രാജ്യത്തെ റോഡുകളിലും പാലങ്ങളിലുമുള്ള ടോൾ പിരിവ് സമ്പ്രദായങ്ങളിൽ സമൂല മാറ്റം വരുന്നു. ടോൾ ബൂത്തുകൾ മുഖേന പണം പിരിക്കുന്ന സംവിധാനം തന്നെ ഒഴിവാക്കി, ഉപഗ്രഹ സംവിധാനം ഉപയോഗിച്ച്, യാത്ര ചെയ്ത ദൂരത്തിനു മാത്രം പണം ഈടാക്കുന്ന രീതിയാണ് നിലവിൽ വരുന്നത്.
ടോൾ ബൂത്തുകളിൽ പണം സ്വീകരിക്കുന്നതിനു പകരം ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും, ഇതുകൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ. ഓട്ടോമാറ്റിക്കായി പണം സ്വീകരിക്കാൻ സാധിക്കുന്നത് ടോൾ ബൂത്തുകളിലെ തട്ടിപ്പ് കുറയ്ക്കാൻ സഹായിച്ചെങ്കിലും വാഹനങ്ങളിലെ ഫാസ്ടാഗ് സ്കാൻ ചെയ്യാൻ ന്യായമായ സമയമെടുക്കുന്നുണ്ട്. ബൂത്തുകളിൽ കാക്കേണ്ട സമയം കുറഞ്ഞെങ്കിലും സാങ്കേതിക തകരാറുകൾ ചില സമയത്ത് പഴയതിനെക്കാൾ കൂടുതൽ സമയമെടുക്കാനും കാരണമാകുന്നു.
ഇതിനെല്ലാം പരിഹരമായിരിക്കും ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം - GNSS എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുപയോഗിച്ച് വാഹനങ്ങൾ തത്സമയം ട്രാക്ക് ചെയ്യപ്പെടും. അതിനാൽ ടോൾ ബൂത്തുകൾ പൂർണമായി ഒഴിവാക്കാം. ടോൾ നിലവിലുള്ള സ്ഥലത്ത് ഏതു സമയത്ത് വാഹനം പ്രവേശിച്ചെന്നും എത്ര സമയം ഓടിയെന്നും എപ്പോൾ പുറത്തിറങ്ങിയെന്നും നോക്കി, അതനുസരിച്ചു മാത്രമായിരിക്കും ചാർജ് ഈടാക്കുക. ടോൾ ബൂത്തുകളെ ആശ്രയിക്കുമ്പോൾ ഒരു കിലോമീറ്ററിനും പത്തു കിലോമീറ്ററിനും ഒരേ ചാർജാണ് വരുന്നത്. ജിഎൻഎസ്എസിൽ ഇതു മാറും.
അതേസമയം, ബൂത്തുള്ള സ്ഥലത്തു മാത്രം ഇടവഴി കയറി മറ്റു സ്ഥലങ്ങളിൽ ടോൾ റോഡ് ഉപയോഗിക്കുന്ന രീതിയും ഇതോടെ ഇല്ലാതാകും. വാഹനം പാതയിൽ ഉടനീളം ട്രാക്ക് ചെയ്യുന്നതാണ് കാരണം.
അതേസമയം, ഫാസ്ടാഗിൽ നിന്ന് പെട്ടെന്ന് ഗ്ലോബൽ നാവിഗേഷൻ സംവിധാനത്തിലേക്കു മാറാനും സാധിക്കില്ല. ഘട്ടംഘട്ടമായി മാത്രമായിരിക്കും മാറ്റം. പണം കൊടുക്കുന്ന ടോൾ മാറി ഫാസ്ടാഗ് വന്നപ്പോൾ, ഒന്നോ രണ്ടോ ലെയിനുകൾ വീതം ഈ രീതിയിലാക്കിയായിരുന്നു മാറ്റം. സമാന മാതൃകയായിരിക്കും ജിഎൻഎസ്എസിലേക്കു മാറുമ്പോഴും സ്വീകരിക്കുക. ഇതു വിജയമായാൽ ടോൾ ബൂത്ത് സംവിധാനം പൂർണമായി ഉപേക്ഷിക്കാൻ സാധിക്കും.
കർണാടകയിലെ ബംഗളൂരു - മൈസുരു ദേശീയപാതയിലും ഹരിയാനയിലെ പാനിപ്പത്ത് - ഹിസർ ദേശീയപാതയിലും പുതിയ രീതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിക്കഴിഞ്ഞു.