
ജയകൃഷ്ണൻ എസ്. വാര്യർ
നന്മയുടേയും ജ്ഞാനത്തിന്‍റെയും പ്രകാശഗോപുരങ്ങള്‍ മനസില്‍ തീര്‍ത്ത് ഓരോരുത്തരും അവരവരെ നല്ലവരായി പരുവപ്പെടുത്തുന്ന ഭക്തിയുടേയും ശുദ്ധിയുടേയും കാലമാണ് നവരാത്രി. ദേവിയെ ഭക്തന്‍ സ്വയം സമര്‍പ്പിച്ചു പൂജിക്കുന്ന നാളുകള്‍. ദേവിക്കു ഒന്‍പതു ദിവസങ്ങളിലായി ഒന്‍പതു മൂര്‍ത്തിഭാവങ്ങളിലാണ് പൂജ നടത്തുന്നത്. ഒന്‍പതു രാത്രികള്‍ ചേര്‍ന്നതാണ് നവരാത്രി. മഹാവ്രതമെന്നാണ് നവരാത്രിയെ പറയുന്നത്. നവരാത്രി വ്രതങ്ങളിലൂടെ നീങ്ങാത്ത ദുരിത ദുഖങ്ങളില്ല.
ശ്രീരാമനാണ് ആദ്യമായി നവരാത്രി വ്രതം അനുഷ്ഠിച്ചതെന്നാണ് വിശ്വാസം. ദേവി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു. രാവണനെ വധിക്കാനുള്ള ശക്തി ശ്രീരാമനു ലഭിച്ചത് അങ്ങനെയാണത്രെ. പാണ്ഡവരും നവരാത്രി വ്രതം അനുഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു. ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷം വിജയദശമദിനത്തില്‍ പര്യവസാനിക്കുന്നു. സരസ്വതി,ദുര്‍ഗ,മഹാലക്ഷ്മി എന്നീ ദേവതകളെയാണ് നവരാത്രി വേളകളില്‍ ആരാധിക്കുന്നത്.
നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതിനെക്കുറിച്ച് ദേവീ ഭാഗവത പുരാണത്തില്‍ വ്യാസ മഹര്‍ഷി ജനമേജയ മഹാരാജാവിനോടു പറയുന്നുണ്ട്. അമാവാസിനാളില്‍ തന്നെ നവരാത്രി പൂജയ്ക്കാവശ്യമായ പൂജാദ്രവ്യങ്ങള്‍ സംഭരിക്കണമെന്നും പറയുന്നു.
ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായ പേരുകളില്‍ അറിയപ്പെടുന്ന ആഘോഷമാണ് നവരാത്രി. ബംഗാളില്‍ ദുര്‍ഗാ പൂജയാണെങ്കില്‍ മുംബയില്‍ ദസറയാണ്. ദക്ഷിണ ഭാരതത്തില്‍ സരസ്വതിപൂജയും. ദുര്‍ഗാഷ്ടമി,മഹാനവമി,വിജയദശമി എന്നീ മൂന്നു ദിനങ്ങളാണ് നവരാത്രി കാലഘട്ടത്തില്‍ പ്രധാനം. ദുര്‍ഗാഷ്ടമി നാളിലെ സവിശേഷ ചടങ്ങാണ് പൂജവെയ്പ്പ്. ക്ഷേത്രങ്ങളിലും വീടുകളിലും വൈകുന്നേരമാണ് പുജവെയ്പ്പു നടക്കുക.
മാനവ സമുദായത്തിന്‍റെ ഭിന്നഭാവങ്ങളുടെ സമ്മേളനമാണ് നവരാത്രിയാഘോഷം. ഭാരതത്തിന്‍റെ ഭിന്നദേശങ്ങളില്‍ വ്യത്യസ്തരീതിയിലാണ് ഈ ആഘോഷം. ഉത്തര ഭാരതത്തില്‍ രാമലീലയാണെങ്കില്‍ ബംഗാളില്‍ ദുര്‍ഗ്ഗാപൂജയാണ്. തമിഴ്‌നാട്ടില്‍ ആയുധപൂയ്ക്കും കേരളത്തില്‍ സരസ്വതീ പൂജയ്ക്കും വിദ്യാരംഭത്തിനുമാണ് പ്രധാന്യം. ‘ദസ്’ രാത്രിയിലെ ആഘോഷം എന്ന നിലയില്‍ കര്‍ണ്ണാടകത്തില്‍ ‘ദസറ’യായിട്ടാണ് ആഘോഷം. ഭാരതം മുഴുവന്‍ ആചരിക്കുന്നതാകയാല്‍ നവരാത്രിയാഘോഷം ദേശീയോത്സവമാണ്.
അശ്വനീമാസത്തിലെ ശുക്ല പക്ഷ പ്രഥമ തുടങ്ങി ഒമ്പതു ദിവസമാണ് നവരാത്രി. പത്താമതുദിവസം വിജയ ദശമി. കേരളത്തില്‍ കന്നി- തുലാം മാസങ്ങളിലാണ് ഈ ദിവസങ്ങള്‍. വിവിധ രീതിയിലുള്ള ആഘോഷങ്ങള്‍ കണക്കാക്കുമ്പോള്‍ അജ്ഞതയുടെ മേല്‍ ജ്ഞാനത്തിന്‍റെ വിജയമാണിത്, അധര്‍മ്മത്തിന്മേല്‍ ധര്‍മ്മത്തിന്‍റെ വിജയവും. ആസുരിക ശക്തിയെ ദൈവികശക്തി പരാജയപ്പെടുത്തുന്ന കഥകളാണ് ഇതിന് പിന്നിലുള്ളത്.
രാവണനിഗ്രഹം നടത്തി വിജയിച്ച ദിവസം വിജയദശമി. രാവണവധത്തിനു ശക്തിസമാഹരിക്കുന്നതിന് നാരാദമഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം ശ്രീരാമചന്ദ്രന്‍ നവരാത്രിവ്രതം അനുഷ്ഠിച്ചതായും, ദുര്‍ഗ്ഗാദേവിയെ പ്രസാദിപ്പിച്ചതായും വിശ്വസിക്കുന്നു. രാമലീലാമഹോത്സവത്തില്‍ രാവണാദികളുടെ കോലങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും, ദുഷ്ടനിഗ്രഹം നടത്തുന്നു എന്നതിന്‍റെ പ്രതീകമായി അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
വ്രതങ്ങള്‍ ആചരിക്കുന്നത്, ശാരീരികവും മാനസികവുമായ ശുദ്ധിക്കുവേണ്ടിയാണ്. ആയുസ്സ്, ആരോഗ്യം, ആത്മീയോന്നതി ഇവ ലക്ഷ്യമാക്കിയുള്ളതാണ് വ്രതങ്ങള്‍. വ്രതദിവസങ്ങളില്‍ സ്‌നാനം, ജപം, ശുഭവസ്ത്രം, മിതാന്നഭോജനം ഇത്യാദികളിലൂടെ മനഃശുദ്ധിനേടുമ്പോള്‍, നിത്യജീവിതത്തിലെ ദുരിതങ്ങള്‍ക്കും മാനസിക പിരിമുറുക്കങ്ങള്‍ക്കും മോചനമുണ്ടാകുന്നു. ജന്മമുക്തിയും പാപമോചനവും ഫലമായി വിശ്വസിക്കുന്നു. നവരാത്രിവ്രതം ഏറ്റവും ശ്രേഷ്ഠവും മറ്റുവ്രതങ്ങള്‍ക്കെല്ലാമുപരിയുമാണ്.
മഹിഷാസുരനെ ദേവി നിഗ്രഹിച്ച ദിവസമാണ് വിജയദശമിയെന്നുള്ള കഥയും പ്രസിദ്ധമാണ്. മഹിഷാസുരന്‍ ഭൂമിയില്‍ മാത്രമല്ല സ്വര്‍ലോകത്തും സമാധാനം കെടുത്തി. ദേവകള്‍ പോലും മഹിഷാസുരനെ ഭയന്നു. ദേവലോകത്തിനും ഭീഷണിയായ മഹിഷാസുരന്‍റെ അക്രമ പ്രവര്‍ത്തനങ്ങളില്‍ പൊറുതിമുട്ടിയ ദേവന്മാര്‍ ജഗദീശ്വരന്‍റെ അടുക്കല്‍ സങ്കടം അറിയിച്ചു. ദുഷ്ടനിഗ്രഹത്തിനായി ത്രിമൂര്‍ത്തികളുടെ ഇംഗിതപ്രകാരം ശക്തിസ്വരൂപിണിയായ ദേവി അവതരിച്ചു. ത്രിമൂര്‍ത്തികളുടെ അംശവും ശക്തിയുമായിരുന്നു ദേവി. തന്‍റെ അവതാരോദ്ദേശ്യം സഫലമാക്കുന്നതിന് ദേവി മഹിഷാസുരനുമായി യുദ്ധം ചെയ്തു. ആ യുദ്ധം നവരാത്രികളോളം നീണ്ടുനിന്നതായി വിശ്വസിക്കപ്പെടുന്നു. ആസുരിക ശക്തിക്കുമേല്‍ അവസാനം ദേവിയുടെ വിജയമുണ്ടായി. ആ ദിവസമാണ് വിജയദശമി.
ശക്തിസ്വരൂപിണിയായ ദേവിയുടെ വിജയം ജനങ്ങള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. നന്മതിന്മകളുടെ പോരാട്ടം നിറഞ്ഞ ദിവസങ്ങളുടെ സ്മരണക്കായി ജനങ്ങള്‍ ശക്തിദേവിയെ വ്രതാചരണങ്ങളോടെ പൂജിക്കുന്നു. ശക്തിസ്വരൂപിണിയായ ദേവിതന്നെയാണ് ദുര്‍ഗ്ഗ. ശത്രുക്കളോടുപോലും ദയകാണിക്കുകയും ദുഷ്ടസ്വഭാവത്തെപ്പോലും ശാന്തമാക്കുകയും ചെയ്യുന്ന ശ്രേഷ്ഠശക്തിയാണ് ദൈവികശക്തി. ദൈവികശക്തിയെന്നത് സര്‍വ്വശ്രേഷ്ഠമായ വിദ്യയാണ്, ബ്രഹ്മവിദ്യയാണ്, ആത്മതത്ത്വം, വിദ്യാതത്വം, ശിവതത്വം ഇവയുടെ ശുദ്ധസ്വരൂപമാണ്.
അധര്‍മിയായ മഹിഷാസുരന്‍ മനുഷ്യമനസുകളില്‍ ഇന്നും തന്‍റെ സാമ്രാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ ആസുരിക ഭാവത്തെ ജയിച്ചെങ്കിലേ മനസ്സ് നിര്‍മ്മലമാവുകയൂള്ളൂ. മനസ്സിലുണ്ടാകുന്ന ദുര്‍വാസനകളെയും മാലിന്യങ്ങളെയും നശിപ്പിച്ചെങ്കിലേ ഈശ്വരസാക്ഷാത്ക്കാരത്തിന് മനസ്സിനെ പ്രാപ്തമാക്കാന്‍ സാധിക്കൂ. ആസുരിക, ദൈവികശക്തികളുടെ പോരാട്ടം ഓരോവ്യക്തികളിലും കാലാകാലങ്ങളില്‍ നടന്നുവരുന്നു. അപ്പോള്‍ ദൈവികശക്തിക്കു വിജയംനേടുവാനുള്ള ശക്തിയാണ് വേണ്ടത്. മനക്കരുത്താണ് വേണ്ടത്. ശക്തിസ്വരൂപിണിയായ ദുര്‍ഗ്ഗാദേവിയെത്തന്നെ ഇതിനായി ശരണം പ്രാപിക്കാം.
നവരാത്രിദിനങ്ങളച്ചല്‍ ദുര്‍ഗ്ഗാപൂജ വളരെ ശ്രേഷ്ഠമാണ്.
ദേവിയുടെ കഥകള്‍ വായിച്ചും കീര്‍ത്തനങ്ങള്‍ ചൊല്ലിയും ദുര്‍ഗ്ഗാപൂജകള്‍ നടത്തിയും ഭക്തര്‍ നവരാത്രി ദിവസങ്ങളെ ധന്യമാക്കുന്നു. ശക്തിദേവിയായ ദുര്‍ഗ്ഗയേയും ഐശ്വര്യദേവതയായ ലക്ഷ്മിയേയും വിദ്യാദേവതയായ സരസ്വതിയേയും മുമ്മൂന്നു ദിവസങ്ങളില്‍ പ്രാധ്യാന്യം നല്‍കി പൂജിക്കുന്ന രീതിയുമുണ്ട്. ശക്തി, ധനം, വിദ്യ ഇവയുടെ ആധിപത്യം ഈ ദേവതമാര്‍ക്കാണല്ലോ.
ദേവിയുടെ ഭിന്നഭാവങ്ങളെ വ്യത്യസ്ത അനുഭവമാക്കുന്നത്തിന് പ്രത്യേകം നാമരൂപാദികളില്‍ പൂജിച്ചുവരുന്നു.
ഭാഗവതം, ഉപനിഷതാദിഗ്രന്ഥങ്ങളില്‍ ദേവി ഉമയാണെങ്കില്‍ മഹാഭാരത്തില്‍ വ്രജവാസികളായ ഗോപസ്ത്രീകള്‍ ദേവിയെ പൂജിക്കുന്നത് കാര്‍ത്ത്യായനീവ്രതം അനുഷ്ഠിച്ചാണ്. വിജയശ്രീലാളിതയായ ദേവിയുടെ തിരുമുമ്പില്‍ ആരംഭിക്കുന്ന വിദ്യകളൊക്കെ വിജയപ്രദമാകുമെന്നതിനാല്‍ നൃത്തം, സംഗീതം, ആയോധന വിദ്യ, അക്ഷരവിദ്യ തുടങ്ങിയവയ്ക്ക് ആരംഭംകുറിക്കുന്നത് ഈ പുണ്യദിനത്തിലാണ് . .
(വൈശാഖ് വാസ്തു അസ്ട്രോ മിഷൻ ഡയറക്റ്ററാണ് ലേഖകൻ, ഫോൺ: 9447811618)