The residence of Bhopal's last ruler, Nawab Hamidullah Khan, which has been converted into a luxury heritage hotel.

ഭോപ്പാലിലെ അവസാനത്തെ നവാബ് ആയിരുന്ന ഹമീദുള്ള ഖാന്‍റെ കൊട്ടാരം. ഇപ്പോഴിത് ഹെറിറ്റേജ് ഹോട്ടലായി പ്രവർത്തിക്കുന്നു.

Metro Vaartha

'ഇന്ത്യയുടെ ഹൃദയം': മധ്യപ്രദേശ് ട്രാവൽ മാർട്ടിന് തിരി തെളിയുന്നു

ഇന്ത്യയുടെ ഹൃദയം എന്ന വിശേഷണം ഊട്ടിയുറപ്പിച്ചുകൊണ്ട്, മധ്യപ്രദേശിന്‍റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്

വി.കെ. സഞ്ജു

ഭോപ്പാൽ: മധ്യപ്രദേശ് ടൂറിസം ബോർഡ് സംഘടിപ്പിക്കുന്ന മധ്യപ്രദേശ് ട്രാവൽ മാർട്ട് (MPTM) 2025ന് ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് തുടക്കമാകും. 'ഇന്ത്യയുടെ ഹൃദയം' എന്ന വിശേഷണം ഊട്ടിയുറപ്പിച്ചുകൊണ്ട്, സംസ്ഥാനത്തിന്‍റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഭോപ്പാലിലെ കുശാഭാവു താക്കറെ അന്താരാഷ്ട്ര കൺവെൻഷൻ സെന്‍ററിൽ നടത്തുന്ന ചടങ്ങിൽ മധ്യ പ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ട്രാവൽ മാർട്ട് ഉദ്ഘാടനം ചെയ്യും.

കേന്ദ്ര ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പ്രത്യേക അതിഥിയായി പങ്കെടുക്കും. സാംസ്കാരിക - ടൂറിസം വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ധർമേന്ദ്ര ഭാവ് സിങ് ലോധി ചടങ്ങിൽ അധ്യക്ഷനാകും.

ആഗോള പങ്കാളിത്തവും നിക്ഷേപ സാധ്യതകളും

ഇന്ത്യയുടെ ഹൃദയം എന്ന വിശേഷണം ഊട്ടിയുറപ്പിച്ചുകൊണ്ട്, മധ്യപ്രദേശിന്‍റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് | MPTM 2025 from October 11-13 at Bhopal

'ഇന്ത്യയുടെ ഹൃദയം': മധ്യപ്രദേശ് ട്രാവൽ മാർട്ടിന് ശനിയാഴ്ച തിരി തെളിയുന്നു

മൂന്ന് ദിവസത്തെ അന്താരാഷ്ട്ര പരിപാടിയിൽ 27 രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം ടൂർ ഓപ്പറേറ്റർമാർ ഉൾപ്പെടെ എഴുനൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്നു. 150 ആഭ്യന്തര ടൂർ ഓപ്പറേറ്റർമാർ, 355 സെല്ലർമാർ, ചലച്ചിത്ര മേഖലയിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സ് (IATO) പ്രസിഡന്‍റ് രവി ഗോസായിൻ, പ്രശസ്ത നടൻ രഘുബീർ യാദവ്, ക്യൂരിയസ് ജേർണി സ്ഥാപക മിഷേൽ ഇമ്മൽമാൻ തുടങ്ങിയ പ്രമുഖർ ചടങ്ങിനു മാറ്റുകൂട്ടും.

ഉദ്ഘാടനത്തിന് മുന്നോടിയായി, ടൂറിസം നിക്ഷേപ സാധ്യതകളെക്കുറിച്ചും സഹകരണങ്ങളെക്കുറിച്ചും മുഖ്യമന്ത്രി ഡോ. യാദവ് പ്രമുഖ പ്രതിനിധികളുമായി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തും. തുടർന്ന്, ഭാരത് ഭവനിൽ മധ്യപ്രദേശ് ടൂറിസം വകുപ്പും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (ASI) തമ്മിൽ സ്മാരകങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ധാരണാപത്രം ഒപ്പുവയ്ക്കും.

പുതിയ പദ്ധതികൾ

ടൂറിസം പ്രോത്സാഹനത്തിനായി നിരവധി സുപ്രധാന പ്രഖ്യാപനങ്ങളും ചടങ്ങിൽ നടക്കും. റെയ്സൻ ജില്ലയിൽ ഗോൾഫ് കോഴ്സും ഖണ്ഡ്‌വ ജില്ലയിൽ വെൽനസ് റിസോർട്ടും സ്ഥാപിക്കുന്നതിനായി വിനായക് കലാനിയടക്കമുള്ള നിക്ഷേപകർക്ക് മുഖ്യമന്ത്രി അനുമതിപത്രങ്ങൾ കൈമാറും.

കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഹെലികോപ്റ്റർ സർവീസുകൾ ആരംഭിക്കുന്നതിന് ജെറ്റ് സെർവ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിനും ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിനും അനുമതി പത്രങ്ങൾ നൽകും. ഹനുവന്തിയ, മണ്ഡു, താമിയ, ഓർച്ച എന്നിവിടങ്ങളിൽ ടെന്‍റ് സിറ്റികൾ സ്ഥാപിക്കുന്നതിനും ഔദ്യോഗിക അനുമതി നൽകും.

ഇൻഫ്ലുവൻസർ മാർക്കറ്റിങ് ഏജൻസിയായ കേളി ടെയിൽസ്, ബാലാജി ടെലിഫിലിംസ്, അതവി ബേർഡ് ഫൗണ്ടേഷൻ എന്നിവയുമായി ധാരണാപത്രങ്ങൾ കൈമാറുകയും മധ്യപ്രദേശ് ടൂറിസത്തിന്‍റെ പുതിയ അന്താരാഷ്ട്ര ടെലിവിഷൻ പരസ്യം (TVC) പുറത്തിറക്കുകയും ചെയ്യും. മധ്യപ്രദേശ് ഫിലിം ടൂറിസം പോളിസിയുടെ ആഘാതപഠന റിപ്പോർട്ടും ഈ വേളയിൽ പ്രകാശനം ചെയ്യും.

ഗ്രാമ്യ സംസ്കൃതിയിലേക്ക്

സംസ്ഥാനത്തിന്‍റെ ടൂറിസം സാധ്യതകൾ ലോകത്തിനു മുന്നിൽ എത്തിക്കുന്നതിനായി ഖജുരാഹോ, പന്ന, ഓർച്ഛ, ഭീംബേട്ട്ക തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് 14 പ്രത്യേക ഫാം ട്രിപ്പുകൾ സംഘടിപ്പിക്കുന്നുണ്ട്.

ഇരുനൂറിലധികം പ്രതിനിധികൾ പങ്കെടുത്തുകഴിഞ്ഞ ഈ യാത്രകൾ, മധ്യപ്രദേശിന്‍റെ ഗ്രാമീണ ജീവിതരീതി, പുരാതന പൈതൃകം, പ്രകൃതി സൗന്ദര്യം എന്നിവ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്. ഇത് ഭാവിയിൽ കൂടുതൽ നിക്ഷേപങ്ങൾക്കും സഹകരണങ്ങൾക്കും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com