കൊളാജൻ സപ്ലിമെന്‍റുകള്‍ക്ക് പിന്നിലെ തെറ്റിധാരണകൾ | Video
ചര്‍മം യുവത്വമുള്ളതാക്കാന്‍ കൊളാജന്‍ സപ്ലിമെന്‍റുകള്‍ സ്വീകരിക്കുന്നതാണ് എളുപ്പമാര്‍ഗമെന്ന് കരുതുന്നവര്‍ നമ്മളിൽ ഏറെയാണ്. ചര്‍മത്തിന്‍റെ ഇലാസ്തികത നിലനിര്‍ത്താനും തിളക്കമുള്ളതാക്കാനും കൊളാജന്‍ അനിവാര്യമാണ്. ശരീരത്തിലെ മൊത്തം പ്രോട്ടീനിന്‍റെ 30 ശതമാനം വരുന്ന ഒരു അവശ്യ പ്രോട്ടീനുംകൂടിയാണ് കൊളാജന്‍, എന്നാല്‍ പ്രായം കൂടുന്തോറും ശരീരത്തില്‍ കൊളാജന്‍ കുറഞ്ഞു തുടങ്ങും ഇതിന്‍റെ ഫലമായി ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകാം.
പ്രായം മാത്രമല്ല, സമ്മര്‍ദവും പാരിസ്ഥിക ഘടകങ്ങളും ചര്‍മത്തില്‍ കൊളാജന്‍റെ അളവു കുറയ്ക്കാം. ഇതിനെല്ലാം പരിഹാരമെന്ന രീതിയിലാണ് കൊളാജന്‍ സപ്ലിമെന്‍റുകളെ പലരും ആശ്രയിക്കുന്നത്. എന്നാല്‍ കൊളാജന്‍ സപ്ലിമെന്‍റുകള്‍ 8 മുതല്‍ 12 ആഴ്ചകള്‍ തുടര്‍ച്ചയായി കഴിക്കുമ്പോഴാണ് ചെറിയ തോതിലെങ്കിലും ഫലമുണ്ടാവുകയെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രകൃതിദത്തമായി കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ഏറെ ഗുണം ചെയ്യുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.