

അവധി വേണമെങ്കിൽ, ഫ്ളൈറ്റ് ടിക്കറ്റ് അയച്ച് തരണം, മാനേജരെ ബ്ലോക്ക് ചെയ്ത് ജീവനക്കാരൻ
അവധി ചോദിക്കുമ്പോൾ മാനേജർമാരിൽ നിന്ന് ലഭിക്കുന്ന മറുപടികൾ പലപ്പോഴും അമ്പരപ്പിക്കാറുണ്ട്. അടുത്തിടെയാണ് ഭാര്യയുടെ പ്രസവത്തിന് അവധി ചോദിച്ച ഭർത്താവിനോട് ആശുപത്രിയിൽ ഇരുന്ന് പണിയെടുക്കാൻ പറഞ്ഞ എച്ച് ആറിനെക്കുറിച്ച് വാർത്തകൾ വന്നത്. ഇപ്പോൾ ഇതാ അവധി ചോദിച്ച ജീവനക്കാരനോട് വിമാനടിക്കറ്റ് അയച്ചു തരാൻ പറഞ്ഞിരിക്കുകയാണ് ഒരു മാനേജർ.
റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പിലൂടെ ഇന്ത്യക്കാരനായ ജീവനക്കാരനാണ് തന്‍റെ അനുഭവം പങ്കുവച്ചത്. ഒരു മാസം മുൻപ് അവധിയെക്കുറിച്ച് മാനേജരോട് സംസാരിച്ച് തീരുമാനിച്ചിരുന്നു. എന്നാൽ മാനേജർ കൺഫർമേഷൻ ഇമെയിൽ അയക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. അവസാനം വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ദിവസം ഹാഫ് ഡേ ജോലിക്ക് കയറാൻ ആവശ്യപ്പെടുകയായിരുന്നു. തന്‍റെ വിമാനം നേരത്തെ എടുക്കുമെന്നും അതിനാൽ ജോലിക്ക് വരാൻ പറ്റില്ലെന്നും പറഞ്ഞതോടെ വിമാന ടിക്കറ്റ് അയച്ചുകൊടുക്കാൻ മാനേജർ ആവശ്യപ്പെടുകയായിരുന്നു.
'സ്ക്രീൻഷോട്ടൊന്നുമല്ല മുഴുവൻ ബുക്കിങ് വിവരം പങ്കുവെക്കാനാണ് ആവശ്യപ്പെട്ടത്. ഞാൻ ഒന്നും പറയാതെ എസ്എംഎസ്സിലും കോളിലും വാട്സ്ആപ്പിലും അദ്ദേഹത്തെ ബ്ലോക്ക് ചെയ്തു. എന്നെ ഒരുപാട് തവണ വിളിക്കാനും മെസേജ് ചെയ്യാനും ശ്രമിച്ചു. തുറക്കാതെ ചാറ്റ് മുഴുവൻ ഡിലീറ്റ് ചെയ്തു. ഫോൺ സൈലൻറിലിക്കി. കിടന്നുറങ്ങി.'- റെഡ്ഡിറ്റ് പോസ്റ്റിൽ ജീവനക്കാരൻ കുറിച്ചു.
സോഷ്യൽ മീഡിയയിൽ വൈറലാവുകയാമ് പോസ്റ്റ്. നിരവധി പേരാണ് യുവാവിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതിനൊപ്പം ഭാവിയിലേക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാൻ തെളിവുകൾ സൂക്ഷിച്ചുവെക്കാൻ പറയുന്നവരുമുണ്ട്.