തിരുവനന്തപുരം: ഐടി- ഐടി. അനുബന്ധ മേഖലകളില്‍ ജോലിയെടുക്കുന്നവര്‍ക്കായി ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വര്ക്കേഷന് പദ്ധതിക്കായി കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനും ടെക്നോപാര്‍ക്കും തയാറെടുക്കുന്നു. അവധിക്കാല ആഘോഷങ്ങളെ തൊഴിലിടവുമായി സംയോജിപ്പിക്കുന്ന നൂതന പദ്ധതി കേരളത്തില്‍ പ്രാബല്യത്തിലാക്കും. ഇതിനുള്ള ധാരണാപത്രം കെടിഡിസിയും ടെക്നോപാര്‍ക്കും ഇന്ന് കൈമാറും.
ഇതോടൊപ്പം വിനോദസഞ്ചാരികൾക്കായി കെടിഡിസി തയാറാക്കിയ പ്രത്യേക പാക്കേജുകളായ ‘അബ്സല്യൂട്ട് കേരള’യുടേയും ടോള്‍ ഫ്രീ നമ്പറിന്റെയും ഉദ്ഘാടനം 22ന് വൈകിട്ട് നാലു മണിക്ക് മാസ്കോട്ട് ഹോട്ടലിൽ ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കും. കെടിഡിസി ചെയർമാൻ പി. കെ. ശശി അധ്യക്ഷനാകും.
ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ടൂറിസം ഡെസ്റ്റിനേഷനുകളില്‍ സമയം ചെലവഴിക്കുന്നതിനൊപ്പം ഓണ്‍ലൈനില്‍ ജോലിയും ചെയ്യാനാകുന്ന പദ്ധതിയാണ് വര്ക്കേഷന്. വര്‍ക് ഫ്രം ഹോം, വര്‍ക് നിയര്‍ ഹോം പോലുള്ള പുതുയുഗ തൊഴില്‍ രീതികളുടെ മറ്റൊരു പതിപ്പാണിത്. ജീവനക്കാരെ കൂടുതല്‍ ഊർജസ്വലരാക്കുന്നതിന് ആഗോള കമ്പനികള്‍ വര്ക്കേഷന് പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. കുടുംബവുമൊത്തോ സുഹൃത്തുക്കളുമൊത്തോ ഒറ്റയ്ക്കോ ഉള്ള വിനോദസഞ്ചാരത്തിനൊപ്പം ജോലി ചെയ്യേണ്ടി വരുന്നവര്‍ക്കായി ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ പ്രത്യേക ക്രമീകരണങ്ങള്‍ ഓരോ ടൂറിസം ഡെസ്റ്റിനേഷനുകളിലും ഒരുക്കാനുള്ള തയാറെടുപ്പുകളിലാണ് കെടിഡിസി. ഇതിന്റെ ഭാഗമായി ടെക്നോപാര്‍ക്ക് കമ്പനികള്‍ക്ക് പ്രത്യേക പാക്കേജായി ഈ സൗകര്യം ലഭ്യമാക്കുന്നതിനാണു ധാരണ.
കെടിഡിസി മൊമന്റ്സ്, കെടിഡിസി മാര്‍വല്‍സ്, കെടിഡിസി മാജിക് എന്നീ പുതിയ പാക്കേജുകളാണ് മറ്റ് സഞ്ചാരികള്‍ക്കായി ഇതോടൊപ്പം തയാറാക്കിയിട്ടുള്ളത്. കൊച്ചി- മൂന്നാര്‍- കുമരകം- കൊച്ചി (നാലു രാത്രിയും അഞ്ചു പകലും), കൊച്ചി- മൂന്നാര്‍- തേക്കടി- കുമരകം- കൊച്ചി (അഞ്ചു രാത്രിയും ആറു പകലും), കൊച്ചി- മൂന്നാര്‍- തേക്കടി- കുമരകം- കോവളം- തിരുവനന്തപുരം (ആറു രാത്രിയും ഏഴു പകലും) എന്നിങ്ങനെയാണു സജ്ജമാക്കിയിട്ടുള്ളത്. സഞ്ചാരികള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം ഡെസ്റ്റിനേഷനുകള്‍ മാറ്റി ക്രമീകരിക്കാനുള്ള സൗകര്യവുമുണ്ട്.
കെടിഡിസിയുടെ പാക്കേജുകളും ഹോട്ടലുകളില്‍ മുറികളും ബുക്കു ചെയ്യുന്നതിനായി ഏർപ്പെടുത്തിയ 18004250123 എന്ന ടോൾ ഫ്രീ നമ്പറിന്റെ പ്രവര്‍ത്തനോദ്ഘാടനവും മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. വര്ക്കേഷന് ധാരണാപത്രം കെടിഡിസി എം. ഡി. ശിഖ സുരേന്ദ്രനും ഇലക്ട്രോണിക്സ് ടെക്നോളജി പാര്‍ക്സ്- കേരള (ടെക്നോപാർക്ക്) സിഇഒ സഞ്ജീവ് നായരും കൈമാറും. ഐടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്റ്റർ പി. ബി. നൂഹ് എന്നിവർ പങ്കെടുക്കും.