കുളം കുത്തുന്ന മരം കുളവെട്ടി; കലശമലയിലെ വരദാനം!

ലോകമെമ്പാടുമുള്ള 300 കുളവെട്ടി മരങ്ങളിൽ ഏകദേശം പകുതിയോളവും, ഏതാണ്ട് 150നടുത്ത് ഇന്ത്യയിലാണ് ഉള്ളത്.
Kalashamala, the most abundant habitat of Syzygium travencoricum
ലോകത്ത് ഏറ്റവും കൂടുതൽ കുളവെട്ടി മരങ്ങൾ കാണപ്പെടുന്ന തൃശൂർ ജില്ലയിലെ കലശമലDTPC, Thrissur
Updated on

റീന വർഗീസ് കണ്ണിമല

താൻ നിൽക്കുന്ന പ്രദേശത്തെ ചതുപ്പു നിലമാക്കി മാറ്റാൻ കഴിവുള്ള ഒരു വീരനുണ്ട് പ്രകൃതിയിൽ. ഒരു കുളത്തിൽ കൊള്ളുന്നത്ര മഴ വെള്ളം ഭൂമിക്കടിയിൽ ഇഷ്ടൻ ശേഖരിച്ചു വച്ചു കളയും! പേരു തന്നെ കുളവെട്ടി! വേണ്ടി വന്നാൽ മരുഭൂമിയെയും ചതുപ്പു നിലമാക്കാൻ പോന്ന പ്രകൃതിയുടെ വരം!

'സൈസീജിയം ട്രാവൻകോറിക്കം' (Syzygium travencoricum) എന്ന് ശാസ്ത്രനാമം. കുളവെട്ടി എന്ന പേരു കൂടാതെ പൊരിയൻ, വാതംകൊല്ലി, നീർമാവ് എന്നീ പേരുകളുമുണ്ട്. ഞാവലിന്‍റെ സഹോദരനാണ് കക്ഷി. മിൾട്ടേസിയ കുടുംബാംഗം.

ഇരുന്നൂറ് അടി വരെ ഉയരത്തിലുള്ള ചതുപ്പുപ്രദേശങ്ങളിലാണ് ഇവ വളരുക. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മരങ്ങൾ ലോകത്ത് ആകെ 300 എണ്ണമേയുള്ളു. ഒരു കാര്യത്തിൽ നമുക്ക് അഭിമാനിക്കാം. ലോകമെമ്പാടുമുള്ള 300 കുളവെട്ടി മരങ്ങളിൽ ഏകദേശം പകുതിയോളവും, ഏതാണ്ട് 150നടുത്ത് ഇന്ത്യയിലാണ് ഉള്ളത്. ഇതിൽ തന്നെ 110 എണ്ണം തൃശൂർ കുന്നംകുളം കലശമലയിലെ വിഷ്ണു ശിവ ക്ഷേത്രത്തിലെ കാവിലാണുള്ളത്.

കേരള വനം വകുപ്പ് തൃശൂർ സെൻട്രൽ സർക്കിളിൽ വടക്കഞ്ചേരി വനം റേഞ്ചിൽ എരുമപ്പെട്ടി വനം റേഞ്ചിലാണ് ഈ പ്രദേശം. കേരള വനം വകുപ്പ് ബയോ ഡൈവേഴ്സിറ്റി ഹെറിറ്റേജ് സൈറ്റ് ഓഫ് കേരള ആയി ഈ പ്രദേശത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പ് ഇവിടെ സ്ഥാപിച്ച ബോർഡിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു- ''ഐയുസിഎൻ ലിസ്റ്റിൽപ്പെട്ട ഏറ്റവും നാശേന്മുഖമായ മരമാണ് കുളവെട്ടിമരങ്ങൾ''.

കൊല്ലത്തെ ഐക്കാട് ഉള്ള ഒരു കാവിൽ നാലു കുളവെട്ടി മരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 35ഓളം മരങ്ങൾ കർണാടകയിലെ സിദ്ധാപുരം താലൂക്കിലുമുണ്ട്. ഈ അത്യപൂർവ വൃക്ഷത്തെ നേരിൽ കാണാൻ വിദേശികളടക്കം നിരവധി പേർ കലശമലയിൽ എത്താറുണ്ട്.

ഭൂമിക്കടിയിലേയ്ക്ക് ഊർന്നിറങ്ങുന്ന ജലത്തെ ആഴത്തിലുള്ള വേരു പടലം കൊണ്ട് തടഞ്ഞു നിർത്തി വൃക്ഷം നിൽക്കുന്ന പ്രദേശം ചതുപ്പു നിലമാക്കി മാറ്റിയെടുക്കാൻ കുളവെട്ടി മരത്തിനു സാധിക്കും.

 KULAVETTY
കുളവെട്ടി തൈ

നീരുറവകളെ തടഞ്ഞു നിർത്താൻ സാധിക്കുന്നതിനാൽ ഈ വൃക്ഷം ഉള്ളിടത്ത് ജലക്ഷാമം ഉണ്ടാകില്ല. കടുത്ത വേനലിലും ജലസമൃദ്ധമാണ് കലശമലക്കുന്ന്. അതിനു കാരണക്കാരാകട്ടെ അവിടുത്തെ കുളവെട്ടി മരങ്ങളും. ശുദ്ധജലത്തെ സംരക്ഷിക്കാനും വെള്ളത്തിന്‍റെ കുത്തിയൊലിപ്പു തടയാനും മണ്ണിടിച്ചിൽ തടയാനുമുള്ള കഴിവുള്ള ഈ വൃക്ഷം നമ്മുടെ വനങ്ങളിലും മലയോര മേഖലകളിലുമുണ്ടാകുന്ന മണ്ണൊലിപ്പിനും ഉരുളു പൊട്ടലിനും പ്രതിവിധിയായി നട്ടു പരിപാലിച്ചു നോക്കേണ്ടതാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ളവയാണ് കണ്ടെത്തപ്പെട്ട പല കുളവെട്ടി മരങ്ങളും. ആയുർവേദ മരുന്നുകൾക്കും പ്രയോജനപ്പെടുന്ന കുളവെട്ടി മരത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയത് ബ്രിട്ടീഷ് വനശാസ്ത്രജ്ഞനായ ഗാംബിൾ ആയിരുന്നു. 1910-12 കാലത്ത് കലശമലക്കുന്നിൽനിന്നാണ് അദ്ദേഹം ഈ മരത്തെക്കുറിച്ച് പഠിച്ചത്.

ഈ മരത്തിന് താൻ കണ്ടെത്തിയ പ്രത്യേകതകളെക്കുറിച്ച് 'ഫ്ലോറ ഒഫ് ദി പ്രസിഡൻസി ഒഫ് മദ്രാസ്' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com