
ശ്രീഷ രവീന്ദ്രൻ എവറസ്റ്റിനു മുകളിൽ
പാലക്കാട്: എവറസ്റ്റ് കീഴടക്കി മലയാളിയായ ശ്രീഷ രവീന്ദ്രന്‍. ഷൊര്‍ണൂര്‍ കണയംതിരുത്തിയില്‍ ചാങ്കത്ത് വീട്ടില്‍ സി. രവീന്ദ്രന്‍റെ മകളായ ശ്രീഷ മേയ് 20നു രാവിലെ 10.30നാണ് ഈ വലിയ നേട്ടം സ്വന്തമാക്കിയത്. എവറസ്റ്റ് കീഴടക്കുന്ന രണ്ടാമത്തെ മലയാളി വനിത കൂടിയാണ് ശ്രീഷ.
ഏപ്രില്‍ ആദ്യ വാരത്തിലാണ് ശ്രീഷ എവറസ്റ്റ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്. 5,300 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പില്‍ നിന്ന് 6,900 മീറ്റര്‍ ഉയരമുള്ള ലോബുചെ പര്‍വതം വരെയുള്ള ആദ്യ ഘട്ടം ഏപ്രില്‍ 25നു പൂര്‍ത്തിയാക്കി. മേയ് 15നാണ് എവറസ്റ്റ് കയറ്റം തുടങ്ങിയത്. പിറ്റേന്ന് 6,400 മീറ്റര്‍ ഉയരമുള്ള ക്യാമ്പ്-രണ്ടിലെത്തി. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം പതിനെട്ടാം തീയതി വെറും അഞ്ചര മണിക്കൂര്‍ കൊണ്ട് 7,100 മീറ്റര്‍ ഉയരത്തിലുള്ള ക്യാമ്പ്-മൂന്നിൽ. 19നു പുലര്‍ച്ചെ മൂന്നു മണിക്ക് 7,920 മീറ്റര്‍ ഉയരമുള്ള ക്യാമ്പ്-നാലിലേക്കും, അവിടെനിന്ന് എവറസ്റ്റിന്‍റെ ഉയരങ്ങളിലേക്കുമുള്ള യാത്ര.
അതി ശക്തമായ ഹിമക്കാറ്റില്‍ 11 മണിക്കൂര്‍ നീണ്ട ആ കഠിന യാത്രക്കൊടുവില്‍ മേയ് 20നു രാവിലെ 10.30ന് ശ്രീഷ രവീന്ദ്രന്‍റെ കാല്‍പ്പാടുകള്‍ എവറസ്റ്റിനു മുകളില്‍ പതിഞ്ഞു.
പാലക്കാട്ടെ പച്ചപുതച്ച മലകളുടെ മടിത്തട്ടില്‍ നിന്ന് സാഹസികതയുടെ ബാലപാഠങ്ങള്‍ പഠിച്ചാണ് ശ്രീഷയുടെ യാത്ര ആരംഭിക്കുന്നത്. 15ാം വയസിലാണ് അച്ഛന്‍റെ കൈപിടിച്ച് കുന്നുകളും മലകളും കയറിത്തുടങ്ങിയത്. പിന്നീടങ്ങോട്ട് ശ്രീഷയ്ക്ക് പര്‍വതങ്ങളോടു പ്രണയമായി. ഇന്ത്യയിലും നേപ്പാളിലുമായി 6,000 മീറ്റര്‍ ഉയരമുള്ള ഏഴു കൊടുമുടികളും, 7,000 മീറ്റര്‍ ഉയരമുള്ള രണ്ട് കൊടുമുടികളും ഉള്‍പ്പെടെ പതിനഞ്ചോളം ഹിമാലയന്‍ കൊടുമുടികള്‍ ഇതിനകം ശ്രീഷ കീഴടക്കിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ പതിനഞ്ചോളം കൊടുമുടികള്‍ കീഴടക്കിയ ഏക മലയാളിയാണ് ശ്രീഷ രവീന്ദ്രന്‍.
''ജീവിതത്തില്‍ ഏറ്റവും സന്തോഷവും സമാധാനവും നല്‍കുന്ന കാര്യമാണ് എനിക്ക് മലകയറ്റം. ഓരോ സാഹസിക യാത്ര കഴിയുന്തോറും ആത്മവിശ്വാസവും അടുത്ത ഉയരങ്ങള്‍ കീഴടക്കാന്‍ ഉള്ള പ്രചോദനവുമാണ് ലഭിക്കുന്നത്. കൊടുമുടി കീഴടക്കുന്നതിനെക്കാള്‍, അതിലേക്കുള്ള യാത്രയാണ് എന്നെ സംബന്ധിച്ച് വലുത്'', ശ്രീഷ രവീന്ദ്രന്‍ പറഞ്ഞു.
ബംഗളൂരുവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ ശ്രീഷ നര്‍ത്തകി കൂടിയാണ്. ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുമാണ്. യുഎസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജയറാം നായരാണ് ഭര്‍ത്താവ്. തയ്ക്വാന്‍ഡോ എഷ്യന്‍ ചാംപ്യന്‍ഷിപ്പിൽ വെങ്കല മെഡല്‍ നേടിയ 12 വയസുകാരന്‍ നിരഞ്ജനാണ് മകന്‍. ജോലിയുടെ തിരക്കുകള്‍ക്കൊപ്പം, ഒരു അമ്മയുടെ ഉത്തരവാദിത്വങ്ങളും, പര്‍വതാരോഹണത്തിന്‍റെ ആവേശവും ഒരുപോലെ കൊണ്ടുപോകാന്‍ ശ്രീഷയ്ക്ക് കഴിയുന്നു.