

40 കഴിഞ്ഞ സ്ത്രീകൾ ദാമ്പത്യത്തിൽ നിന്ന് പിന്മാറുന്നു!! എന്താണ് മെനോ ഡിവോഴ്സ്‍?
സൈലന്‍റ് ഡിവോഴ്സ്, ഗ്രേ ഡിവോഴ്സ് എന്നിങ്ങനെ ഡിവോഴ്സിന്‍റെ പല ഭാവങ്ങൾ നാം പലപ്പോഴും കണ്ടിട്ടുണ്ട്. ഇപ്പോഴിതാ മെനോ ഡിവോഴ്സ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. 40 നും 60 നും ഇടയിൽ വർധിച്ച് വരുന്ന വിവാഹ മോചനത്തെ സൂചിപ്പിക്കുന്നതാണ് മെനോ ഡിവോഴ്സ്.
സ്ത്രീകളിലെ ആർത്തവ വിരാമ ഘട്ടത്തെ മെനോപോസ് (Menopause) എന്ന് വിളിക്കപ്പെടുന്നു. ഈ കാലഘട്ടത്തിൽ സ്ത്രീകൾ അവരുടെ ദാമ്പത്യജീവിത്തിലുണ്ടാക്കുന്ന പ്രധാന മാറ്റത്തെയാണ് മെനോ ഡിവോഴ്സ് എന്ന പറയുന്നത്.
ആർത്തവവിരാമ (Menopause) സമയത്ത് സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ കാരണം വിവാഹബന്ധത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അതുവഴിയുള്ള വേർപിരിയലുമാണ് ഈ പദം കൊണ്ട് ഉദേശിക്കുന്നത്.
ഇത് ഒരു മെഡിക്കൽ പദമല്ല, മറിച്ച് മധ്യവയസ്കരായ സ്ത്രീകളുടെ ജീവിതത്തിലെ ഒരു സാംസ്കാരിക അനുഭവമായാണ് കണക്കാക്കുന്നത്. പലപ്പോഴും ഇത് ദാമ്പത്യത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു. ആർത്തവ വിരാമത്തിന്‍റെ ഫലമായി ഉണ്ടാകുന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾ, വൈകാരികമായ ബുദ്ധിമുട്ടുകൾ, അസ്വസ്ഥത, ഏകാന്തത, ലൈംഗിക ബന്ധത്തിലുള്ള താല്പര്യക്കുറവ്, ദേഷ്യം എന്നിവയും നിലവിലുള്ള പ്രശ്നങ്ങളെ വഷളാക്കുകയും വേർപിരിയലിലേക്ക് നയിക്കുകയും ചെയ്യാം.
ആർത്തവവിരാമം പലപ്പോഴും സ്ത്രീകളെ സ്വയം തിരിച്ചറിയാനും അവരുടെ ആവശ്യങ്ങൾ പ്രാധാന്യം നൽകാനും പ്രേരിപ്പിക്കുന്നു, ഇത് ദാമ്പത്യത്തിൽ പുതിയ സമീപനങ്ങൾക്ക് കാരണമാകുന്നു. വർഷങ്ങളായി സഹിച്ചിരുന്ന പ്രശ്നങ്ങൾ ഇനി വേണ്ടെന്ന് സ്ത്രീകൾ തീരുമാനിക്കുകയും ചെയ്യുന്നതാണ് ഇതിന്‍റെ പ്രധാന കാരണം.