''മാമാ... ഞാൻ അഭിഷേക്'', ഒരൊറ്റ ഫോൺ കോളിൽ ചാക്യാർക്ക് സ്പോൺസറെ കിട്ടി

സ്പോൺസറെ തേടി എംഎൽഎയെ വിളിച്ചത് കലോത്സവത്തിലെ ചാക്യാർകൂത്ത് മത്സരാർഥി
സി.ആർ. മഹേഷ് എംഎൽഎക്കൊപ്പം അഭിഷേക് പ്രസന്നൻ.
സി.ആർ. മഹേഷ് എംഎൽഎക്കൊപ്പം അഭിഷേക് പ്രസന്നൻ.

തഴവ: കൊല്ലത്ത് നടക്കുന്ന 62-ാം സംസ്ഥാന സ്കൂൾ കലോത്‌സവം ആരംഭിക്കുന്നതിന്‍റെ തലേന്ന് കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷിന് ഒരു ഫോൺ വിളിയെത്തി... "മാമാ... ഞാൻ അഭിഷേക് പ്രസന്നൻ, വീട് മണപള്ളി തെക്ക് തണ്ണീർക്കരയിലാണ്. ഞാൻ ജില്ലാ സ്കൂൾ കലോത്സവത്തിലെ ചാക്യാർ കൂത്ത് ജേതാവാണ്. എനിക്ക് നാളെ ആരംഭിക്കുന്ന സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാൻ ഒരു സ്പോൺസറെ വേണം. സ്കൂളിൽ നിന്ന് കുറച്ച് സഹായം കിട്ടും. എന്‍റെ വീട്ടിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ്. അമ്മയ്ക്ക് ഒരു ഓപ്പറേഷൻ കഴിഞ്ഞ് ഭാരിച്ച തുക ചെലവായി. ഇപ്പോൾ എന്നെ സഹായിക്കണം ഇല്ലങ്കിൽ എന്‍റെ അവസരം നഷ്ടമാകും.''

അത്രയും പറഞ്ഞപ്പോഴേക്കും അഭിഷേകിന്‍റെ ശബ്ദം ഇടറി. വാക്കുകൾ മുറിഞ്ഞു. സി.ആർ. മഹേഷ് കുട്ടിയെ സമാധാനിപ്പിച്ചു, ''വിഷമിക്കേണ്ട, നമുക്ക് വഴിയുണ്ടാക്കാം.''

ഫോൺ ചെയ്യുമ്പോൾ തരിമ്പും പ്രതീക്ഷയുണ്ടായിരുന്നില്ല അഭിഷേകിന്. പക്ഷേ, എംഎൽഎയുടേത് വെറുംവാക്കായിരുന്നില്ല. യാത്രയ്ക്കിടയിൽ സ്പോൺസർ ചെയ്യാൻ പറ്റിയ പലരുമായി സംസാരിച്ചു. പക്ഷേ, ആളെ കണ്ടെത്താനായില്ല. ആ ദിവസം കടന്നുപോയി. പിറ്റേന്ന് ഇതേ കലോത്സവത്തിന്‍റെ രജിസ്ട്രേഷൻ കൗണ്ടർ ഉദ്ഘാടനത്തിന് കൊല്ലത്ത് എത്തിയപ്പോൾ ഫോണിൽ വിളിച്ച ചാക്യാരെ ഓർമ വന്നു. തലേന്നു വന്ന ഫോൺ നമ്പർ ഏതാണെന്ന് തിട്ടമില്ല. വേഗത്തിൽ ആ പ്രദേശത്തെ ഒരാൾ വശം ചാക്യാരെ താൻ തന്നെ സ്പോൺസർ ചെയ്യുന്ന വിവരം അറിയിച്ചു.

അഭിഷേകിനും കുടുംബത്തിനും സന്തോഷവും ആവേശവും. വേഗത്തിൽ തയാറെടുത്തു. മത്സരത്തിനായി കൊല്ലത്തേക്ക് തിരിച്ചു, മത്സരിച്ചു. ഫലം വന്നപ്പോൾ എ ഗ്രേഡും ഒന്നാം സമ്മാനവും. സ്പോൺസർക്കും മത്സരാർഥിക്കും ഒരുപോലെ സന്തോഷം. സമ്മാനവിവരം അറിയിക്കാൻ വീട്ടിലെത്തിയ ചാക്യാരെ ചേർത്ത് പിടിച്ച് എംഎൽഎ അഭിനന്ദിച്ചു.

കലാരംഗത്തെ ഈ മികവ് പ്രയോജനപ്പെടുത്താൻ വേണ്ട എല്ലാസഹായങ്ങളും തുടരുമെന്നും സിആർ വ്യക്തമാക്കി. മുമ്പൊരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത മകന്‍റെ ഫോണിലൂടെ ഉള്ള സഹായാഭ്യർഥനയെ തങ്ങളുടെ എംഎൽഎ പിതൃവാത്സല്യത്തോടെയാണ് പരിഗണിച്ചതെന്നും അത് അഭിഷേകിന് നൽകിയ ആത്മവിശ്വാസം വിവരണാതീതമാണന്നും കുടുംബാംഗങ്ങൾ പറഞ്ഞു. തഴവാ മണപ്പള്ളി തെക്ക് കൊച്ചുതറയിൽ വീട്ടിൽ പ്രസന്നകുമാറിന്‍റെയും സിന്ധുവിന്‍റെയും മകനാണ് കരുനാഗപ്പള്ളി ജോൺ ഓഫ് കെന്നഡി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അഭിഷേക്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com