പ്രകൃതിയുടെ സാന്ത്വന സ്പർശം

തൃശൂരിലുള്ള ഡോ. ദീപുവിന്‍റെ ക്ലിനിക്കിൽ ചികിത്സയ്ക്കു പുറമേ, രോഗിയുടെ ഭക്ഷണക്രമത്തിനൊത്തുള്ള പച്ചക്കറി വളർത്താൻ മണ്ണ് വരെ നൽകിവരുന്നു
ഡോ. ദീപു
ഡോ. ദീപു

അജയൻ

അറുപതുകളിൽ പ്രായമുള്ള ഒരു രോഗി ഡോക്‌ടറെ കാണാൻ ഊഴം കാത്തിരിക്കുകയാണ്. കരൾ മാറ്റിവയ്ക്കൽ അനിവാര്യമായിടത്തോളം പ്രക്ഷുബ്ധമായിരുന്നു അദ്ദേഹത്തിന്‍റെ അവസ്ഥ. അതും പോരാഞ്ഞ് വിധി മറ്റൊരു ട്വിസ്റ്റ് കൂടി കാത്തുവച്ചിരുന്നു- ക്യാൻസർ! രണ്ടു മാസം മുൻപ് തൃശൂരിലെ ഡോ. ദീപുവിന്‍റെ ക്ലിനിക്കിലേക്ക് അദ്ദേഹത്തെ ആദ്യമായി കൊണ്ടുവരുന്നത് സ്ട്രെച്ചറിലായിരുന്നു.

''വിശദമായ പരിശോധനയ്ക്കു ശേഷം ഞാൻ ഒരു കോഴ്സ് ഹോമിയോപ്പതി മരുന്നുകളും ഭക്ഷണക്രമത്തിൽ മാറ്റങ്ങളും നിർദേശിച്ചു. ഇത്തവണ അദ്ദേഹം എറണാകുളത്തുനിന്നു സ്വയം കാറോടിച്ചാണ് വന്നത്'', ഡോ. ദീപു പറയുന്നു.

രോഗീപരിചരണത്തിൽ സ്വീകരിക്കുന്ന സമഗ്ര സമീപനമാണ് പൂങ്കുന്നത്തെ ഡോ. ദീപുവിന്‍റെ ക്ലിനിക്കിനെ വ്യത്യസ്തമാക്കുന്നത്. അതൊരു വൈദ്യശാസ്ത്ര സ്ഥാപനം മാത്രമല്ല; പഠനത്തിനും പരിവർത്തനത്തിനുമുള്ള സങ്കേതം കൂടിയാണ്. രോഗം മാറ്റാൻ പ്രകൃതിക്കുള്ള ശക്തിയിൽ അദ്ദേഹം വിശ്വസിക്കുന്നു; ശരിയായ പോഷകാംശത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും, പച്ചക്കറികളുടെ കാര്യത്തിൽ സ്വയംപര്യാപ്തരാകുന്നതിനെക്കുറിച്ചും, പ്രകൃതിയുടെ താളവുമായി ജീവോവർജം പൊരുത്തപ്പെട്ടു പോകുന്ന തരത്തിൽ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം തന്‍റെയടുത്തെത്തുന്ന രോഗികളെ ഉപദേശിക്കുന്നു. സന്തുലിതവും സമരസപ്പെട്ടതുമായ ജീവിതത്തിലേക്ക് നമ്മെ നയിക്കുന്ന ആത്യന്തിക ഗുരുവാണ് പ്രകൃതിയെന്നും അദ്ദേഹം മെട്രൊ വാർത്തയോടു പറഞ്ഞു.

സസ്യങ്ങൾ തഴച്ചുവളരാൻ ആവശ്യമായ സന്തുലിതാവസ്ഥയും മനുഷ്യന്‍റെ ആരോഗ്യത്തിന് അനിവാര്യമായ സന്തുലിതാവസ്ഥയും തമ്മിൽ ശ്രദ്ധേയമായൊരു സാമ്യം ഡോ. ദീപു വരച്ചുകാട്ടുന്നു. മണ്ണിന്‍റെയും വെള്ളത്തിന്‍റെയും പിഎച്ച് മൂല്യങ്ങൾ ഉചിതമായിരിക്കുമ്പോൾ സസ്യങ്ങൾ തഴച്ചുവളരുന്നതുപോലെ, മനുഷ്യർക്ക് അവരുടെ അസ്തിത്വത്തിന്‍റെ വിവിധ വശങ്ങളിൽ സൂക്ഷ്മമായ സന്തുലനം ആവശ്യമാണ്. ഈ സന്തുലിതാവസ്ഥ നിലനിർത്താൻ സാധിച്ചാൽ പിന്നെ ആശങ്കയുടെ വേണ്ട, കാരണം എല്ലാ ഘടകങ്ങളും ശരിയായ അനുപാതത്തിലാണെങ്കിൽ ശരീരം മികച്ച രീതിയിൽ പ്രവർത്തിക്കും. ചെടികളുടെ വളർച്ചയ്ക്ക് മണ്ണും വെള്ളവും പരസ്പര പൂരകമാകുന്നതുപോലെ, മൊത്തത്തിലുള്ള ക്ഷേമത്തിനായി മനുഷ്യശരീരത്തിലെ നിരവധി ഘടകങ്ങൾ സന്തുലിതാവസ്ഥയിൽ നിലനിർത്തണം.

രോഗ ചരിത്രമൊന്നുമില്ലാത്ത യുവാക്കൾ അപ്രതീക്ഷിതമായി മരിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതിൽ ഡോ. ദീപു ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ നടത്തം പോലുള്ള ദൈനംദിന പതിവുകൾക്കിടയിലോ പോലും യുവാക്കൾ കുഴഞ്ഞുവീഴുന്നു. നമ്മുടെ ജീവിതശൈലിയിൽ മാറ്റം വരുത്തുകയും ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയെയാണ് ഇത് എടുത്തുകാണിക്കുന്നത്.

വൈറ്റമിൻ ബി 6, ഫോളിക് ആസിഡ്, വൈറ്റമിൻ ബി 12 എന്നിവയുടെ അസന്തുലിതാവസ്ഥ കാരണം സംഭവിക്കുന്ന ഹൈപ്പർഹോമോസിസ്റ്റീനെമിയ എന്ന രോഗാവസ്ഥയുമായി ഈ പെട്ടെന്നുള്ള മരണങ്ങൾ പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡോ. ദീപു നിരീക്ഷിക്കുന്നു. ഈ പോഷകങ്ങളുടെ പര്യാപ്തത ഉറപ്പുവരുത്തുകയും ആരോഗ്യകരമായ ഒരു ബഫർ സോൺ നിലനിർത്തുകയും ചെയ്യുന്നതിലൂടെ, ഇത്തരം ദാരുണമായ മരണങ്ങൾ ഒഴിവാക്കാൻ കഴിയും.

ആധുനിക വൈദ്യശാസ്ത്ര സാങ്കേതികവിദ്യയെ പ്രകൃതിദത്ത തത്വങ്ങളുമായി സമന്വയിപ്പിക്കുന്ന സമതുലിതമായ കാഴ്ചപ്പാടാണ് ഡോ. ദീപുവിന്‍റേത്. അദ്ദേഹത്തിന്‍റെ സമഗ്ര വീക്ഷണം ഉണ്ടായിരുന്നിട്ടും, രോഗികളുടെ അവസ്ഥകൾ നന്നായി മനസ്സിലാക്കാൻ വിപുലമായ മെഡിക്കൽ പരിശോധനകളെ അദ്ദേഹം വളരെയധികം ആശ്രയിക്കുന്നു. ഈ സമീപനം സാധ്യമായ ഏറ്റവും മികച്ച പരിചരണം നൽകാനും ഉപകരിക്കുന്നു, പ്രത്യേകിച്ച് ബദൽ ചികിത്സകൾക്കായുള്ള അവസാന ആശ്രയമായി അദ്ദേഹത്തിന്‍റെ ക്ലിനിക്കിലേക്കു തിരിയുന്നവർക്ക്.

പരമ്പരാഗതമായ ഉൾക്കാഴ്‌ചകൾ ആധുനിക രീതികളെ എങ്ങനെ മെച്ചപ്പെടുത്തുമെന്നു വിശദീകരിച്ചുകൊണ്ട് പഴയ കാലത്തിന്‍റെ വിജ്ഞാനമൂല്യം ഡോ. ദീപു എടുത്തുകാണിക്കുന്നു. മാനസികമായി തകർന്ന അവസ്ഥയിൽ ചെറിയ കുട്ടികളുടെ അമ്മമാർ മുലയൂട്ടുന്നത് ഗുണം ചെയ്യുമെന്ന് മുതിർന്ന സ്ത്രീകൾ ഉപദേശിക്കാറുണ്ടായിരുന്നതിന്‍റെ പൊരുളും അദ്ദേഹം പങ്കുവെക്കുന്നു. പ്രോട്ടീൻ ദഹിപ്പിക്കുന്ന എൻസൈമായ റെന്നിൻ മാനസികാവസ്ഥയിൽ ചെലുത്തുന്ന സ്വാധീനമാണ് ഇതിനു പിന്നിൽ. കൂടാതെ, എയർകണ്ടീഷണറുകൾ ഇല്ലാതെ സിംബാബ്‌വെയിൽ ഒരു വലിയ റിസോർട്ടിന്‍റെ നിർമാണം പൂർത്തിയാക്കാൻ പരമ്പരാഗത വിജ്ഞാനം ഉപയോഗപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു. ചിതൽപ്പുറ്റുകൾക്കുള്ളിൽ തണുപ്പ് നിലനിൽക്കുന്നതിന്‍റെ ശാസ്ത്രീയവശം തിരിച്ചറിഞ്ഞായിരുന്നു എസി ഇല്ലാത്ത റിസോർട്ടിന്‍റെ നിർമാണം. നൂതനമായ പ്രശ്നങ്ങൾ പരിഹരിക്കാനായാലും, സമകാലിക സമീപനങ്ങളും പരമ്പരാഗത വിജ്ഞാനവും സംയോജിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

നാല് പതിറ്റാണ്ടിലേറെയായി വൈദ്യശാസ്ത്രരംഗത്ത് സജീവമായി മുഴുകിയിരിക്കുകയാണ് ഡോ. ദീപു. ക്ലിനിക്കിനു പുറമേയുള്ള കൃഷിയിടത്തിൽ നാടൻ പശുക്കൾ മേഞ്ഞു നടക്കുന്നുണ്ട്. അരിയും പച്ചക്കറികളും പഴവർഗങ്ങളുമെല്ലാം ജൈവ കൃഷി രീതിയിൽ വളർത്തുകയും ചെയ്യുന്നു. ഉപദേശം തേടിയെത്തുന്ന രോഗികൾക്ക് ചികിത്സ മാത്രമല്ല മാത്രമല്ല, രോഗശാന്തിയിലേക്കു നയിക്കുന്ന സമഗ്ര സമീപനത്തിലേക്കുള്ള വാതിൽ കൂടിയാണ് തുറന്നുകിട്ടുന്നത്.അസുഖങ്ങളും ശരീരഘടനയുടെ പ്രത്യേകതകളും അടിസ്ഥാനമാക്കിയാണ് ഓരോ രോഗിക്കുമുള്ള ഭക്ഷണക്രമം തയാറാക്കുന്നത്. ഓരോരുത്തരുടെയും പരിചരണത്തിന് ആവശ്യമായ പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യാനുള്ള മണ്ണ് വരെ ഡോക്‌ടർ കൊടുക്കും. ചിലയിനം സസ്യങ്ങളുടെ പരിപാലനത്തിന് കടൽ വെള്ളം പോലും ഡോ. ദീപു ഉപയോഗിക്കുന്നുണ്ട്.

ഇത്തരം പ്രവൃത്തികളിലൂടെ മനുഷ്യരിൽ ആരോഗ്യവും ജ്ഞാനവും വളർത്തിയെടുക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ഡോ. ദീപുവിന്, പ്രകൃതിയുമായി കൂടുതൽ അടുക്കണമെന്ന കാഴ്ചപ്പാടാണുള്ളത്. നൂതന രോഗമുക്തി മാർഗങ്ങൾക്കായുള്ള തന്‍റെ അന്വേഷണത്തിൽ, അദ്ദേഹം സസ്യജാലങ്ങൾക്കപ്പുറം, പൂക്കളുടെ നിറങ്ങൾ പോലും ജീവിതശൈലി പുതിയൊരു തലത്തിലേക്കുയർത്താൻ സഹായിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഒരു ഹോമിയോപ്പതി മെഡിക്കൽ പ്രാക്റ്റീഷണറായിരിക്കുമ്പോഴും, ആരോഗ്യം നിലനിർത്തുന്നതിന് ശരീരവും മനസും തമ്മിലുള്ള നിർണായക സന്തുലിതാവസ്ഥയ്ക്കാണ് ഡോക്ടർ ദീപു ഊന്നൽ നൽകുന്നത്. ചികിത്സയ്ക്ക് മെഡിക്കൽ സയൻസിന്‍റെ പ്രയോഗം അനിവാര്യം തന്നെയാണ്. എന്നിരുന്നാലും സന്തുലനം നിലനിർത്തുക എന്നതാണ് സുസ്ഥിരമായ ക്ഷേമം ഉറപ്പാക്കുന്നതിൽ നിർണായകം എന്നും അദ്ദേഹം സമർഥിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com