മണ്ണാറശാല ആയില്യം മഹോത്സവം നവംബർ 4 മുതൽ

ഇല്ലത്തെ ഏറ്റവും മുതിർന്ന അന്തർജനമായ ദിവ്യശ്രീ സാവിത്രി അന്തർജനം മണ്ണാറശാല അമ്മയായി അഭിഷിക്തയായി
Mannarasala Sree Nagaraja Temple
Mannarasala Sree Nagaraja TempleFile photo

ഹരിപ്പാട്: മണ്ണാറശാല ആയില്യം മഹോത്സവം പാരമ്പര്യ വിധിപ്രകാരമുളള ആചാരാനുഷ്ഠാനങ്ങളോടെ നവംബർ 4, 5, 6 തീയതികളിൽ നടക്കുമെന്ന് ക്ഷേത്രം അധികൃതർ. 1993 ഒക്ടോബർ 24 മുതൽ മൂന്ന് പതിറ്റാണ്ടുകളായി ക്ഷേത്രത്തിലെ മുഖ്യ പൂജാരിണിയായിരുന്ന മണ്ണാറശാല ദിവ്യശ്രീ ഉമാദേവി അന്തർജനം 2023 ഓഗസ്റ്റ് 9 ന് സമാധിയായതിനെ തുടർന്ന് മണ്ണാറശാല ഇല്ലത്തെ ഏറ്റവും മുതിർന്ന അന്തർജനമായ ദിവ്യശ്രീ സാവിത്രി അന്തർജനം മണ്ണാറശാല അമ്മയായി അഭിഷിക്തയായി.

ഉമാദേവി അന്തർജനത്തിന്‍റെ സമാധി വർഷമായതിനാൽ കലാ-സാംസ്കാരിക പരിപാടികൾ ഒഴിവാക്കി ഭക്തിപ്രദവും അദ്ധ്യാത്മികവുമായ പരിപാടികൾ മാത്രം ഉൾപ്പെടുത്തിയാണ് ഈ വർഷത്തെ ആയില്യ മഹോത്സവം നടക്കുന്നത്. അമ്മ സംവത്സര വ്രതദീക്ഷയിൽ തുടരുന്നതിനാൽ ഈ വർഷം ആയില്യം നാളിലെ എഴുന്നള്ളത്തും നിലവറയ്ക്കു സമീപം അമ്മ നടത്തുന്ന വിശേഷാൽ പൂജകളും ഉണ്ടായിരിക്കില്ല.

കുടുംബ കാരണവരുടെ നേതൃത്വത്തിൽ ക്ഷേത്ര ശ്രീകോവിലിലാണ് ആയില്യം നാളിലെ പൂജകൾ നടക്കുന്നത്. ആയില്യ മഹോത്സവത്തിനു മുന്നോടിയായി എരിങ്ങാടപ്പള്ളിക്കാവിലേതുൾപ്പെടെ അനുബന്ധക്കാവുകളിലെ പൂജകൾ നടക്കും. കാവിൽ പൂജകൾ ആരംഭിച്ചു. പുണർതം നാളിൽ പൂർത്തിയാകും. പ്രധാന ശ്രീകോവിലുകളിൽ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും കീഴ്പ്പതിവിൻപടിയുള്ള നാലു ദിവസത്തെ കളഭമുഴുക്കാപ്പ് ചാർത്തൽ നവംബർ ഒന്നാം തീയതി രോഹിണി നാളിൽ ആരംഭിക്കും.

മുൻവർഷത്തെപ്പോലെ തിരുവാതിര നാളിൽ നാഗരാജാവിന് ഏകാദശ രുദ്രാഭിഷേകവും ഇല്ലത്ത് നിലവറയ്ക്കു സമീപം സർപ്പം പാട്ടുതറയിൽ പ്രത്യേകം തയ്യാറാക്കുന്ന മണ്ഡപത്തിൽ രാവിലെ 6.30 നും 10.30 നും മദ്ധ്യേ രുദ്രമൂർത്തിയായ മഹാദേവന് രുദ ഏകാദശിനീ കലശാഭിഷേകവും നടക്കും. മുഴുക്കാപ്പ് ചാർത്തൽ പൂർണ്ണമാകുന്ന നവംബർ 4ന് പുണർതസന്ധ്യയിൽ നടക്കുന്ന മഹാദീപക്കാഴ്ചയോടെ ആയില്യ ഉത്സവാഘോഷങ്ങൾ ആരംഭിക്കും.

അനന്ത- വാസുകീ ചൈതന്യങ്ങൾ ഏകീഭാവത്തിൽ കുടികൊള്ളുന്ന മണ്ണാറശാലയിൽ, വിശേഷാൽ പൂജാദി നൈവേദ്യങ്ങളാൽ സംപ്രീതനായിരിക്കുന്ന സാക്ഷാൽ അനന്തഭഗവാന്റെ ദർശന പുണ്യമായ പൂയം തൊഴൽ നവംബർ 5ന് നടക്കും. നിലവറയിൽ നിത്യവാസം ചെയ്യുന്ന നാഗരാജാവായ അനന്ത സങ്കൽപ്പത്തിലുള്ള തിരുവാഭരണമാണ് അന്നേ ദിവസം ക്ഷേത്ര ശ്രീകോവിലിൽ ഭഗവാന് ചാർത്തുന്നത്. നവംബർ 6ന് വിശ്വപ്രസിദ്ധമായ മണ്ണാറശാല ആയില്യം. പരമ്പര്യ വിധിയനുസരിച്ച് നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ആചാര പ്രകാരം ആയില്യം നാളിൽ ക്ഷേത്ര ശ്രീകോവിലിൽ പൂജകൾക്ക് നേതൃത്വം വഹിക്കുന്നത് കുടുംബ കാരണവരാണ്.

കുടുംബ കാരണവരുടെ നേതൃത്വത്തിൽ കലശാഭിഷേകവും നാഗരാജാവിന്‍റെ വാസുകീ ഭാവത്തിലുള്ള തിരുവാഭരണം ചാർത്തിയുമുള്ള പ്രത്യേക പൂജകളും നൂറുംപാലും നടക്കും. ആയില്യം നാളിൽ രാവിലെ 9.30 ന് ശേഷം മണ്ണാറശാല അമ്മ ദിവ്യശ്രീ സാവിത്രി അന്തർജനം നിലവറയ്ക്ക് സമീപം തെക്കേ തളത്തിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com