

'ഇന്ത്യ പെർഫക്റ്റ് അല്ലായിരിക്കാം, സമാധാനമുണ്ട്'; 17 വർഷത്തെ യുഎസ് ജീവിതം അവസാനിപ്പിച്ച് ദമ്പതികൾ
രാജ്യത്തെ യുവതലമുറ ഒന്നടങ്കം വിദേശത്തേക്ക് ചേക്കേറുകയാണ്. യുഎസ്സും യുകെയും സ്വപ്നം കണ്ടാണ് ഭൂരിഭാഗം പേരും കരിയർ തെരഞ്ഞെടുക്കുന്നത് തന്നെ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് 17 വർഷത്തെ യുഎസ് ജീവിതം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ദമ്പതികളുടെ വിഡിയോ ആണ്. യുഎസ്സിലെ ആരോഗ്യമേഖലയിലെ ചെലവ് താങ്ങാനാവാതെയാണ് നാട്ടിലേക്ക് മടങ്ങിയത് എന്നാണ് ഇവർ പറയുന്നത്.
ഫിറ്റ്നസ് കോച്ചായ ധാരയാണ് തന്‍റെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 15 വയസ്സിൽ യുഎസ്സിൽ എത്തിയ ധാര ഹൈസ്കൂൾ പഠനവും കോളജ് പഠനവും പൂർത്തിയാക്കിയത് യുഎസ്സിലാണ്. തുടർന്ന് വിവാബം കഴിച്ച് രണ്ട് മക്കളുടെ അമ്മയായി. 2022ൽ ഇന്ത്യയിലേക്ക് നടത്തിയ യാത്രയ്ക്ക് ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചത് എന്നാണ് ധാര പറയുന്നത്.
യുഎസ്സിലെ ആരോഗ്യരംഗം തങ്ങളുടെ പോക്കറ്റ് കാലിയാക്കി എന്നാണ് ഇവർ പറയുന്നത്. ഇൻഷുറൻസിന്‍റെ പേരിൽ വലിയ തുകയാണ് ഈടാക്കിയിരുന്നത്. എന്നിട്ടും വൈദ്യസഹായം ലഭിക്കാൻ ഏറെനേരം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇൻഷുറൻസ് കിട്ടുന്നതിനു മുൻപ് എല്ലാ ചെലവും നമ്മൾ തന്നെ വഹിക്കേണ്ട അവസ്ഥയായിരുന്നു. രണ്ട് പേർക്കു വേണ്ടി മാത്രം മാസം ഒന്നര ലക്ഷം രൂപയാണ് ഇൻഷുറൻസ് അടച്ചിരുന്നത്. തങ്ങളുടെ ഇരട്ടക്കുട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷ കിട്ടിയിരുന്നില്ലെന്നും ദമ്പതികൾ പറയുന്നു.
പൂർണതയ്ക്ക് വേണ്ടിയല്ല ഇന്ത്യയിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചത്. ഇവിടെ ആരോഗ്യ സംരക്ഷണം ഒരു ആഡംബരമായി തോന്നാറില്ല. നല്ല ഡോക്ടർമാരുടെയും വേഗത്തിലുള്ള പരിചരണം നമുക്ക് ലഭിക്കും. ആരോഗ്യ സംരക്ഷണം ഒരു സാമ്പത്തിക ബാധ്യതയല്ലാത്തതും മാതൃത്വം ഒരു ഒറ്റയ്ക്കുള്ള പോരാട്ടമല്ലാത്തതുമായ ഒരു ജീവിതത്തിലേക്കുള്ള ഓട്ടമായാണ് ഇതിനെ കാണുന്നത്. -ധാര കുറിച്ചു. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.