മിസ് യൂണിവേഴ്സ്: മലയാളി താരം കെസിയ ലിസ് മെജോ പുറത്തായി; ടോപ് 12ൽ ഇടംനേടാനായില്ല

ആദ്യ 30 പേരുടെ പട്ടികയിൽ ഇടംപിടിച്ച ശേഷമാണ് 19കാരിയായ നിയമവിദ്യാർഥിനി മത്സരത്തിൽ നിന്ന് പുറത്തായത്
Kerala girl to represent India in Miss Universe

മിസ് യൂണിവേഴ്സ് മത്സരവേദിയിൽ കെസിയ ലിസ് മെജോ

Updated on: 

പ്യൂർട്ടോ റിക്കോ: മിസ് യൂണിവേഴ്സ് 2026 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം കെസിയ ലിസ് മെജോയ്ക്ക് ടോപ് 12ൽ ഇടംനേടാനായില്ല. ആദ്യ 30 പേരുടെ പട്ടികയിൽ ഇടംപിടിച്ച ശേഷമാണ് 19കാരിയായ നിയമവിദ്യാർഥിനി മത്സരത്തിൽ നിന്ന് പുറത്തായത്.

ചിലി, ഡൊമിനിക്കൻ റിപ്പബ്ലിക്, അമെരിക്ക, ന്യൂസിലൻഡ്, ക്യൂബ, പ്യൂർട്ടോ റിക്കോ, ഫിലിപ്പീൻസ്, കൊളംബിയ, നിക്കരാഗ്വ, വെനസ്വേല, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് അവസാന 12ൽ ഇടംനേടിയത്.

ഓഗസ്റ്റിൽ മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം നേടിയ കെസിയ, ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി വനിതയാണ്. 52 മത്സരാർത്ഥികളെ പിന്തള്ളിയാണ് കെസിയ ദേശീയ കിരീടം സ്വന്തമാക്കിയത്. തുടർന്ന് പ്യൂർട്ടോ റിക്കോയിൽ നടന്ന 75ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

മത്സരത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ കേരളത്തിന്‍റെ സംസ്കാരവും പാരമ്പര്യവും ആഗോള വേദിയിൽ അവതരിപ്പിച്ചാണ് കെസിയ ശ്രദ്ധ നേടിയത്. വ്യക്തിഗത അഭിമുഖ റൗണ്ടിൽ കേരളത്തിന്‍റെ പരമ്പരാഗത കസവ് സാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വസ്ത്രമാണ് താരം ധരിച്ചത്. ദേശീയ വസ്ത്ര മത്സരത്തിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന തുണിത്തര പാരമ്പര്യവും കേരളത്തിന്‍റെ പ്രകൃതിഭംഗിയും വാസ്തുവിദ്യാ പൈതൃകവും അടയാളപ്പെടുത്തുന്ന വേഷമാണ് അവതരിപ്പിച്ചത്. കിരീടം നേടാനായില്ലെങ്കിലും കേരളത്തിന്‍റെ പൈതൃകവും ഇന്ത്യൻ കൈത്തറി പാരമ്പര്യവും അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിക്കാൻ കെസിയയ്ക്ക് സാധിച്ചു.

2021ൽ ഹർനാസ് സന്ധുവാണ് ഇന്ത്യയിൽ നിന്ന് ഏറ്റവുമൊടുവിൽ മിസ് യൂണിവേഴ്സ് കിരീടം നേടിയ താരം. അതിന് മുൻപ് 1994ൽ സുഷ്മിത സെനും 2000ൽ ലാറ ദത്തയും ഇന്ത്യയിലേക്ക് അഭിമാനകരമായ ഈ കിരീടം എത്തിച്ചിരുന്നു.