
റെയ്ൽവേയുടെ ഓണം സ്‌പെഷ്യൽ വിനോദയാത്ര പ്രഖ്യാപിച്ചു
File
കൊച്ചി: ഇന്ത്യൻ റെയിൽവേയുടെ ഓണം സ്‌പെഷ്യൽ വിനോദയാത്ര ഓഗസ്റ്റ് 28ന് ആരംഭിക്കും. കോറമാണ്ടൽ തീരം വഴിയുള്ള 11 ദിവസം നീളുന്ന യാത്ര അരക്കുതാഴ്‌വര, സുന്ദർബൻസ്, കൊൽക്കത്ത, ഭുവനേശ്വർ, ബോറ ഗുഹകൾ, വിശാഖപട്ടണം, കൊണാർക്ക് എന്നിവിടങ്ങൾ സന്ദർശിക്കും.
ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടായ സുന്ദർബൻസിലാണ് രാത്രി താമസം. കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ബുക്കിങ് ആരംഭിച്ചു. യാത്രക്കാർക്കായി ഓണസദ്യയും ഓണാഘോഷവും ഒരുക്കിയിട്ടുണ്ട്.
പിഎ സിസ്റ്റംസ് ഓൺബോർഡ്, കോച്ച് സെക്യൂരിറ്റിയും ടൂർ മാനേജർമാർ, യാത്രാ ഇൻഷുറൻസ്, ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദർശനം, വാഹനസൗകര്യങ്ങൾ, അൺലിമിറ്റഡ് ദക്ഷിണേന്ത്യൻ ഭക്ഷണം എന്നിവയുൾപ്പെടെയാണ് പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ യാത്ര. യാത്രക്കാർക്ക് എൽടിസി/എൽഎഫ്‌സി സൗകര്യവും ലഭിക്കും.
ഇന്ത്യൻ റെയിൽവേയുടെ 33% സബ്‌സിഡിയോടെയാണ് ഈ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. സ്ലീപ്പർ ക്ലാസിന് 26,700 രൂപയിൽ ആരംഭിക്കുന്ന പാക്കേജിൽ തേർഡ് എസി ജനതയ്ക്ക് 29,800 രൂപയാണ്. തേർഡ് എസിക്ക് 36,700 രൂപ, സെക്കൻഡ് എസിക്ക് 44,600 രൂപ, ഫസ്റ്റ് ക്ലാസ് എസിക്ക് 50,400 രൂപ എന്നിങ്ങനെയാണ് നിരക്ക്.