്.

8.63 മീറ്റർ നീളമുള്ള ബസിന് 2.3 മീറ്റർ വീതിയും 18 സെ.മീ ഫ്ലോര്‍ ഉയരവുമാണ് ഉള്ളത്. 32 സീറ്റ് യാത്രാ സൗകര്യവുമുള്ള ടാറ്റയുടെ എല്‍പി 7 12 മോഡലാണ് മിനി ബസ്. കെഎസ്ആര്‍ടിസിയുടെ നിലവിലുള്ള വലിയ ബസുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ സാധിക്കാത്തതും നിലവില്‍ സര്‍വീസ് നടത്തുന്നവയില്‍ നിന്നും ചെലവ് ചുരുക്കിയാകും പുതിയ മിനി ബസുകള്‍ സര്‍വീസ് നടത്തുക.

കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ഇനത്തിലുള്ള പ്രവര്‍ത്തന ചെലവ് കുറയ്ക്കുക, ഇടുങ്ങിയ റോഡിലും ജനസാന്ദ്രത കുറഞ്ഞ മേഖലയിലേക്കും സര്‍വീസ് വ്യാപിപ്പിക്കുക തുടങ്ങിയവയാണ് മിനി ബസ് ഉപയോഗത്തിലൂടെ ലക്ഷ്യമിടുന്നത്. കൂടുതല്‍ ബസുകള്‍ വാങ്ങുന്നതിന് മുന്നോടിയായുള്ള പ്രാഥമിക വിലയിരുത്തലിനുവേണ്ടിയാണ് ട്രയല്‍ റണ്‍ നടത്തിയത്.

സര്‍വീസിനായി കൂടുതല്‍ ബസുകള്‍ വാങ്ങുമ്പോള്‍ പബ്ലിക് അഡ്രസിങ് സിസ്റ്റം, ഡാഷ് ബോര്‍ഡ് ക്യാമറ, എല്‍ഇ‍ഡി ടെലിവിഷന്‍ വിത്ത് മ്യൂസിക് സിസ്റ്റം, പ്രായാധിക്യം ഉള്ളവര്‍ക്കും വനിതകള്‍ക്കും അനായാസം കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള സൗകര്യങ്ങളും ഉള്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ട്രയല്‍ റണ്ണിനെ തുടര്‍ന്ന് പത്തനാപുരം യൂണിറ്റില്‍ നിന്നും കര- മൈലം വഴി കൊട്ടാരക്കരയിലേയ്ക്ക് നിലവിലുള്ള ഓര്‍ഡിനറി സര്‍വീസ് ബസിന് പകരം നല്‍കി സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.