റിവര്‍ ടൂറിസം: മൂവാറ്റുപുഴയില്‍ തൂക്കുപാലവും പുഴയോര നടപ്പാതയും വരുന്നു

കേന്ദ്ര സര്‍ക്കാരിന്‍റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ നഗരസഭയ്ക്ക് ഒന്നാം ഘട്ടമായി അനുവദിച്ച അഞ്ച് കോടി രൂപ ലഭ്യമായി. ഇനി എട്ട് കോടി രൂപ കൂടി കിട്ടും.
Muvattupuzha river tourism, hanging bridge, walkway
റിവര്‍ ടൂറിസം: മൂവാറ്റുപുഴയില്‍ തൂക്കുപാലവും പുഴയോര നടപ്പാതയും വരുന്നു
Updated on

മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്‍റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ നഗരസഭക്ക് ഒന്നാം ഘട്ടമായി അനുവദിച്ച അഞ്ച് കോടി രൂപ ചെലവഴിച്ച് തൊടുപുഴ ആറിന് കുറുകെ തൂക്കുപാലവും കച്ചേരിത്താഴം വരെ പുഴയോര നടപ്പാതയും നിര്‍മിക്കും.

പദ്ധതിക്ക് അനുവദിച്ച 5 കോടി രൂപ നഗരസഭയുടെ അക്കൗണ്ടില്‍ ലഭ്യമായി. ഈ തുക ഉപയോഗിച്ച് നഗരസഭ ഡ്രീംലാൻഡ് പാര്‍ക്കില്‍ നിന്ന് തൊടുപുഴ ആറിന് കുറുകെ പേട്ടയിലേക്കാണ് തൂക്കു പാലം നിർമിക്കുന്നത്. പേട്ട മുതല്‍ കച്ചേരിത്താഴം വരെയാണ് നിർദിഷ്ട പുഴയോര നടപ്പാത. രണ്ടാം ഘട്ടത്തിൽ ലഭിക്കുന്ന എട്ട് കോടി രൂപ ഉപയോഗിച്ച് വാച്ച് ടവര്‍, മ്യൂസിയം, കഫറ്റീരിയ, ബോട്ട് ജെട്ടി, സോളാര്‍ ബോട്ട് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

മണ്ണ് പരിശോധന പൂര്‍ത്തിയാക്കി ഡിപിആര്‍ ആകുന്നതോടെ നിര്‍മാണം ആരംഭിക്കും. എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നിര്‍മാണത്തിനു മേല്‍നോട്ടം നിര്‍വഹിക്കും.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ടൂറിസം വികസന വകുപ്പിന്‍റെയും സഹായത്തോടെ വിപുലമായ വിനോദ സഞ്ചാര വികസനത്തിനാണ് നഗരസഭ ലക്ഷ്യമിടുന്നത്. മൂവാറ്റുപുഴയെ വിനോദസഞ്ചാരികളുടെ ഇടത്താവളമാക്കി മാറ്റുകയാണ് ലക്ഷ്യം.

നഗരത്തിന്‍റെ ഹൃദയഭാഗത്തു തന്നെയാണ് ഡ്രീംലാൻഡ് പാർക്ക് സ്ഥിതി ചെയ്യുന്നത്. നാലര ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കിന്‍റെ ഭൂരിഭാഗം പ്രദേശവും പ്രകൃതിദത്തമാണ്. പാറക്കെട്ടുകളും ഇല്ലിക്കാടുകളും കുന്നുകളും മറ്റും അതുപോലെ നിലനിർത്തിയാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. പാര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുക എന്ന ലക്ഷ്യത്തോടെ 50 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും.

Trending

No stories found.

Latest News

No stories found.