
ഒൻപത് ദേശങ്ങളിൽ നിന്നായി 450ഓളം പുലികളാണ് തൃശൂർ നഗരം കീഴടക്കാനിറങ്ങുന്നത്.
By Midhun Subhash - Own work, CC0, https://commons.wikimedia.org/w/index.php?curid=62308045
എം.എ. ഷാജി
തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് പൂരനഗരിയിൽ പുലികളിറങ്ങും. ഒൻപത് ദേശങ്ങളിൽ നിന്നായി 450ഓളം പുലികളാണ് തിങ്കളാഴ്ച നഗരം കീഴടക്കാനിറങ്ങുന്നത്. അരമണി കിലുക്കി അസുരവാദ്യത്തിലെ പുലിത്താളത്തിനൊപ്പം കുടവയറിളക്കി പുലിക്കൂട്ടം ചുവട് വയ്ക്കുന്നത് ആസ്വദിക്കാൻ നഗരത്തിലേക്ക് ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി ജനസഹസ്രമെത്തും.
വെളിയന്നൂർ ദേശം പുലിക്കളി സംഘം, കുട്ടന്‍കുളങ്ങര പുലിക്കളി സംഘം, വിയ്യൂർ യുവജന സംഘം പുലിക്കളി സംഘം, ശങ്കരംകുളങ്ങര പുലിക്കളി സംഘം, അയ്യന്തോള്‍ ദേശം, ചക്കാമുക്ക് ദേശം, പൂങ്കുന്നം സീതാറാം മില്‍ ദേശം, നായ്ക്കനാല്‍ പുലിക്കളി സമാജം, പാട്ടുരായ്ക്കല്‍ ദേശം എന്നിവയാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുക്കുന്നത്.
പുലിമടകളിൽ പുലർച്ചെ മുതൽ പുലിവേഷമണിയുന്നവർക്ക് മെയ്യെഴുത്ത് ആരംഭിച്ചു. സാധാരണ ഓക്സൈഡ് പൗഡർ അമ്മിയിൽ അരച്ചാണ് ഗോൾഡൻ മഞ്ഞ, വെള്ള, കറുപ്പ്, ചുവപ്പ്, മഞ്ഞ പെയിന്‍റുകൾ തയ്യാറാക്കിയിട്ടുള്ളത്. കടുപ്പവും തിളക്കവും കൂടുതലുള്ള വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പച്ച, നീല, വെള്ള നിറങ്ങളിലുള്ള മെക്കാലിക്ക് പെയിന്‍റ് ചില ദേശങ്ങൾ ഇത്തവണ പുലികൾക്ക് ഉപയോഗിക്കുന്നുണ്ട്. പുലിമുഖം, അരമണി, വസ്ത്രം, കാൽപ്പാദം, കൈപ്പാദം, വാൽ എന്നിവയടക്കമുള്ള ചമയങ്ങൾ പൂർത്തിയാക്കി ഉച്ചതിരിഞ്ഞ് രണ്ടിന് പുലിമടകളിൽ നിന്ന് പുലിക്കൂട്ടങ്ങൾ നഗരത്തിലേക്ക് ഇറങ്ങും.
ഓരോ സംഘങ്ങളിലെയും പുലികൾ നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ച് സ്വരാജ് റൗണ്ടിൽ ഗർജനം മുഴക്കി ആടിത്തിമിർക്കും. വിവിധ സംഘങ്ങളിലെ കുടവയറന്‍ പുലികളും കുട്ടിപുലികളും പുലിക്കളിയിലെ സ്റ്റാറുകളാകും.
കരിമ്പുലിയും വരയൻപുലിയും കുറിയ പുലിയുമടക്കം ഒരു പുലിക്കളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളാണ് ചുവടു വയ്ക്കുക. കൂടാതെ ഒരു നിശ്ചലദൃശ്യവും ഒരു പുലി വണ്ടിയും ഓരോ സംഘത്തിനൊപ്പം അകമ്പടിയായുണ്ടാകും.
വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒൻപത് സംഘങ്ങള്‍ പുലിക്കളിയിൽ പങ്കെടുക്കുന്നത്. വൈകിട്ട് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെ ഗോപുരനടയില്‍ വെളിയന്നൂര്‍ ദേശം സംഘത്തിന് ജില്ലയിലെ മന്ത്രിമാരും എംഎല്‍എയും സംയുക്തമായി ഫ്ലാഗ് ഒഫ് ചെയ്യുന്നതോടെ പുലിക്കളി മഹോത്സവത്തിന് തുടക്കമാകും.
പുലിക്കളിയിൽ 1, 2, 3 സ്ഥാനം നേടുന്നവര്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും (യഥാക്രമം 62,500, 50,000, 43,750 രൂപ) വടക്കുന്നാഥ മൈതാനത്ത് ഓണാഘോഷ വേദിയില്‍ സമ്മാനിക്കും. മികച്ച നിശ്ചല ദൃശ്യം, പുലികൊട്ട്, പുലിവേഷം, പുലിവണ്ടി, അച്ചടക്കം പാലിക്കുന്ന ടീം, പുലിവര എന്നിവയ്ക്കും ട്രോഫികളും ക്യാഷ് പ്രൈസുകളും നൽകും. പുലിക്കളി കലാകാരന്മാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് 50 ലക്ഷം രൂപയുടെ ഇൻഷ്വറന്‍സ് പരിരക്ഷയും ആദ്യമായി കോർപ്പറേഷൻ ഉറപ്പു വരുത്തിയിട്ടുണ്ട്.