

മിസ് യൂണിവേഴ്സ് കിരീടം നേടിയ പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ
പ്യൂർട്ടോ റിക്കോ: മിസ് യൂണിവേഴ്സ് 2026 കിരീടം പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ സ്വന്തമാക്കി. രാജ്യാന്തര സൗന്ദര്യമത്സരത്തിന്‍റെ 75ാമത് പതിപ്പിലാണ് ജെന്നിഫർ കിരീടം ചൂടിയത്. അതേസമയം, ഇന്ത്യയുടെ കെസിയ ലിസ് മെജോ ആദ്യ 30 പേരുടെ പട്ടികയിൽ ഇടംനേടി.
പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗ്വൽ അഗ്രലോട്ട് കൊളീസിയത്തിലാണ് മത്സരം നടന്നത്. 2025ൽ മിസ് യൂണിവേഴ്സ് കിരീടം നേടിയ മെക്സിക്കോയുടെ ഫാത്തിമ ബോഷ് വിജയിയെ കിരീടം അണിയിച്ചു. 116 മത്സരാർഥികൾ ആഴ്ചകളോളം നീണ്ട മത്സരങ്ങളിൽ പങ്കെടുത്തു. വ്യക്തിഗത മികവുകൾ അവതരിപ്പിക്കുന്ന പരിപാടികളും വിവിധ സംസ്കാരങ്ങളുടെ ആഘോഷങ്ങളും മത്സരത്തിന്‍റെ ഭാഗമായി നടന്നു.
മത്സരത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഇത്തവണ പ്രത്യേക കിരീടവും അവതരിപ്പിച്ചു. 'ദ റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി' എന്ന പേരിലുള്ള കിരീടം നവംബറിലാണ് മിസ് യൂണിവേഴ്സ് സംഘടന പുറത്തിറക്കിയത്. ആഭരണ ഡിസൈനർ ജോർജ് വിറ്റൽസും പാരീസിലെ ആഭരണനിർമാണ സ്ഥാപനമായ മൈസൺ ഡി ഓറും ചേർന്നാണ് കിരീടം രൂപകൽപ്പന ചെയ്തത്. 18 കാരറ്റ് വെളുത്ത സ്വർണത്തിൽ പതിപ്പിച്ച 3,150 വജ്രങ്ങളാണ് കിരീടത്തിലുള്ളത്.
അതേസമയം, വിസാ തടസങ്ങളും ഫ്രാഞ്ചൈസി തർക്കങ്ങളും കാരണം നിരവധി മത്സരാർഥികൾ പിന്മാറിയതും മിസ് യൂണിവേഴ്സ് ഇസ്രയേലിന്‍റെ ദേശീയ വേഷം വിവാദമായതും ഇത്തവണത്തെ മത്സരത്തെ വാർത്തകളിൽ ഇടംപിടിപ്പിച്ചിരുന്നു.
ടെലിവിഷൻ അവതാരകൻ മരിയോ ലോപ്പസും 2022ലെ മിസ് യൂണിവേഴ്സ് ജേതാവ് ആർ ബോണി ഗബ്രിയേലുമാണ് ഇത്തവണത്തെ ഗ്രാൻഡ് ഫിനാലെ അവതരിപ്പിച്ചത്.