

ആദ്യ ഡേറ്റിങ്ങിന് ചെലവായത് 20500 രൂപ
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുമായി ആദ്യമായി നേരിൽ കണ്ട 23കാരനായ ഡൽഹി സ്വദേശിക്ക് ആദ്യ ഡേറ്റ് തന്നെ മറക്കാനാകാത്ത അനുഭവമായി. യുവതി ഓർഡർ ചെയ്ത വിലകൂടിയ ഷാംപെയ്ൻ, ഹുക്ക, ഭക്ഷണം എന്നിവയുടെ ബില്ലായി വന്നത് 20,500 രൂപ. തന്‍റെ അനുഭവം റെഡിറ്റിൽ പങ്കുവച്ച യുവാവിന്‍റെ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
'എന്‍റെ ആദ്യ ഡേറ്റിന് എനിക്ക് ചെലവായത് 20.5k' എന്ന തലക്കെട്ടിലാണ് യുവാവ് അനുഭവം പങ്കുവച്ചത്. ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട യുവതിയുമായി കുറച്ചുനേരം ചാറ്റ് ചെയ്ത ശേഷം അതേ ദിവസം തന്നെ നേരിൽ കാണാൻ തീരുമാനിക്കുകയായിരുന്നു. മെട്രോ സ്റ്റേഷനിൽ നിന്ന് യുവതി തന്നെ കൂട്ടിക്കൊണ്ടുപോയത് ഒരു പബ്ബിലേക്കായിരുന്നു. താൻ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന ആളല്ലെന്നും, ഒരു കഫേയിലേക്കാണെന്ന് കരുതിയാണ് പോയതെന്നും യുവാവ് പറയുന്നു. എന്നാൽ അവിടെ എത്തിയതോടെ യുവതി തുടർച്ചയായി വിലകൂടിയ ഷാംപെയ്ൻ ഓർഡർ ചെയ്യാൻ തുടങ്ങി. ഏകദേശം 13,000 രൂപയുടെ ഷാംപെയ്ൻ, 6,000 രൂപയുടെ രണ്ട് ഹുക്ക, ഭക്ഷണം എന്നിവ ചേർന്നാണ് ഒടുവിൽ 20,500 രൂപയുടെ ബിൽ വന്നത്.
പ്രതിമാസ ശമ്പളത്തിന്‍റെ പകുതിയോളം തുകയാണ് ആദ്യ ഡേറ്റിൽ ചെലവാക്കേണ്ടിവന്നതെന്ന് യുവാവ് പറയുന്നു. എന്നാൽ പണം നഷ്ടമായതല്ല തന്നെ കൂടുതൽ വിഷമിപ്പിച്ചതല്ലെന്നും, ആ അനുഭവമാണ് ഏറെ വേദനിപ്പിച്ചതെന്നും അദ്ദേഹം കുറിച്ചു. ബിൽ വന്നപ്പോൾ യുവതി അത് പങ്കിട്ട് അടയ്ക്കാമെന്ന് പോലും പറഞ്ഞില്ല. ബിൽ മേശയിലെത്തിയ സമയത്ത് യുവതി ശുചിമുറിയിലേക്ക് പോയിരുന്നതായും അദ്ദേഹം പറഞ്ഞു. അത് യാദൃശ്ചികമായിരിക്കാം, അല്ലാതെയായിരിക്കാം; തെളിവില്ലാതെ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും യുവാവ് കുറിച്ചു.
ഈ അനുഭവത്തിൽ നിന്ന് പാഠം പഠിച്ചെന്നും, ഇത്തരമൊരു തെറ്റ് ഇനി ആവർത്തിക്കില്ലെന്നും യുവാവ് പറഞ്ഞു. മറ്റുള്ളവർക്ക് മുൻകരുതൽ എടുക്കാനാണ് തന്‍റെ അനുഭവം പങ്കുവയ്ക്കുന്നതെന്നും കൂട്ടിച്ചേർത്തു. കൂടിക്കാഴ്ച നടന്ന പബ്ബിന്‍റെ വിലാസവും അദ്ദേഹം പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. തനിക്ക് ഇതുവരെ പ്രണയബന്ധമോ ഡേറ്റിങ് അനുഭവമോ ഉണ്ടായിട്ടില്ലെന്നും, ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിലായിരുന്നതിനാൽ പെൺകുട്ടികളുമായി ഇടപഴകാൻ അധിക പരിചയമില്ലായിരുന്നുവെന്നും അതുകൊണ്ടാണ് ഡേറ്റിങ്ങിന് പോയതെന്നും യുവാവ് കുറിച്ചു.
പോസ്റ്റിന് താഴെ പ്രതികരിച്ച നിരവധി പേർ ഇത് ഡൽഹിയിൽ വ്യാപകമായ ഒരു "ഡേറ്റിങ് ആപ്പ് സ്കാം" ആണെന്ന് അഭിപ്രായപ്പെട്ടു. യുവതികളെ ഉപയോഗിച്ച് ആളുകളെ ബാറുകളിലേക്കോ ലൗഞ്ചുകളിലേക്കോ എത്തിച്ച് അമിത വിലയുള്ള ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്യിപ്പിക്കുകയും, പിന്നീട് വൻ തുക ഈടാക്കുകയും ചെയ്യുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി ചിലർ ആരോപിച്ചു. റെസ്റ്റോറന്‍റുകൾക്കും ഇത്തരം തട്ടിപ്പിൽ പങ്കുണ്ടാകാമെന്നും നിരവധി പേർ കമന്‍റുകളിൽ ചൂണ്ടിക്കാട്ടി.