

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് പ്രസംഗങ്ങൾ ഓരോന്നും രാജ്യത്തിന്‍റെ സമൃദ്ധമായ പാരമ്പര്യത്തിന്‍റെയും പൈതൃകത്തെയും ഉയർത്തിപ്പിടിക്കുന്ന സ്റ്റൈൽ സ്റ്റേറ്റ്മെന്‍റുകൾ കൂടിയാകാറുണ്ട്. കഴിഞ്ഞ ഏഴ് ബജറ്റ് പ്രസംഗങ്ങളിലും എന്നതുപോലെ ഇത്തവണയും ആ പതിവ് അവർ തെറ്റിച്ചില്ല.
ബജറ്റ് പെട്ടിയും ഫയലും എല്ലാം ഒഴിവാക്കി ടാബ്‌ലറ്റിൽ ബജറ്റ് രേഖകൾ ഡിജറ്റലായി കൊണ്ടുവരുന്ന പതിവ് തുടങ്ങിയ നിർമല, ആ ടാബ്‌ലറ്റിന് ഉപയോഗിക്കുന്ന കവറും പ്രത്യേകതയുള്ളതാണ്. ചുവന്ന നിറത്തിലുള്ള തുണി കൊണ്ട് നിർമിച്ച ഈ കവറിന് ബഹി ഖട്ട എന്നാണ് വിശേഷണം. പരമ്പരാഗത ഇന്ത്യൻ ലെഡ്ജർ ശൈലിയാണ് ബഹി ഖട്ട.
ടാബ്‌ലറ്റ് കവറിൽ മാത്രമല്ല, തന്‍റെ വസ്ത്രധാരണത്തിലൂടെയും തനതായ ഇന്ത്യൻ സംസ്കാരം വിളിച്ചുപറയാൻ ശ്രമിക്കാറുണ്ട് നിർമല. ഇക്കുറി ഇതിനായി അവർ തെരഞ്ഞെടുത്തിരിക്കുന്ന മധുബനി സാരിയാണ്. ബിഹാറിലെ പരമ്പരാഗത കലാരൂപമാണ് മധുബനി ആർട്ട്. പരമ്പരാഗത മധുബനി കലാകാരിയും പത്മശ്രീ പുരസ്കാര ജേതാവുമായ ബിഹാർ സ്വദേശിനി ദുലാരി ദേവിയോടുള്ള ആദരസൂചകമായാണ് നിർമല ഇക്കുറി മധുബനി സാരി തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രകൃതിയിൽനിന്നും പുരാണങ്ങളിൽനിന്നുമെല്ലാം പ്രചോദനം ഉൾക്കൊണ്ട് ചിത്രങ്ങളാണ് മധുബനി ആർട്ടിന്‍റെ പ്രത്യേകത. ഈ കരകൗശലവിദ്യകൊണ്ട് ഉപജീവനം നടത്തുന്നവർക്കു കൂടിയാണ് ഇത്തവണ ബജറ്റ് പ്രസംഗം നടത്തും മുൻപ് തന്നെ നിർമല പ്രശസ്തി നൽകിയിരിക്കുന്നത്.
ക്രീം നിറത്തിലുള്ള മധുബനി സാരിക്ക് ദക്ഷിണേന്ത്യൻ ടച്ച് നൽകുന്ന ട്രേഡ് മാർക്ക് കസവ് തുന്നിച്ചേർത്തിട്ടുണ്ട്. കോൺട്രാസ്റ്റിങ് റെഡ് ബ്ലൗസും അവർ തെരഞ്ഞെടുത്തു. സ്വർണ വളകളും ലളിതമായ മാലയും കമ്മലും പതിവ് പോലെ.