
റീന വർഗീസ് കണ്ണിമല
അന്തരീക്ഷ താപനില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. ഇത്തിരി തണുത്ത വെള്ളവും തണുത്ത ഭക്ഷണവും ഒക്കെ താത്പര്യം തോന്നുന്ന സമയം. ഫ്രിഡ്ജിന് അടുക്കളയിൽ മുമ്പെന്നത്തെക്കാളും പരിഗണന കിട്ടുന്ന കാലം. അതു കൊണ്ടു തന്നെ ഫ്രിഡ്ജില്ലാതെ ജീവിക്കാൻ വയ്യ. ഇനി ഫ്രിഡ്ജിന്‍റെ സ്ഥിര ഉപയോഗമോ? അത് കൊണ്ടു നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടുതാനും.
ഇവിടെയാണ് ഗുജറാത്തുകാരൻ മൻസുഖ്ഭായ് പ്രജാപതി വിജയം കൊയ്യുന്നത്. ലോകം മുഴുവൻ അറിയപ്പെടുന്ന, ഫോർബ്സിന്‍റെ പട്ടികയിൽ ഇടംപിടിച്ച, പരിസ്ഥിതി സൗഹൃദ കളിമൺ ഫ്രിഡ്ജ് നിർമാതാവാണ് കക്ഷി. മിട്ടി കൂൾ എന്നാണ് അദ്ദേഹത്തിന്‍റെ കളിമൺ ഫ്രിഡ്ജ് കമ്പനിയുടെ പേര്. മിട്ടി എന്നാൽ ഹിന്ദിയിൽ മണ്ണ് എന്നർഥം.
ഇവിടെ കളി മണ്ണു കൊണ്ട് ഫ്രിഡ്ജ് മാത്രമല്ല, 250ഓളം വ്യത്യസ്ത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിൽ പ്രഷർ കുക്കറും ഉൾപ്പെടുന്നു.
ഒരു കൊച്ചു കുഗ്രാമത്തിൽ പാവപ്പെട്ട ഒരു കുശവ കുടുംബത്തിൽ ജനിച്ച പ്രജാപതിക്ക് ദാരിദ്ര്യം നിറഞ്ഞ സാഹചര്യം മൂലം പഠനം പത്താം ക്ലാസിൽ വച്ച് നിർത്തേണ്ടി വന്നു. തങ്ങളെ പോലെ തികഞ്ഞ ദാരിദ്ര്യം നിറഞ്ഞ കുലത്തൊഴിലിലേക്ക് മകൻ ഇറങ്ങുന്നതിനെ അദ്ദേഹത്തിന്‍റെ അച്ഛൻ നഖശിഖാന്തം എതിർത്തു. മൺപാത്ര നിർമാണവുമായി നടന്നാൽ ദാരിദ്ര്യമല്ലാതെ മറ്റൊന്നും കൂട്ടുണ്ടാകില്ലെന്നും നല്ലൊരു പെൺകുട്ടിയെ ആരും നിനക്കു വിവാഹം കഴിച്ചു തരില്ലെന്നും മൻസുഖിനെ അവന്‍റെ അച്ഛൻ നിരന്തരം ഓർമിപ്പിച്ചു കൊണ്ടിരുന്നു.
ഇതോടെ തങ്ങൾ പരമ്പരാഗതമായി ഉപയോഗിച്ചു വന്ന കുശവ ചക്രത്തിന് പകരം ഒരു ടൈൽ പ്രസ് വിന്യസിച്ച് ഒരു മൺ പ്ലേറ്റ് നിർമാണ ഫാക്റ്ററി ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിനായി താൻ ചെയ്തു കൊണ്ടിരുന്ന തൊഴിലുപേക്ഷിച്ചു. ഒരു പണമിടപാടുകാരനിൽ നിന്ന് 30,000 രൂപ കടം വാങ്ങി, വാങ്കനേറിൽ ഒരു വർക്ക് ഷോപ്പ് സ്ഥാപിക്കാൻ കുറച്ച് സ്ഥലം വാങ്ങി.
കളിമൺ വാട്ടർ ഫിൽറ്ററുകൾ വിതരണം ചെയ്യാൻ കഴിയുന്ന ഒരു കച്ചവടക്കാരനെ തേടി അലഞ്ഞു. അത് ഫലം കണ്ടു.1995ൽ ആദ്യമായി അദ്ദേഹത്തിന്‍റെ കളിമൺ വാട്ടർ ഫിൽറ്ററുകളെ തേടി കെനിയയിൽ നിന്നുമൊരു ബൃഹത് ഓർഡർ ലഭിച്ചു. അങ്ങനെ ജീവിതം സ്വച്ഛന്ദമായി നീങ്ങവേയാണ് 2001ലെ ഗുജറാത്തിനെ പിടിച്ചു കുലുക്കിയ ഭൂകമ്പം. ഈ ഭൂകമ്പമാണ് കളിമണ്ണു കൊണ്ടുള്ള ഫ്രിഡ്ജ് നിർമാണത്തിലേയ്ക്ക് അദ്ദേഹത്തെ വഴി നയിച്ചത്.
ആ ഭൂകമ്പത്തിൽ തങ്ങളുടെ തകർന്നു കിടക്കുന്ന കളിമൺ പാത്രങ്ങളുടെ ഫോട്ടോ എടുക്കാൻ വന്ന പത്രപ്രവർത്തകർ പാവപ്പെട്ടവരുടെ ഫ്രിഡ്ജ് എന്നാണ് ഭൂകമ്പത്തിൽ പൊട്ടിത്തകർന്നു പോയ അവരുടെ ആ അധ്വാനത്തെ പരിഹസിച്ചത്. ആ പരിഹാസം ഒരു വെല്ലുവിളിയായി പ്രജാപതി ഏറ്റെടുത്തു. എന്തു കൊണ്ട് കളിമണ്ണു കൊണ്ട് ഫ്രിഡ്ജ് ഉണ്ടാക്കിക്കൂടാ എന്നായി അദ്ദേഹത്തിന്‍റെ ചിന്ത. അങ്ങനെയാണ് മിട്ടി കൂൾ കമ്പനിയുടെ ആരംഭം. 2001ൽ രജിസ്റ്റർ ചെയ്ത മിട്ടി കൂളിന്‍റെ സ്വന്തം കളിമൺ ഫ്രിഡ്ജ് 2005ൽ ആദ്യമായി നിർമിക്കപ്പെട്ടു.
ആ സ്വപ്ന സാക്ഷാത്കാരത്തിനായി അദ്ദേഹത്തിന് നാലു വർഷം വേണ്ടി വന്നു. ഒരിക്കൽ ഗ്രാമീണർ കഴിവു കെട്ടവൻ എന്നു പുച്ഛിച്ചു തള്ളിയ ആ പത്താംക്ലാസ് തോറ്റവനെ 2010-ൽ, ഫോർബ്സിന്‍റെ മികച്ച 7 ഗ്രാമീണ സംരംഭകരുടെ പട്ടികയിലേയ്ക്ക് ഈ മൺ റഫ്രിജേറ്റർ ഉയർത്തി. നിലവിൽ 150 ഡീലർ മാരും 60 ഡിസ്ട്രിബ്യൂട്ടർമാരും ഒമ്പത് ഷോ റൂമുകളും പ്രജാപതിയുടെ സ്വന്തം മിട്ടി കൂളിനുണ്ട്. പാലും പഴങ്ങളും പച്ചക്കറികളും ഇതിൽ ഒരാഴ്ച വരെ കേടു കൂടാതെയിരിക്കും.
കളിമണ്ണ് ഉപയോഗിച്ച് വാട്ടർ ഫിൽറ്ററുകൾ, പ്രഷർ കുക്കറുകൾ, നോൺ-സ്റ്റിക്ക് തവകൾ എന്നിവയും അദ്ദേഹം നിർമിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം മൻസുഖ്ഭായിയെ ഒരു 'യഥാർഥ ശാസ്ത്രജ്ഞൻ' എന്നാണ് വിശേഷിപ്പിച്ചത്. എയർ കണ്ടീഷണർ ഇല്ലാതെ കൂളായി നിൽക്കുന്ന കളിമൺ വീട് നിർമിക്കാനുള്ള തിരക്കിലാണ് ഇപ്പോൾ അദ്ദേഹം. നിരവധി ഗ്രാമീണർക്ക് ഇന്ന് മിട്ടി കൂൾ അന്നദാതാവാകുന്നു.
മിറ്റി കൂൾ ഫ്രിഡ്ജിന്‍റെ പ്രവർത്തനം ബാഹ്യ താപനിലയെയും ഈർപ്പത്തെയും ആശ്രയിച്ചിരിക്കുന്നു. വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയിൽ ഇത് നന്നായി പ്രവർത്തിക്കുന്നു. സാധാരണയായി ഇത് ശ്രദ്ധയോടെ ഉപയോഗിച്ചാൽ പൊട്ടില്ല. എന്നിരുന്നാലും, ചുട്ടുപഴുത്ത കളിമണ്ണിൽ തീർത്തതിനാൽ, ഉയരത്തിൽ നിന്ന് വീഴുമ്പോൾ തകരും.
കളിമൺ ഫ്രിഡ്ജ് ഒരെണ്ണം നമുക്കുമായാലോ?