ജനുവരിയുടെ കുളിരില്‍ തണുത്തു വിറച്ച് മൂന്നാർ ‌| Video

മൂന്നാറില്‍ താപനില പൂജ്യത്തിലേക്ക്; ശൈത്യകാലം കൂടുതല്‍ കടുപ്പത്തില്‍

ഇടുക്കി: മൂന്നാറിന് അഴക് പകര്‍ന്ന് തണുപ്പുകാലം. ജനുവരി അവസാന ദിവസങ്ങളിലേക്ക് എത്തുമ്പോള്‍ മൂന്നാര്‍ അടക്കമുള്ള മേഖലകളില്‍ തണുപ്പേറുന്നു. നിലവിലുള്ള സാഹചര്യം തുടര്‍ന്നാല്‍ തണുപ്പ് മൈനസിലേക്ക് എത്തിയേക്കും.

സാധാരണയായി ഡിസംബര്‍ അവസാനവും ജനുവരി ആദ്യവുമാണ് മൂന്നാറിലടക്കം തണുപ്പ് കൂടുന്നത്. ഈ സമയങ്ങളില്‍ പലതവണയായി മൈനസ് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തുകയും മഞ്ഞ് പെയ്യാറുമുണ്ട്. എന്നാല്‍ ഇത്തവണ കാലാവസ്ഥ വ്യതിയാനത്താല്‍ അത്തരത്തില്‍ ഉണ്ടായിരുന്നില്ല.

പകല്‍ സമയത്തെ കൂടിയ താപനിലയിലും രാത്രിയിലെ കുറഞ്ഞ താപനിലയിലും മാറ്റം ഉണ്ടായിട്ടുണ്ട്. പകല്‍ സമയത്തെ കൂടിയ താപനിലയിൽ ഒന്ന് മുതല്‍ 2.5 ഡിഗ്രിവരെയും, കുറഞ്ഞ താപനിലയില്‍ 0.5 ഡിഗ്രി മുതല്‍ രണ്ടു ഡിഗ്രിവരെയും കുറവ് വന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അപ്പര്‍ ഗുണ്ടുമല, പഴയ ദേവികുളം താപനില പൂജ്യം ഡിഗ്രിയെത്തിയത്. അതേസമയം, അടുത്ത ദിവസം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ലക്ഷ്മിയിലാണ്. ഉപാസിറ്റി റിസേര്‍ച്ച് ഫൗണ്ടേഷന്‍റെ കണക്ക് പ്രകാരം മൂന്നു ഡിഗ്രി വരെ ഇവിടെ താപനില എത്തി. ചെണ്ടുവര, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളില്‍ നാലു ഡിഗ്രി സെല്‍ഷ്യസും സെവന്‍മലയില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസുമായിരുന്നു കുറഞ്ഞ താപനില. ആര്‍ ആന്‍റ് ഡി മാട്ടുപ്പെട്ടി, കണ്ണിമല എന്നിവിടങ്ങളിലെ ആറ് ഡിഗ്രി സെല്‍ഷ്യസുമാണ് കുറഞ്ഞ താപനില.

ഈ മാസം ആദ്യവും ശക്തമായ മഴ ലഭിച്ചിരുന്നു. എന്നാല്‍, ഇതിനനുസരിച്ച് പകല്‍ സമയത്തെ താപനിലയില്‍ കുറവുണ്ടായില്ല. രാത്രിയിലെ താപനിലയും ഉയര്‍ന്ന് തന്നെ തുടരുകയായിരുന്നു. ശൈത്യകാറ്റ് എത്തിത്തുടങ്ങിയതോടെ പകലും നിലവില്‍ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ മൂന്നാറില്‍ തണുപ്പ് മൈനസിലേക്ക് എത്തിയേക്കും.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com