
ഏഴ് മലേഷ്യൻ നഗരങ്ങളിൽ ഒന്നിലേക്ക് പോയി ക്വലാലംപുരിൽ തിരിച്ചെത്താനുള്ള സൗജന്യ റൗണ്ട് ട്രിപ്പ് ടിക്കറ്റാണ് മലേഷ്യൻ എയർലൈൻസ് നൽകുന്നത്
ക്വലാലംപുർ: വിദേശ രാജ്യത്തുനിന്ന് മലേഷ്യൻ എയർലൈൻസിൽ ടിക്കറ്റെടുത്ത് മറ്റൊരു രാജ്യത്തേക്കു പോകുന്നവർക്ക് ആകർഷക ഓഫർ. സൗജന്യമായി ഒരു മലേഷ്യൻ നഗരത്തിലേക്കുള്ള സൗജന്യ വിമാന ടിക്കറ്റാണ് നൽകുന്നത്. ടിക്കറ്റ് ഫ്രീയാണെങ്കിലും എയർപോർട്ട് നികുതി മാത്രം നൽകണം. റൗണ്ട് ട്രിപ്പിനുള്ള ടിക്കറ്റ്, അതായത് മലേഷ്യൻ ഡെസ്റ്റിനേഷനിൽ പോയി തിരിച്ചെത്താനുള്ള ടിക്കറ്റാണ് ലഭിക്കുക.
ഇന്ത്യ അടക്കമുള്ള രാജ്യക്കാർക്ക് മലേഷ്യ സന്ദർശിക്കാൻ വിസ ആവശ്യമില്ലാത്തതിനാൽ മലേഷ്യൻ എയർലൈൻസിൽ ദീർഘദൂര യാത്ര നടത്തുന്നവർക്ക് വലിയ ചെലവില്ലാതെ ഈ അവസരം ഉപയോഗപ്പെടുത്താൻ സാധിക്കും. ബോണസ് സൈഡ് ട്രിപ്പ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഏഴു മലേഷ്യൻ നഗരങ്ങളാണ് ഈ ഓഫറിന്‍റെ പരിധിയിൽ വരുന്നത്. മലേഷ്യൻ എയർലൈൻസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.malaysiaairlines.com വഴി ഇത് ബുക്ക് ചെയ്യാം. ഇന്ത്യയിൽനിന്ന് ഓസ്ട്രേലിയയിലേക്കും മറ്റും പോകുന്നവർക്ക് മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ പോകാനാവും. ഒറ്റ ടിക്കറ്റിൽ തന്നെയാണ് ബോണസ് ട്രിപ്പിനുള്ള സൗകര്യവും ഉൾപ്പെടുന്നത് എന്നതിനാൽ യാത്രയിൽ സങ്കീർണതകളുമില്ല.