''എന്‍റെ ജർമൻ തലച്ചോറിന് ഇത് മനസിലാകുന്നില്ല''; ബെംഗളൂരുവിലെ രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജർമൻ യുവതി

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ബെംഗളൂരുവിലെ ജീവിതത്തിലെ തനിക്ക് അതിശയകരമായി തോന്നിയ രണ്ട് കാര്യങ്ങൾ അവർ പങ്കുവച്ചത്
Alice, a young German woman

ജർമൻ യുവതി ആലിസ്

Updated on

ബെംഗളൂരുവിലെ ജീവിതവുമായി പൊരുത്തപ്പെടുന്നതിനിടെ തനിക്ക് ഇപ്പോഴും മനസിലാകാത്ത രണ്ട് കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ജർമൻ യുവതി ആലിസ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ബെംഗളൂരുവിലെ ജീവിതത്തിലെ തനിക്ക് അതിശയകരമായി തോന്നിയ കാര്യങ്ങൾ അവർ പങ്കുവച്ചത്. ബെംഗളൂരുവിലെ ട്രാഫിക്കും പെട്ടെന്ന് മാറുന്ന കാലാവസ്ഥയും തന്‍റെ ‘ജർമൻ തലച്ചോറിന് മനസിലാകുന്നില്ല’ എന്നായിരുന്നു യുവതി വ്യക്തമാക്കിയത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും നിരവധി പേർ പ്രതികരിക്കുകയും ചെയ്തു.

ബെംഗളൂരുവിലെ ഗതാഗത സംവിധാനമാണ് ആലിസിനെ ആദ്യം കുഴക്കിയത്. “നിയമങ്ങളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും എല്ലാവരും ഇങ്ങനെ വാഹനമോടിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല”- എന്നായിരുന്നു അവരുടെ പ്രതികരണം.

കാലാവസ്ഥയാണ് രണ്ടാമത്തെ കാര്യം. അഞ്ച് മിനിറ്റ് മുൻപ് വെയിലായിരുന്ന സ്ഥലത്ത് പെട്ടെന്ന് മഴ പെയ്യുന്നതാണ് തന്നെ അമ്പരപ്പിക്കുന്നതെന്ന് ആലിസ് പറഞ്ഞു. ബെംഗളൂരുവിലെ കാലാവസ്ഥ വളരെ വേഗത്തിൽ മാറുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

ആലിസിന്‍റെ നിരീക്ഷണത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പങ്കുവച്ചത്. ട്രാഫിക്കും കാലാവസ്ഥയും അവഗണിച്ച് ബെംഗളൂരുവിലെ ദോശ, ദക്ഷിണേന്ത്യൻ ഭക്ഷണം, ഇഡ്ലി, ബിരിയാണി തുടങ്ങിയ വിഭവങ്ങൾ ആസ്വദിക്കണമെന്നായിരുന്നു ഒരാളുടെ നിർദേശം.

ജർമനിയുമായി താരതമ്യം ചെയ്യുമ്പോൾ ബെംഗളൂരുവിലെ ജനസാന്ദ്രത കൂടുതലായതിനാലാണ് ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമായി അനുഭവപ്പെടുന്നതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

“മഴക്കാലം ഒഴികെ എല്ലാ കാലത്തും മഴ പെയ്യും. ബെംഗളൂരുവിലേക്ക് സ്വാഗതം”- എന്നായിരുന്നു മറ്റൊരു രസകരമായ പ്രതികരണം. കാലാവസ്ഥയെക്കുറിച്ചുള്ള ആലിസിന്‍റെ നിരീക്ഷണം കൃത്യമാണെന്ന് മറ്റൊരാളും പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com