മൂന്നാറിന്റെ വഴിയോരങ്ങളിൽ അഴക് വിരിയിച്ച് നീലവാക മരങ്ങൾ

മൂന്നാറിന്റെ വഴിയോരങ്ങളിൽ അഴക് വിരിയിച്ച് നീലവാക മരങ്ങൾ

പള്ളിവാസൽ മുതൽ ഹെഡ് വർക്സ് അണക്കെട്ടുവരെയുള്ള ഭാഗത്തും,മൂന്നാർ -മറയൂർ റോഡിൽ വാഗുവെരെ ഭാഗത്തുമാണ് ഏറ്റവും അധികം മരങ്ങൾ പൂവിട്ടിട്ടുള്ളത്

ഏബിൾ. സി. അലക്സ്‌

കോതമംഗലം : മുന്നാറിന്റെ കുളിരുതേടിയെത്തുന്ന സഞ്ചരികൾക്ക് കാഴ്ചയുടെ നീല വസന്തം തീർക്കുകയാണ് നീല വാക. പച്ചവിരിച്ചുകിടക്കുന്ന തേയിലക്കാടുകൾക്കിയിൽ നിലവസന്തം തീർക്കുന്ന ജക്രാന്ത പൂക്കൾ ഏതൊരു സഞ്ചാരിയുടെയും മനം കവരും. പാതയോരങ്ങളിലാകെ നീലവാക പൂക്കൾ പൂത്തുലുഞ്ഞ് നിൽക്കുന്നു. ഇലകൾ പൊഴിച്ച് നിറയെ പൂക്കളുമായി നിൽക്കുന്ന ജക്രാന്ത മരങ്ങൾ മൂന്നാറിന്റെ ഭംഗിയുള്ള കാഴ്ച്ചകളിൽ ഒന്നാണ്.

ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇത് നട്ടുപിടിപ്പിച്ചത്.മൂന്നാറിന്റെ തേയില മലനിരകളിൽ നീലവസന്തം വിരിച്ച് നിൽക്കുന്ന ജക്രാന്ത പൂക്കൾ കണ്ണിനും മനസിനും കുളിർമയാണ് സമ്മാനിക്കുന്നത് . പള്ളിവാസൽ മുതൽ ഹെഡ് വർക്സ് അണക്കെട്ടുവരെയുള്ള ഭാഗത്തും,മൂന്നാർ -മറയൂർ റോഡിൽ വാഗുവെരെ ഭാഗത്തുമാണ് ഏറ്റവും അധികം മരങ്ങൾ പൂവിട്ടിട്ടുള്ളത്.

കൊളോണിയൽ ഭരണകാലത്ത് ബ്രിട്ടീഷുകാർ നട്ടുപിടിപ്പിച്ച മരങ്ങളാണ് ഇന്ന് മൂന്നാറിൽ കാണുന്നതിലധികവും. ബയഗ്ഗ്നോനീസ്യ പൂമര കുടുംബത്തിലെ ഒരു ഇനമാണ് നീലവാക എന്നറിയപ്പെടുന്ന ജക്രാന്ത. കേരളത്തിൽ ഏറ്റവും അധികം ജക്രാന്ത മരങ്ങൾ ഉള്ളത് മൂന്നാർ, മറയൂർ, ദേവികുളം മേഖലകളിലാണ്. ജക്രാന്തയുടെ വിദൂരദൃശ്യം സന്ദർശകർക്ക് ഏറെ ഹൃദ്യമായ അനുഭവമാണ് പകർന്നു നൽകുന്നത്.

റോഡരികിൽ കൂട്ടമായി പൂത്തുലഞ്ഞു നിൽക്കുന്ന ജക്രാന്തകൾ കാണുവാൻ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. മൂന്നാർ ഉദുമൽപ്പേട്ട അന്തർസംസ്ഥാന പാതയിലാണ് നീല വാകകൾ വ്യാപകമായി പൂത്തു നിൽക്കുന്നത്. പച്ചപ്പിന് നടുവിലെ നീല വസന്തം കാഴ്ച്ചക്കേറെ ഭംഗി നൽകുന്നതാണ്.

മൂന്നാറിന്റെ നനുത്ത മഞ്ഞിൻ കുളിരിൽ പച്ചവിരിച്ച തേയിലത്തോട്ടങ്ങൾക്കിടക്ക് വയലറ്റ് കലർന്ന നീലമരങ്ങൾ വ്യാപകമായി നിൽക്കുന്നത് ഏതൊരു സഞ്ചാരിയുടെയും മനസ് കീഴടക്കുന്നതാണ്. മുൻപ് ഔഷധ കൂട്ടായും ജക്രാന്തപ്പൂക്കൾ ഉപയോഗിച്ചിരുന്നതായി ചരിത്രമുണ്ട്. മൂന്നാർ മേഖലയിൽ ഏറ്റവും അധികം പൂക്കൾ ഉള്ളത് വാഗുവെരെ മേഖലയിലാണ്. തമിഴിൽ വെരെ എന്നു പറഞ്ഞാൽ പാറക്കൂട്ടം എന്നാണ്. പാറക്കൂട്ടങ്ങൾക്കിടയിലാണ് നീല വാഗമരവസന്തം ഏറെയുള്ളത്. മൂന്നാറിന്റെ പ്രണയാർദ്രമായ ഈ ചേർത്തുപിടിക്കൽ ആവോളം ആസ്വദിക്കാൻ ഇനി സഞ്ചാരികളുടെ ഒഴുക്കാണ് മൂന്നാറിലേക്ക്.

പാതയോരങ്ങളും ഉദ്യോനങ്ങളുമൊക്കെ മോടി പിടിപ്പിക്കുവാൻ വിദേശ രാജ്യങ്ങളിലും നീല വാകകൾ നട്ടുപിടിപ്പിക്കാറുണ്ട്.

ജക്രാന്തയുടെ ശാസ്ത്രനാമം മിമോസിഫോളിയ എന്നതാണ്.എന്തായാലും മധ്യവേനൽ അവധിക്കാലത്ത് മൂന്നാറിലേക്കെത്തുന്ന സഞ്ചാരികൾക്ക് നീല വാകകൾ കൂടുതൽ മനോഹര കാഴ്ച്ചകൾ സമ്മാനിക്കുകയാണ് .

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com