'പണിയെടുക്കാതെ തിന്നുമുടിക്കുന്ന ഇവരെ ആദ്യം പുറത്താക്കൂ', വൈറലായി മൈക്രോസോഫ്റ്റ് ജീവനക്കാരുടെ പഴയ റീലുകൾ

രാവിലെ ഓഫിസിൽ എത്തുമ്പോൾ കിട്ടുന്ന കോഫി മുതൽ മികച്ച ഭക്ഷണവും സ്നാക്സുകളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു റീലുകൾ
Microsoft Employees old reel viral

'പണിയെടുക്കാതെ തിന്നുമുടിക്കുന്ന ഇവരെ ആദ്യം പുറത്താക്കൂ', വൈറലായി മൈക്രോസോഫ്റ്റ് ജീവനക്കാരുടെ പഴയ റീലുകൾ

Updated on: 

ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് മൈക്രോസോഫ്റ്റ് 60,000 ജീവനക്കാർക്ക് വിരമിക്കൽ പാക്കേജ് പ്രഖ്യാപിച്ചത്. നിർബന്ധിത പിരിച്ചുവിടലിന് പകരമായി സ്വമേധയ തെരഞ്ഞെടുക്കാവുന്ന വിരമിക്കൽ പാക്കേജാണ് പ്രഖ്യാപിച്ചത്. എഐയിൽ നിക്ഷേപം നടത്താനും ചെലവ് നിയന്ത്രിക്കാനും വേണ്ടിയാണ് മൈക്രോസോഫ്റ്റിന്‍റെ കടുംകൈ. എന്നാൽ ഈ തീരുമാനം പുറത്തുവന്നതിനു പിന്നാലെ മൈക്രോസോഫ്റ്റിലെ ജീവനക്കാരുടെ പഴയ വിഡിയോകളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാവുന്നത്.

ജീവനക്കാർക്കായി ആഡംബര സൗകര്യങ്ങളാണ് മൈക്രോസോഫ്റ്റ് ഒരുക്കിയിരുന്നത്. പലരും ഇതിന്‍റെ റീലുകളും ഇൻസ്റ്റഗ്രാമിൽപങ്കുവച്ചിരുന്നു. രാവിലെ ഓഫിസിൽ എത്തുമ്പോൾ കിട്ടുന്ന കോഫി മുതൽ മികച്ച ഭക്ഷണവും സ്നാക്സുകളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു റീലുകൾ. ഭക്ഷണത്തിനു പുറമെ നടക്കാനും സഹപ്രവർത്തകരുമായി സമയം ചെലവഴിക്കാനായി പ്രത്യേക സമയവും അനുവദിച്ചിട്ടുണ്ട്. മാത്രമല്ല ചില ഓഫിസുകളിൽ ജിമ്മുകൾ വരെ ജീവനക്കാർക്കായി ഒരുക്കിയിരുന്നു. ഇതെല്ലാം റീലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൈക്രോസോഫ്റ്റ് എൻജിനീയറുടെ ഒരു ദിവസം, മൈക്രോസോഫ്റ്റ് ഓഫിസിൽ ഞാൻ കഴിക്കുന്നത് തുടങ്ങിയ അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പണ്ട് സോഷ്യൽ മീഡിയ ആഘോഷമാക്കിയ ഈ വിഡി‍യോകൾ ഇപ്പോൾ വലിയ വിമർശനങ്ങൾക്കാണ് കാരണമായിരിക്കുന്നത്. ജീവനക്കാർക്ക് ഏർപ്പെടുത്തിയ ആഡംബര സൗകര്യങ്ങളാണ് കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയത് എന്ന തരത്തിലാണ് വിമർശനങ്ങൾ.

മൈക്രോസോഫ്റ്റ് തന്‍റെ ജീവനക്കാരുടെ റീൽ കണ്ട് ഇവർ പണിയെടുക്കാതെ ഭക്ഷണം കഴിച്ച് നടക്കുകയാണെന്ന് മനസിലാക്കിയാണ് 60,000 പേരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത് എന്നാണ് കമന്‍റുകൾ. മാത്രമല്ല ഇത്തരത്തിൽ ഭക്ഷണം കഴിച്ച് സമയം കളഞ്ഞവരെയാണ് പിരിച്ചുവിടേണ്ടത് എന്നുമാണ് നെറ്റിസൺസ് മൈക്രോസോഫ്റ്റിനെ ഉപദേശിക്കുന്നത്.

എന്നാൽ കമ്പനി നൽകിയ സൗകര്യം പ്രയോജനപ്പെടുത്തുകമാത്രമാണ് ഇവർ ചെയ്യുന്നതെന്നും ഇത്തരം ചിന്താഗതി പോലും തെറ്റാണെന്നും പറയുന്നവരും നിരവധിയാണ്. കൃ‌ത്യമായി ശമ്പളം പോലും ലഭിക്കാത്തവരാണ് ഇത്തരം കമന്‍റുകൾ നടത്തുന്നത്. 60,000 പേരുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം കാര്യമെങ്കിലും പരിഹാസത്തിനായി ഉപയോഗിക്കരുത് എന്നാണ് കമന്‍റുകൾ.

logo
Metro Vaartha
www.metrovaartha.com