
മധ്യ പ്രദേശ് ട്രാവൽ മാർട്ട് 2025 (MPTM 2025) മുഖ്യ വേദിയായ ഭോപ്പാലിലെ കുശഭാവു താക്കറെ ഇന്‍റർനാഷണൽ കൺവൻഷൻ സെന്‍റർ.
വി.കെ. സഞ്ജു
പുരാതന സ്മാരകങ്ങളെ ലോകോത്തര സൗകര്യങ്ങളുമായി സമന്വയിപ്പിച്ച് മധ്യപ്രദേശ് ടൂറിസം പുതിയ മാറ്റങ്ങൾക്കു തുടക്കം കുറിക്കുന്നു. പൈതൃകവും പ്രകൃതിയും സാഹസികതയും ഒത്തുചേരുന്ന ഇന്ത്യയുടെ ഹൃദയഭൂമിയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കുകയാണ് ലക്ഷ്യം.
ഇന്ത്യയുടെ ചരിത്രഭൂപടത്തിൽ നിർണായക സ്ഥാനമുള്ള മധ്യപ്രദേശ്, സഞ്ചാരികൾക്കു മുന്നിൽ ഒരുക്കുന്ന കാഴ്ചാനുഭവങ്ങൾക്കു പൂർണത നൽകാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ പുരാതന പൈതൃക കേന്ദ്രങ്ങളുടെ തനിമ നഷ്ടപ്പെടാതെ തന്നെ ആധുനിക ആഡംബര സൗകര്യങ്ങൾ ഒരുക്കും. പൈതൃക സംരക്ഷണവും ടൂറിസം വികസനവും ഒരുമിച്ച് കൊണ്ടുപോകുന്ന ഈ സമീപനം, ചരിത്രത്തിൽ താത്പര്യമുള്ളവർക്കും ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പ്രിയങ്കരമാകുമെന്നും സംസ്ഥാന ടൂറിസം ബോർഡ് വിലയിരുത്തുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് ടൂറിസം വകുപ്പും ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയും (ASI) തമ്മിൽ ധാരണാപത്രം ഒപ്പുവച്ചുകഴിഞ്ഞു. പൈതൃക കേന്ദ്രങ്ങളുടെ പ്രചാരണത്തിനും കൃത്യമായ സംരക്ഷണത്തിനും ഊന്നൽ നൽകിക്കൊണ്ട്, ASI സംരക്ഷിത സ്മാരകങ്ങളിലെ സന്ദർശക സൗകര്യങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
സാഞ്ചിക്കു സമീപം ഗോൾഫ് കോഴ്സ്: യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായ സാഞ്ചിക്കടുത്ത് 246 കോടി രൂപ മുതൽ മുടക്കുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. ഇവിടെ 217 ആഡംബര മുറികളോടു കൂടിയ വില്ലകളും, അഞ്ച് സ്പെഷ്യാലിറ്റി റെസ്റ്ററന്‍റുകളും, കൂടാതെ ഒരു 18-ഹോൾ അന്തർദേശീയ ഗോൾഫ് കോഴ്സും നിർമിക്കും. പുരാതന ചരിത്രത്തെയും ആധുനിക ആഡംബര ജീവിതത്തെയും ഒരേ സമയം അടുത്തറിയാൻ ഇവിടെ അവസരമൊരുങ്ങുന്നു.
നസർപുര ഐലൻഡ് വെൽനസ്: ഇന്ദിരാസാഗർ ജലാശയത്തിലെ മനോഹരമായ നസർപുര ദ്വീപിനെ ₹140 കോടി ചെലവിൽ സമഗ്രമായ ഒരു വെൽനസ് കേന്ദ്രമായി വികസിപ്പിക്കും. ഇവിടെ 106 ലക്‌ഷ്വറി റൂമുകൾ, സ്പാ, ധ്യാനം, യോഗ എന്നിവ ഉൾപ്പെടുന്ന വെൽനസ് സെന്‍റർ, ജല കായിക വിനോദങ്ങൾ എന്നിവ ലഭ്യമാകും.
ക്യാംപിങ്ങിനു പകരം ഗ്ലാമ്പിങ്: പരമ്പരാഗത താമസ സൗകര്യങ്ങൾക്കു പകരം മധ്യപ്രദേശ് 'ഗ്ലാമ്പിങ്' (Glamping - ഗ്ലാമറസ് ക്യാമ്പിങ്) സംസ്കാരത്തിലേക്കു മാറുകയാണ്. ഹനുവന്തിയ, താമിയ, മാൺഡു, ഓർച്ച എന്നിവിടങ്ങളിൽ കുറഞ്ഞത് 50 ആഡംബര കൂടാരങ്ങളുള്ള സിറ്റികൾ സ്ഥാപിക്കാൻ കരാറുകളായി. ഈ കേന്ദ്രങ്ങൾ ഭൂമി, ആകാശം, ജലം എന്നിവ കേന്ദ്രീകരിച്ചുള്ള വൈവിധ്യമാർന്ന സാഹസിക ടൂറിസത്തിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
വില്ലേജ് വൈബ്സ്: മധ്യപ്രദേശ് ടൂറിസം മാർട്ടിന്‍റെ മുഖ്യ ആകർഷണമായി മാറിയ 'വില്ലേജ് വൈബ്‌സ്' പ്രദർശനം, സംസ്ഥാനത്തിന്‍റെ യഥാർഥ ഗ്രാമീണ സൗന്ദര്യം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. ഗോണ്ട് പെയിന്‍റിങ്, ഛന്ദേരി സാരി നെയ്ത്ത് തുടങ്ങിയ പരമ്പരാഗത കലകളുടെ തത്സമയ പ്രദർശനങ്ങളും, ഗ്രാമീണ അടുക്കളയുടെ തനിമയും വിദേശ സഞ്ചാരികൾക്ക് ഏറെ ആകർഷകമായിരുന്നു.
ഹോം സ്‌റ്റേയിലൂടെ സംരംഭകത്വം: ഗ്രാമീണ ഹോംസ്‌റ്റേ ഓപ്പറേറ്റർമാർക്ക് അന്താരാഷ്ട്ര ടൂർ ഓപ്പറേറ്റർമാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ അവസരം നൽകി. ടൂറിസത്തിലൂടെ ലഭിക്കുന്ന വരുമാനം പ്രാദേശിക സംരംഭകരുടെ ജീവിതത്തിൽ നേരിട്ട് മാറ്റങ്ങളുണ്ടാക്കും എന്ന് ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഹെലികോപ്റ്റർ സർവീസുകൾ: വിദൂര ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുക എന്ന വെല്ലുവിളി മറികടക്കാൻ മധ്യപ്രദേശ് പ്രാദേശിക ഹെലികോപ്റ്റർ സർവീസുകൾ ആരംഭിച്ചു കഴിഞ്ഞു. ഉജ്ജയിൻ, ഓംകാരേശ്വർ പോലുള്ള തീർഥാടന കേന്ദ്രങ്ങളെയും ബാന്ധവ്ഗഡ്, കൻഹ തുടങ്ങിയ വന്യജീവി സങ്കേതങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതി, സമയത്തിന് പ്രാധാന്യം നൽകുന്ന സഞ്ചാരികൾക്ക് വലിയ അനുഗ്രഹമാകും.