രാജാ രവി വർമയുടെ മഹബാലി, ഒറിജിനലും ഡ്യൂപ്ലിക്കേറ്റും. Original and duplicate of Raja Ravi Varma's Mahabali
രാജാ രവി വർമ വരച്ചതെന്നു പറയുന്ന ഡ്യൂപ്ലിക്കേറ്റ് മഹാബലിയും (ഇടത്ത്) രവി വർമ 1890ൽ വരച്ച വാമന ചിത്രത്തിലെ മഹാബലിയും (വലത്ത്)

അല്ല, രവി വർമയുടെ മഹാബലി ഇതല്ല

രാജാ രവി വർമ വരച്ചത് എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന മഹാബലി ചിത്രത്തിന്‍റെ സത്യാവസ്ഥ, ഫാക്റ്റ് ചെക്ക്...
Published on

ഓണം അടുത്തപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു മഹാബലി ചിത്രമുണ്ട്, രാജാ രവി വർമ വരച്ചത് എന്ന പേരിൽ പ്രചരിച്ച ഒരു ചിത്രം. രവി വർമ ചിത്രങ്ങൾ കണ്ട് കുറച്ചെങ്കിലും പരിചയമുള്ള ആർക്കും ഒറ്റ നോട്ടത്തിൽ മനസിലാകും അമേച്വറിഷ് ലുക്ക് ഉള്ള ഈ ചിത്രം രവി വർമ വരച്ചതല്ലെന്ന്. ഏതോ അമർ ചിത്രകഥയിൽ നിന്നു ചീന്തിയെടുത്തതു പോലുള്ള യുവാവിന്‍റെ ചിത്രമാണ് രവി വർമ വരച്ച മഹാബലി എന്ന പേരിൽ ആരോ വ്യാജമായി പ്രചരിപ്പിച്ചു തുടങ്ങിയത്. മോശമല്ലാത്ത പബ്ലിസിറ്റി അതിനു കിട്ടുകയും ചെയ്തു.

ഇനി സാക്ഷാൽ രവിവർമയെങ്ങാനും ഈ ചിത്രം കണ്ടെങ്കിൽ 'മേലേപ്പറമ്പിൽ ആൺവീട്' എന്ന സിനിമയിലെ ഡയലോഗ് പോലെ പറഞ്ഞേനേ, ''ഇതെന്‍റെ മഹാബലിയല്ല, എന്‍റെ മഹാബലി ഇങ്ങനല്ല'' എന്ന്.

മഹാബലിയെ ട്രിം ആക്കിയെടുക്കുക എന്ന സദുദ്ദേശ്യത്തോടെ തന്നെയാവാം ഒരുപക്ഷേ, അജ്ഞനായ ഏതോ അജ്ഞാതൻ വ്യാജ പെയ്ന്‍റിങ് പ്രചരിപ്പിച്ചു തുടങ്ങിയത്. എന്നാൽ, രവി വർമ വരച്ച മഹാബലി പെയ്ന്‍റിങ് വേറെയുണ്ട് എന്നതാണ് യാഥാർഥ്യം.

രാജാ രവി വർമ ഫൗണ്ടേഷന്‍റെ ശേഖരത്തിൽ രവി വർമയുടെ വാമന പെയ്ന്‍റിങ്ങിന്‍റെ കോപ്പി ഉൾപ്പെടുന്നുണ്ട്. ഇതിന്‍റെ ഒറിജിനൽ എവിടെയെന്ന് വ്യക്തമല്ല. ഇതെക്കുറിച്ചുള്ള കൃത്യമായ രേഖകളുമില്ല. എന്നാൽ, 1890 കാലഘട്ടത്തിൽ വരച്ചതാണെന്നതിന്‍റെ സൂചനകളുണ്ട്.

ഈ ചിത്രത്തിൽ വാമനൻ മഹാബലിയുടെ തലയിൽ ചവിട്ടി നിൽക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിലും മഹാബലിക്ക് കുടവയറില്ല എന്നത് ശ്രദ്ധേയം.

സമൃ‌ദ്ധമായ വർണക്കൂട്ടുകൾ രവി വർമ ചിത്രങ്ങളുടെ പ്രത്യേകതയാണ്. അദ്ദേഹത്തിന്‍റേത് എന്ന പേരിൽ പ്രചരിക്കുന്ന വ്യാജ ചിത്രത്തിൽ ഇതു കാണാനാവില്ല. ത്രിമാന സ്വഭാവം തീരെ കുറഞ്ഞ പ്ലെയിനായ ഒരു മഹാബലിയെയാണ് രവി വർമയുടേത് എന്ന പേരിൽ വ്യാജമായി പ്രചരിപ്പിച്ചു വരുന്നത്.

ഒപ്പം, ഈ ഡ്യൂപ്ലികേറ്റ് ചിത്രത്തിൽ മഹാബലി ഓലക്കുട പിടിച്ചിട്ടുണ്ട് എന്നത് 'വസ്തുതാപരമായ' പിശകാണ്. ഓലക്കുടയും മെതിയടിയുമെല്ലാം യഥാർഥത്തിൽ വാമനന്‍ ഉപയോഗിച്ചിരുന്നു എന്നു പറയുന്ന വസ്തുക്കളാണ്, മഹാബലിയുടേതല്ല. പുരാണങ്ങളിൽ വ്യക്തമായ ഈ വിശദീകരണങ്ങൾ തെറ്റിച്ചു വരയ്ക്കണമെങ്കിൽ അതൊരിക്കലും രവിവർമയാകാൻ വഴിയില്ല, മറിച്ച് ഏതോ തൃക്കാക്കരയപ്പൻ മഹബാലിയാണെന്നു ധരിച്ചു വച്ചിരിക്കുന്ന ഏതോ അൽപ്പജ്ഞാനിയാണെന്നേ കരുതാൻ നിർവാഹമുള്ളൂ.

logo
Metro Vaartha
www.metrovaartha.com