

എനർജി ഡ്രിങ്ക് അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും.
Freepik.com
ദുബായ്: കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ എനർജി ഡ്രിങ്കുകളുടെ അമിത ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പരസ്യങ്ങൾക്കെതിരേ ദുബായ് പൊലീസ് ശക്തമായ മുന്നറിയിപ്പ് നൽകി.
കൂടുതൽ ആളുകളെ ആകർഷിക്കാനും 'വ്യൂസ്' കൂട്ടാനും വേണ്ടിയാണ് ചിലർ ഇത്തരം അപകടകരമായ ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിർമിക്കുന്നതെന്ന് സൈബർ ഡിപ്പാർട്ട്‌മെന്‍റ് വ്യക്തമാക്കി. ഇത്തരം പാനീയങ്ങൾ യുവാക്കളിലുണ്ടാക്കുന്ന കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഈ പരസ്യങ്ങൾ പൂർണമായി മറച്ചുവയ്ക്കുകയാണ്.
കുട്ടികൾ സോഷ്യൽ മീഡിയയിൽ ഇത്തരം വിഡിയൊകൾ കാണുന്നുണ്ടോ എന്ന് രക്ഷിതാക്കൾ എപ്പോഴും നിരീക്ഷിക്കണം. എനർജി ഡ്രിങ്കുകളുടെ ആരോഗ്യപരമായ ദോഷങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൃത്യമായ ബോധവത്കരണം നൽകണം.
എനർജി ഡ്രിങ്കുകൾ അമിതമായി കഴിക്കുന്നത് ഹൃദയമിടിപ്പ് താളം തെറ്റുക, ഹൃദയസ്തംഭനം, ഉയർന്ന രക്തസമ്മർദം, ശ്രദ്ധക്കുറവ്, ഓർമക്കുറവ്, അമിത ആശങ്ക, ഉത്കണ്ഠ, ദേഷ്യം, വയറിന് അസ്വസ്ഥത, വിഷബാധ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഔദ്യോഗികവും വിശ്വസനീയവുമായ വിവരങ്ങളെ മാത്രം ആശ്രയിക്കുക. സമൂഹത്തിന് ഭീഷണിയാകുന്നതോ, അപകടകരമായ സ്വഭാവരീതികൾ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഡിജിറ്റൽ ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ദുബായ് പൊലീസ് സ്മാർട്ട് ആപ്പ്, ഇ-ക്രൈം (e-Crime) പ്ലാറ്റ്‌ഫോം, 901 എന്ന ഫോൺ നമ്പർ എന്നിവ വഴി റിപ്പോർട്ട് ചെയ്യാം.
സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നതിനായി ദുബായ് പൊലീസ് പ്രത്യേക ഇ-പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ ലഭ്യമായ ഈ സംവിധാനത്തിലൂടെ സൈബർ അപകടങ്ങളിൽ നിന്ന് എങ്ങനെ സ്വയം സംരക്ഷിക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കും.